Sections

നാളികേര വികസന ബോർഡ് 'ഹലോ നാരിയൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോൾ സെന്റർ ആരംഭിച്ചു

Tuesday, Nov 14, 2023
Reported By Admin
Coconut Development Board

നാളികേര കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (FoCT) കോൾ സെന്ററായ 'ഹലോ നാരിയൽ നാളികേര വികസന ബോർഡ് പ്രവർത്തനം ആരംഭിച്ചു. നവംബർ ആദ്യവാരം കൊച്ചിയിൽ നടന്ന ഹോർട്ടികൾച്ചർ മേഖലാ ശിൽപശാല വേദിയിൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ) ശ്രീ പ്രിയ രഞ്ജൻ; ഹോർട്ടികൾച്ചർ കമ്മീഷണറും നാളികേര വികസന ബോർഡ് സിഇഒ ഡോ. പ്രഭാത് കുമാർ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ഡയറക്ടർ ഡോ. എസ്. കെ. സിംഗ്; സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ. കെ. ബി. ഹെബ്ബാർ എന്നിവരുടെ സാന്നിധ്യത്തിൽ, കൃഷി, കർഷക ക്ഷേമ മന്ത്രാലയം ഹോർട്ടികൾച്ചർ അഡൈ്വസർ ഡോ. സി. എഫ്. ജോസഫ് ഹലോ നാരിയൽ FoCT കോൾ സെന്റർ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെവിടെയുമുള്ള കേര കർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോൾ സെന്റർ സ്ഥാപിക്കുന്നതിലൂടെ ബോർഡ് ലക്ഷ്യമാക്കുന്നത്. ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോൾ സെന്ററിന്റെ പ്രവർത്തനം. കേരളത്തിന് പുറമെ പരമ്പരാഗത കേരോത്പാദക സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, ആന്ധ്രാപ്രദേശിലും, കർണ്ണാടകത്തിലും സമാന്തരമായി കോൾ സെന്റർ ആരംഭിക്കും. ഇതുവരെ 1924 ചങ്ങാതിമാരാണ് കോൾ സെന്ററിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടു ള്ളത്. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുക.

ന്യായമായ വേതനത്തിന് വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം. കേര കോൾ സെന്ററിന്റെ പ്രവർത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും, കേര കർഷകരെയും കർഷക കൂട്ടായ്മകളെയും, നാളികേര സംരംഭകരേയും, കൃഷി വകുപ്പുദ്യോഗസ്ഥരെയും, കേരമേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോർത്തിണക്കി മേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2377266 (Extn: 137) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഇതിനുപുറമെ കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള മറ്റു ചങ്ങാതിമാർക്കും കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.