Sections

സംസ്ഥാനത്ത് അരി വില വര്‍ധനവ് തടയാന്‍ ശക്തമായ നടപടി

Friday, Nov 04, 2022
Reported By admin
rice

വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും

 

സംസ്ഥാനത്ത് അരി വില വര്‍ദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടര്‍മാരുടേയും, ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും, ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ മാത്രമായി വില വര്‍ദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

റേഷന്‍ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതല്‍ അരി റേഷന്‍ കാര്‍ഡുടമകള്‍ക്ക് എത്തിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു. വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. 

ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളില്‍ കൃത്യമായ അവലോകന യോഗം നടത്തി സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ സെക്രട്ടറി അലി അസ്ഗര്‍ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ഡി. സജിത് ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ജോണ്‍ സാമുവല്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസഥര്‍ എന്നിവര്‍ പങ്കെടുത്തു.

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉള്‍പ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കള്‍ ആന്ധ്ര പ്രദേശില്‍ നിന്നും വാങ്ങുന്നതിന് ധാരണയായി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലും ആന്ധ്ര പ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയിലായത്.

പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങള്‍ ആവശ്യകതയനുസരിച്ച് മിതമായ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ തയ്യാറാണ് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ ജയ അരി ഉള്‍പ്പെടെയുള്ള വിവിധ ഇനം അരി വറ്റല്‍ മുളക്, പിരിയന്‍ മുളക്, മല്ലി, കടല, വന്‍പയര്‍ എന്നീ ആറ് ഇനം സാധനങ്ങള്‍ ആന്ധ്ര പ്രദേശില്‍ നിന്നും വാങ്ങാന്‍ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങള്‍ ഡിസംബറോടെ കേരളത്തില്‍ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.