Sections

നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് വേഗത്തില്‍ നല്‍കാനായി സപ്ലൈകോ ബാങ്കുകളുമായി കരാറില്‍ ഒപ്പിട്ടു

Friday, Sep 30, 2022
Reported By MANU KILIMANOOR

സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കണ്‍സോര്‍ഷ്യം കുറഞ്ഞ പലിശനിരക്കില്‍ നല്‍കുന്നത്
 

നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സോര്‍ഷ്യവുമായി സപ്ലൈകോ കരാറൊപ്പിട്ടു.2500 കോടിരൂപയാണ് 6.9 ശതമാനം പലിശനിരക്കില്‍ സപ്ലൈകോയ്ക്ക് വായ്പനല്‍കുക. സംഭരണവുമായി ബന്ധപ്പെട്ട് നേരത്തേയുള്ള പി.ആര്‍.എസ്. വായ്പാപദ്ധതി പ്രകാരം ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. പുതിയ കരാറിലൂടെ 21 കോടിയുടെ ബാധ്യത സപ്ലൈകോയ്ക്ക് കുറയും.സപ്ലൈകോയുടെ ജാമ്യത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പി.ആര്‍. എസ്. വായ്പയിലൂടെ നെല്ലിന്റെ വില നല്‍കുകയാണ് ചെയ്തിരുന്നത്. പിന്നീട് സപ്ലൈകോ ബാങ്കുകള്‍ക്ക് പണം നല്‍കുമ്പോള്‍ വായ്പ അടച്ചുതീര്‍ത്തതായി കണക്കാക്കും. തിരിച്ചടവ് വൈകിയാല്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയവരുടെ പട്ടികയിലാവു യും കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ കുറയുകയുംചെയ്യും.

8.5 ശതമാനത്തിനുപുറമേ തിരിച്ചടവ് മുടങ്ങുമ്പോഴുള്ള പിഴ പലിശയായ രണ്ടുശതമാനവും സപ്ലൈകോ നല്‍കേണ്ടിവന്നിരുന്നു. ഈപ്രശ്‌നങ്ങളൊക്കെ പുതിയ വായ്പയില്‍ ഒഴിവാകും. പിഴപ്പലിശയില്ല എന്ന മെച്ചവുമുണ്ട്.സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കണ്‍സോര്‍ഷ്യം കുറഞ്ഞ പലിശനിരക്കില്‍ നല്‍കുന്നത്. 0.75 ശതമാനം ഗാരന്റി കമ്മിഷന്‍ സപ്ലൈകോ സര്‍ക്കാരിന് നല്‍കും. കണ്‍സോര്‍ഷ്യത്തെ പ്രതിനിധാനം ചെയ്ത് എസ്.ബി.ഐ. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. എസ്. പ്രേംകുമാര്‍, കാനറാ ബാങ്ക് ചീഫ് മാനേജര്‍ ജി. പ്ര ഭാകര്‍ രാജു, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സതീഷും കരാറില്‍ ഒപ്പുവെച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.