Sections

ടെക്‌നോപാർക്കിൻറെ മൈക്രോ ടൗൺഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചു

Monday, Sep 21, 2026
Reported By Admin
Technopark Invites Co-Developers for QUAD IT Building

  • കെട്ടിടം ഉയരുന്നത് ടെക്നോപാർക്ക് ഫേസ് 4-ൽ (ടെക്നോസിറ്റി)

തിരുവനന്തപുരം: ടെക്നോപാർക്ക് ഐടി മൈക്രോ ടൗൺഷിപ്പ് പദ്ധതിയായ 'ക്വാഡ്' ലെ രണ്ടാമത്തെ ഐടി കെട്ടിടത്തിൻറെ നിർമ്മാണത്തിനും നടത്തിപ്പിനുമായി സഹ-ഡെവലപ്പർമാരിൽ നിന്ന് ടെക്നോപാർക്ക് നിർദ്ദേശ ക്ഷണപത്രം ക്ഷണിച്ചു. പള്ളിപ്പുറത്തിന് സമീപമാണ് പദ്ധതി പ്രദേശം.

ഫേസ് 4-ൽ (ടെക്നോസിറ്റി) 30 ഏക്കറിൽ സെസ് ഇതര മേഖലയിൽ സംയോജിത ഐടി ടൗൺഷിപ്പായാണ് ക്വാഡ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഐടി ടവറുകൾ, ഒരു വാണിജ്യ സമുച്ചയം, റസിഡൻഷ്യൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിൽ ടെക്നോപാർക്ക് നേരിട്ട് വികസിപ്പിക്കുന്ന ആദ്യ ഐടി കെട്ടിടത്തിൻറെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്.

നാലര ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന രണ്ടാമത്തെ ഐടി കെട്ടിടത്തിനായാണ് ഇപ്പോൾ താത്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. 30 വർഷത്തെ ദീർഘകാല പാട്ടവ്യവസ്ഥയിലായിരിക്കും കെട്ടിടം അനുവദിക്കുക. ഇത് പരമാവധി 90 വർഷം വരെ നീട്ടാവുന്നതാണ്.

കമ്പനീസ് ആക്ട് (2013) പ്രകാരം രജിസ്റ്റർ ചെയ്തതോ, പാർട്ണർഷിപ്പ് അല്ലെങ്കിൽ എൽഎൽപി വ്യവസ്ഥയിലുള്ളതോ ആയ ഐടി കോ-ഡെവലപ്പർമാർ, ബിൽഡർമാർ, ഡെവലപ്പർമാർ എന്നിവർക്ക് അപേക്ഷിക്കാം. ബഹുനില ഐടി കെട്ടിടങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, മൾട്ടി-ടെനൻറ് കെട്ടിടങ്ങൾ എന്നിവ നിർമ്മിച്ച് നടത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.

ടെക്നോപാർക്ക് രൂപീകരിക്കുന്ന പ്രത്യേക സമിതിയായിരിക്കും അപേക്ഷകരുടെ നിർദ്ദേശങ്ങളും പ്രസൻറേഷനുകളും വിലയിരുത്തുന്നത്. രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

പ്രീ-ബിഡ് യോഗം ഒക്ടോബർ 12-ന് രാവിലെ 11 മണിക്ക് ടെക്നോപാർക്ക് പാർക്ക് സെൻററിൽ നടക്കും. നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 വൈകുന്നേരം 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് https://technopark.in/announcements/381 എന്ന ലിങ്ക് സന്ദർശിക്കുക.

പ്രമുഖ ഐടി-ഐടിഇഎസ് കമ്പനികളെ ആകർഷിക്കാൻ സഹ-ഡെവലപ്പർമാർക്ക് രണ്ടാമത്തെ ഐടി കെട്ടിടം അവസരമൊരുക്കും. നിലവിൽ 540 കമ്പനികളും, 84,000-ത്തോളം പ്രൊഫഷണലുകളും, 13.075 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുമുള്ള ടെക്നോപാർക്കിന് ക്രിസിൽ എ പ്ലസ് സ്റ്റേബിൾ റേറ്റിംഗുമുണ്ട്.

ഏകദേശം 390 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ടെക്നോസിറ്റി, തിരുവനന്തപുരത്തിൻറെ അടുത്ത പ്രധാന ഐടി, ഐടിഇഎസ്, ഗ്ലോബൽ കേപബിലിറ്റി സെൻററുകൾ (ജിസിസി), ഗവേഷണ-വികസന മേഖല, ഇന്നോവേഷൻ അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയുടെ വളർച്ചാ കേന്ദ്രമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്വാഡ്, ജിസിസി ക്ലസ്റ്ററുകൾ, ഡിജിറ്റൽ സയൻസ് പാർക്ക്, എമർജിംഗ് ടെക്നോളജി ഹബ്ബ്, കേരള സ്പേസ് പാർക്ക്, സിഎഫ്എസ്എൽ എന്നിവയെല്ലാം ഇതിൻറെ ഭാഗമാണ്.

ക്വാഡ് പദ്ധതിയിലെ ആദ്യ ഐടി കെട്ടിടത്തിൻറെ നിർമ്മാണം 5.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുരോഗമിക്കുകയാണ്. മെസ്സേഴ്സ് സി.പി. കുക്രേജ ആർക്കിടെക്റ്റ്സാണ് പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടൻറ്. മെസ്സേഴ്സ് കൺസോളിഡേറ്റഡ് കൺസ്ട്രക്ഷൻ കൺസോർഷ്യം ആണ് നിർമ്മാണ ഏജൻസി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.