Sections

നിക്ഷേപ ലോകത്തെ ഞെട്ടിച്ച് ഓഹരി വിപണിയുടെ മുന്നേറ്റം

Friday, Apr 01, 2022
Reported By admin
stock

ഒരുകാലത്തുമില്ലാത്ത രീതിയില്‍ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് ഇരച്ചുകയറി


ഓഹരി വിപണിയില്‍ അസാധാരണവും അപൂര്‍വവുമായ സംഭവവികസങ്ങളാണ് രണ്ടുവര്‍ഷത്തിനിടെയുണ്ടായത്. കോവിഡിനെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ വിപണിയിലെ പെട്ടെന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ആര്‍ക്കും പ്രവചിക്കാനായില്ല. ആഗോളതലത്തില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടി വിപണിക്ക് അനുകൂലമായി.

ഓഹരി നിക്ഷേപത്തെ തള്ളിപ്പറയുന്നവരില്‍ എന്നും മുമ്പന്തിയില്‍ നിന്നിരുന്ന മലയാളികള്‍ അതെല്ലാം മറന്ന് നേട്ടത്തിന്റെ പിന്നാലെ പാഞ്ഞു. രണ്ടുവര്‍ഷത്തിനിടെ രാജ്യത്തെ ഓഹരി ഇടപാട് അക്കൗണ്ടുകളുടെ എണ്ണം 3.6 കോടിയില്‍നിന്ന് 7.7 കോടിയായി ഉയര്‍ന്നു. ഒരുകാലത്തുമില്ലാത്ത രീതിയില്‍ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് ഇരച്ചുകയറി.

വിപണിയിലെ പഴയ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് തെളിയിച്ച മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്. കോവിഡിന്റെ തകര്‍ച്ചയില്‍നിന്ന് എന്നെങ്കിലുമൊരിക്കല്‍ വിപണി ചിറകുവിരിച്ച് ഉയരുമെന്നുമാത്രമാണ് വിശകലന വിഗദ്ധര്‍ വിലയിരുത്തിയിരുന്നത്. ഒന്നോ രണ്ടോമാസംമാത്രം നീണ്ടുനിന്ന തകര്‍ച്ചയില്‍നിന്ന് മികച്ച ഉയരങ്ങള്‍ കീഴടക്കി മുന്നേറിയതാണ് നിക്ഷേപ ലോകത്തെ ഞെട്ടിച്ചത്. ലോകംമുഴുവന്‍ അടച്ചിടല്‍ ഭീഷണി നേരിട്ടകാലത്താണിതെന്നോര്‍ക്കണം.

ഈ തന്ത്രങ്ങള്‍ പ്രയോഗിക്കാം

ഓഹരിയെയും അവയില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുക. ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും വിലയിരുത്തി അനുയോജ്യമായ പദ്ധതിയിലാണ് നിക്ഷേപം നടത്തുന്നതെന്ന് ഉറപ്പാക്കുക. റിസ്‌ക്-എന്നുകേട്ട് ഭയപ്പെട്ട് പിന്മാറുകയല്ല ചെയ്യേണ്ടത്. വിപണി അധിഷ്ഠിത പദ്ധതികളില്‍ അന്തര്‍ലീനമായിരിക്കുന്ന റിസ്‌ക് നേട്ടത്തിനുള്ള സാധ്യതകളാണ് തുറന്നുതരുന്നതെന്ന ബോധ്യമുണ്ടാകണം. അതിനെ മറികടക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

നഷ്ടത്തെ പ്രതിരോധിക്കാന്‍ എത്രത്തോളം കഴിയുമെന്ന് വിലയിരുത്തി മികച്ച ആദായം നേടാനുള്ള വഴികളിലൂടെയാകണം ഇനി യാത്ര. ഉദാഹരണത്തിന് ഒരു യാഥാസ്ഥിതിക നിക്ഷേപകനാണെങ്കില്‍, സ്മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് പിന്നാലെ പോകരുത്. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ വരുത്തിയ തെറ്റ് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും. കൂടുതല്‍ ആദായം നല്‍കിയ മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെയല്ല പോകേണ്ടത്. ഇപ്പോഴത്തെ ആദായം ഭാവിയില്‍ ആവര്‍ത്തിക്കണമെന്ന് ഒരു ഉറപ്പുമില്ലെന്നകാര്യം അറിയുക.

നിക്ഷേപിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. ഫണ്ടിന്റെ സവിശേഷത, നിക്ഷേപരീതി, ഏത് വിഭാഗം ഓഹരികളിലാണ് നിക്ഷേപം തുടങ്ങിയവ പരിശോധിച്ചാല്‍ അത്യാവശ്യ വിവരം ലഭിക്കും. പദ്ധതി യോജിച്ചതാണോയന്ന് അതിലൂടെ വിലയിരുത്താനുമാകും. മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ അടുത്തഘട്ടത്തിലേയ്ക്കു കടക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.