Sections

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോൾ/ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കുന്നു

Tuesday, Jun 20, 2023
Reported By Admin
petrol diesel vehicles

ഇന്ത്യയിൽ ഉയർന്നുവരുന്ന വായു മലിനീകരണം കണക്കിലെടുത്ത് ഫോസിൽ (പെട്രോൾ ഡീസൽ) ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട്.

എന്നാൽ, ഇക്കാര്യത്തിൽ ചണ്ഡീഗഡ് സർക്കാർ ഒരുപടികൂടി കടന്ന് ചണ്ഡീഗഡിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ജൂലായ് മാസത്തോടെയും പെട്രോൾ-ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഡിസംബർ മാസത്തോടെയും അവസാനിപ്പിക്കുമെന്നാണ് സൂചന. ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന പോളിസി അനുസരിച്ചാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

2022- സെപ്റ്റംബറിലാണ് ചണ്ഡീഗഡ് അഡിമിനിസ്ട്രേഷന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആൻഡ് റിന്യൂവബിൾ എനർജി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന നാലുചക്ര വാഹനങ്ങളിൽ പത്ത് ശതമാനവും ഇരുചക്ര വാഹനങ്ങളിൽ 35 ശതമാനവും കുറയ്ക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യം. അതേസമയം, 2023-24 സാമ്ബത്തിക വർഷത്തിൽ നാലുചക്ര വാഹനങ്ങളിൽ 20 ശതമാനവും ഇരുചക്ര വാഹനങ്ങളിൽ 70 ശതമാനവും കുറയ്ക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഇത് ഉറപ്പാക്കുന്നതിനായി ഈ വർഷം 6202 ഫോസിൽ ഇന്ധന ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂവെന്നാണ് വിവരം. ഇതിനോടകം തന്നെ 4032 ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ജൂലായ് മാസത്തോടെ ഇത് പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. നാലുചക്ര വാഹനങ്ങളുടെ കാര്യം പരിശോധിച്ചാൽ ഈ വർഷം 22,626 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നൽകിയിട്ടുണ്ട്. ഇതിനോടകം 2685 വാഹനങ്ങൾ മാത്രമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഇതിനാലാണ് ഡിസംബർ വരെ സമയം അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

2024-ഓടെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും അവസാനിപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. നാലുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടംഘട്ടമായി കുറച്ച് കൊണ്ടുവരാനാണ് പദ്ധതി. അനുവദിച്ചിട്ടുള്ള എണ്ണം പൂർത്തിയായാൽ നോൺ ഇലക്ട്രിക് ടൂ വീലറുകളുടെയും ഫോർ വീലറുകളുടെയും രജിസ്ട്രേഷൻ അനുവദിക്കില്ലെന്നാണ് വാഹന രജിസ്ട്രേഷന്റെ ചുമതല വഹിക്കുന്ന ചണ്ഡീഗഢ് ട്രാൻസ്പോർട്ട് ഡയറക്ടർ അറിയിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.