Sections

സൈനിക സ്‌കൂള്‍ പ്രവേശനത്തിനായി നവംബര്‍ 30 വരെ അപേക്ഷിക്കാം

Thursday, Nov 24, 2022
Reported By MANU KILIMANOOR

ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ (AISSEE) - 2023 2023 ജനുവരി 08-ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തും
 

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.  ആറാം ക്ലാസ്സിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും,  ഒമ്പതാം ക്ലാസ്സിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.  ആറാം ക്ലാസില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ 80 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും,  ഒന്‍പതാം ക്ലാസില്‍ 17 ഒഴിവുകളുമാണ്. ആറാം ക്ലാസിലെ പ്രായപരിധി 31.03.2023-ല്‍ 10 വയസ്സിനും 12 വയസ്സിനുമിടയിലും ഒമ്പതാം ക്ലാസിലേക്ക് 13 നും 15 നും ഇടയിലുമാണ്. ഒന്‍പതാം ക്ലാസിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം.  പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനം ആറാം ക്ലാസിലേക്ക് മാത്രമാണ്. അംഗീകൃത പുതിയ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദമാക്കിയിട്ടുണ്ട്.

ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ (AISSEE) - 2023 2023 ജനുവരി 08-ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 നവംബര്‍ 2022 ആണ് (വൈകിട്ട് 5 മണി വരെ).  പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് AISSEE 2023-ന്റെ വിശദമായ വിവര ബുള്ളറ്റിന്‍ വായിക്കുകയും https://aissee.nta.nic.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുകയും ചെയ്യാം.  പരീക്ഷയുടെ സ്‌കീം/കാലയളവ്/സിലബസ്, സൈനിക് സ്‌കൂളുകള്‍/പുതിയ സൈനിക് സ്‌കൂളുകള്‍ എന്നിവയുടെ ലിസ്റ്റ്, സീറ്റുകളുടെ സംവരണം, പരീക്ഷാ നഗരങ്ങള്‍, വിജയിക്കുന്നതിനുള്ള ആവശ്യകതകള്‍, പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികള്‍ തുടങ്ങിയവ www.nta.ac.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്. പരീക്ഷാ ഫീസ് പേയ്മെന്റ് ഗേറ്റ്വേ വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ഓണ്‍ലൈനായി അടയ്ക്കേണ്ടതുണ്ട്.  പരീക്ഷാ ഫീസ് ജനറല്‍/ഒബിസി(എന്‍സിഎല്‍)/ഡിഫന്‍സ്/മുന്‍ സൈനികര്‍ക്ക് 650 രൂപയും എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ്.

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം.  പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി സ്‌കൂള്‍ ഏതെങ്കിലും വ്യക്തിയെയോ/സംഘടനയെയോ/സ്ഥാപനത്തെയോ നിയോഗിച്ചിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.