- Trending Now:
തിരുവനന്തപുരം: വിദ്യാർഥികൾക്കായി വിദ്യാർഥികളുടെ നേതൃത്വത്തിലും ധനസഹായത്തിലും തയ്യാറാക്കിയ റോബോട്ടിക്സ് എഐ ലാബ് പ്രവർത്തനസജ്ജം. വർക്കല ചെറുന്നിയൂർ മാർത്തോമ സെൻട്രൽ സ്കൂളിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് സ്ഥാപിച്ചിട്ടുള്ളത്. യുഎഇയിൽ നിന്നുള്ള ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർഥികളാണ് ആശയത്തിനു പിന്നിൽ.
പൂർണമായും വിദ്യാർഥികൾ നിർമ്മിച്ചതും വിദ്യാർഥികൾക്ക് വേണ്ടിയുള്ളതുമായ റോബോട്ടിക്സ് എഐ ആൻഡ് ഇന്നൊവേഷൻ ലാബ് (ആർഎഐഎൽ) ഇന്ത്യയിലെ പിന്നാക്ക മേഖലകളിലുള്ള സ്കൂളുകളിലാണ് ലഭ്യമാക്കുന്നത്. ഈ പരിപാടിയിൽ ഉൾപ്പെടുത്തി രാജ്യത്ത് നിർമ്മിക്കുന്ന ഏഴാമത്തെ റോബോട്ടിക്സ് എഐ ലാബാണ് വർക്കലയിലേത്.
ആർഎഐഎൽ പ്രോജക്റ്റ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റോബോട്ടിക്സ്, എ.ഐ പരിശീലന സ്ഥാപനമായ യുണീക്ക് വേൾഡ് റോബോട്ടിക്സിന്റെ ഒരു സംരംഭമാണ്. കുട്ടികളിൽ റോബോട്ടിക്സ്, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഭാവി സാങ്കേതിക കഴിവുകൾ വളർത്തിയെടുക്കുകയാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.
യുണീക്ക് വേൾഡ് റോബോട്ടിക്സിന്റെ സഹായത്തോടെ യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കൂട്ടായ്മയാണ് ലാബ് നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും നേതൃത്വം നൽകുന്നത്. 2022-ൽ ചെറുന്നിയൂർ മാർത്തോമ സ്കൂളിൽ ഇവർ സ്ഥാപിച്ച ആദ്യത്തെ ലാബ് നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പൂർണമായും നവീകരിച്ചാണ് വീണ്ടും തുറന്നത്.
നിർമിത ബുദ്ധിയുടെ സാധ്യതകൾ പ്രൈമറി തലം മുതൽ വിദ്യാർഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ലാബ് സ്ഥാപിക്കുന്നതെന്ന് യുണീക്ക് വേൾഡ് റോബോട്ടിക്സ് ഫൗണ്ടറും സിഇഒയുമായ ബൻസൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.പറഞ്ഞു. റോബോട്ടിക്സ് എഐ ലാബ് രൂപകൽപ്പന ചെയ്യാനും പഠിപ്പിക്കാനും ഉൾപ്രദേശത്തെ സ്കൂളുകൾ തെരഞ്ഞെടുക്കാമെന്നാണ് തീരുമാനിച്ചത്. വിദ്യാർഥികൾ നേരിട്ട് മറ്റ് വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന ഈ ആശയത്തിന് ഇന്ത്യയിൽ മുൻമാതൃകകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ 20 മുതൽ 26 വരെ യുഎഇയിൽ നിന്നുള്ള വിദ്യാർഥികൾ മാർത്തോമാ സെൻട്രൽ സ്കൂളിൽ 'ഫ്യൂച്ചർ റെഡി യാത്ര' എന്ന പരിപാടിയിലൂടെ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരികയാണ്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. കൂടുതൽ നൂതനമായ കിറ്റുകളും പുതുക്കിയ അടിസ്ഥാന സൗകര്യങ്ങളുമായി പൂർണമായി നവീകരിച്ച ലാബ് ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
നിഖിലേഷ് കക്കർ (ദുബായ് ഇന്റർനാഷണൽ അക്കാദമി, അൽ ബർഷ), ശൗര്യ ചൗധരി (ജുമൈറ കോളേജ്), ആദിത്യ ആനന്ദ് (ജെംസ് ന്യൂ മില്ലേനിയം സ്കൂൾ, അൽ ഖൈൽ), കൃതിൻ സത്യ (ദുബായ് കോളേജ്), ആർണവ് ഭാർഗവ (ജെംസ് മോഡേൺ അക്കാദമി), മുഹമ്മദ് മിഫ്സൽ മഹറൂഫ് (ജെംസ് ന്യൂ മില്ലേനിയം സ്കൂൾ), ചാനുക്യ ടെകേതി (പേൾ വിസ്ഡം സ്കൂൾ), ശ്യോൺ സേബിൾ (ദുബായ് ഇന്റർനാഷണൽ അക്കാദമി എമിറേറ്റ്സ് ഹിൽസ്), പ്രണവ് പ്രവീൺ നായർ (ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബായ്), സന കൗശിക് (പ്രിസ്റ്റൈൻ പ്രൈവറ്റ് സ്കൂൾ, ദുബായ്) എന്നീ വിദ്യാർഥികളാണ് പരിശീലക സംഘത്തിലുള്ളത്.
ചെറുന്നിയൂരിൽ ആദ്യ ലാബ് സ്ഥാപിച്ചതിന് ശേഷം നാല് വർഷത്തിനിടയിൽ ഇന്ത്യയിൽ മറ്റ് പല സ്കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ചെറുന്നിയൂരിലേതും കണ്ണൂർ മാലൂരിലെ പനമ്പറ്റ ന്യൂ യുപി സ്കൂളിലേതും ഉൾപ്പെടെ ഈ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളം പൂർത്തിയായ ഏഴ് ആർഎഐഎൽ ലാബുകളാണുള്ളത്.
റോബോട്ടിക്സ്, എഐ വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത സ്കൂളിന്റെ സ്ഥലം, സാമ്പത്തികസ്ഥിതി, പ്രചാരം എന്നിവയെ ആശ്രയിച്ച് മാത്രമായിരിക്കരുതെന്ന് യുഎഇയിൽ നിന്നുള്ള വിദ്യാർഥികൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ സ്ഥലങ്ങളിലെ വിടവ് നികത്താൻ വിദ്യാർഥികളിലൂടെയും സാധിക്കുമെന്ന് ഈ പരിപാടി തെളിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
നിർമിത ബുദ്ധി, റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നീ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനവും ഗവേഷണവും നൽകാനായി രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന പഠനകേന്ദ്രങ്ങളാണ് എഐ റോബോട്ടിക്സ് എഐ ആൻഡ് ഇന്നൊവേഷൻ ലാബുകൾ. വിദ്യാർഥികൾക്കും ഗവേഷകർക്കും സാങ്കേതിക വിദ്യകൾ എളുപ്പത്തിൽ മനസ്സിലാക്കാനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും ഇത്തരം ലാബുകൾ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബൻസൻ തോമസ്- 6282887669, അനു കാർത്തിക്-9633350153.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.