Sections

ഇന്ത്യൻ നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാം? ചോദ്യവുമായി സുപ്രീം കോടതി

Friday, Feb 10, 2023
Reported By admin
supreme court

സ്റ്റോക്ക് മാർക്കറ്റ് എന്നത് ഉയർന്ന മൂല്യമുള്ള നിക്ഷേപകർ മാത്രം നിക്ഷേപിക്കുന്ന സ്ഥലമല്ല


ഇന്ത്യൻ നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് മാർക്കറ്റ് റെഗുലേറ്ററോട് ആരാഞ്ഞ് സുപ്രീം കോടതി. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. അഭിഭാഷകരായ വിശാൽ തിവാരിയും എം എൽ ശർമ്മയും സമർപ്പിച്ച ഹർജിയിലാണ് വാദം.

ഓഹരി മൂല്യം ഉയർത്തിക്കാട്ടി തട്ടിപ്പ് നടത്തിയെന്നുള്ള അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം നിക്ഷേപകരക്ക് ലക്ഷക്കണക്കിന് കോടികളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് സുപ്രീം കോടതി സെബിയോട് ചോദിച്ചു. നിക്ഷേപകരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിലവിലുള്ള നിക്ഷേപ വ്യവസ്ഥയെ ശക്തിപ്പെടുത്താൻ എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ തിങ്കളാഴ്ച സമർപ്പിക്കാൻ സുപ്രീം കോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. പോരായ്മകൾ എന്താണെന്ന് വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും പരിഹാരം എന്താണെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും സുപ്രീം കോടതി സെബിയോട് പറഞ്ഞു.

സ്റ്റോക്ക് മാർക്കറ്റ് എന്നത് ഉയർന്ന മൂല്യമുള്ള നിക്ഷേപകർ മാത്രം നിക്ഷേപിക്കുന്ന സ്ഥലമല്ല. മാറുന്ന നികുതി വ്യവസ്ഥകൾ ഉപയോഗിച്ച് നിക്ഷേപം നടത്തുന്നത് മുഴുവൻ ആളുകളും ചേർന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനുവരി 24 ന് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പിന് 110 ബില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വം നടത്തിയതായി ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചു. ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.