Sections

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ കാരണമെന്ത്?

Wednesday, Mar 30, 2022
Reported By admin
sreelanka.jpg

എത്രത്തോളം വിഷകരമായ സാഹചര്യത്തെയാണ് ജനം അഭിമുഖീകരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.


നമ്മുടെ അയല്‍രാജ്യം ഭീകരമായൊരു സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് വരുന്ന ഓരോ വാര്‍ത്തകളും ഇന്ത്യന്‍ ജനതയെ ദുഖിപ്പിക്കുന്നതാണ്. ഭക്ഷ്യ മേഖല, പെട്രോള്‍, വൈദ്യുതി തുടങ്ങിയ എല്ലാ മേഖലയെയും ക്ഷാമം ബാധിച്ചിരിക്കുകയാണ്. എത്രത്തോളം വിഷകരമായ സാഹചര്യത്തെയാണ് ജനം അഭിമുഖീകരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു.
 
കുതിച്ചുയരുന്ന പണപ്പെരുപ്പം(Inflation), ദുര്‍ബലമായ സര്‍ക്കാര്‍, വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, കോവിഡ് എന്നിവയാല്‍ തകര്‍ന്ന സമ്പദ്വ്യവസ്ഥവുമായി സമീപ ദശകങ്ങളിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ഇതെതുടര്‍ന്ന് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ മാസം മാത്രം 25% വരെ ഉയര്‍ന്നു. പഞ്ചസാര കിലോഗ്രാമിന് 290 രൂപയും 400 ഗ്രാം പാല്‍പ്പൊടിക്ക് 790 രൂപയുമാണ്. അരിയുടെ വില കിലോഗ്രാമിന് 500 രൂപയിലേക്ക് കുതിച്ചെത്തി. ഇന്ധനവില 800 ലാണ്.

ദ്വീപ് രാഷ്ട്രത്തിന് പ്രധാനമായും വരുമാനം നല്‍കുന്നത് ടൂറിസം വ്യവസായവും(tourism sector), ഫോറിന്‍ റെമിറ്റന്‍സുമാണ്. കോവിഡ് -19 മാരകമായി ബാധിച്ചതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്പദ് വ്യവസ്ഥ താറുമാറായി. രാജ്യത്തിന്റെ വിദേശ കറന്‍സി കരുതല്‍ ശേഖരം(Foreign Currency Reserve) 2020 ജനുവരി മുതല്‍ ഏകദേശം 70% ഇടിഞ്ഞ് ഫെബ്രുവരിയോടെ ഏകദേശം 2.3 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ കടബാധ്യതകളും നേരിടേണ്ടിവരുന്നു. ശ്രീലങ്കയുടെ നിലവിലെ കരുതല്‍ ശേഖരം ഏകദേശം ഒരു മാസത്തെ ചരക്ക് ഇറക്കുമതിക്ക് പണം നല്‍കാന്‍ മാത്രമേ മതിയാകൂ. വിദേശ കറന്‍സിയുടെ ക്ഷാമത്തെ തുടര്‍ന്ന് ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും പണം നല്‍കാനും രാജ്യം പാടുപെടുകയാണ്. ഈ വെല്ലുവിളികള്‍ വൈദ്യുതി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ചു. പ്രതിദിനം നാല് മണിക്കൂര്‍ മാത്രം വൈദ്യുതി എന്നതാണ് നിലവിലെ സ്ഥിതി.

ഇന്ധന സ്റ്റേഷനുകള്‍ക്ക് പുറത്ത് നീണ്ട ക്യൂ ആണ്. അച്ചടി സാമഗ്രികളുടെ കടുത്ത ക്ഷാമം പത്ര, അച്ചടി വ്യവസായങ്ങളെ പോലും ബാധിച്ചു. സ്‌കൂള്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിന് ഇടയാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം വര്‍ദ്ധിക്കുന്നത് ശ്രീലങ്കക്കാര്‍ക്കിടയില്‍ ഉത്കണ്ഠയ്ക്കും നിരാശയ്ക്കും കാരണമായിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്യുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമുയരുന്നുണ്ട്.

സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്ത് 2019ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് സാമ്പത്തിക അടിയന്തരാവസ്ഥ (Financial emergency)കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, 15%VAT പകുതിയോളം കുറയ്ക്കുമെന്നും മറ്റ് ചില നികുതികള്‍ നിര്‍ത്തലാക്കുമെന്നും രാജപക്‌സെ വാഗ്ദാനം ചെയ്തിരുന്നു.

നികുതിയിളവുകള്‍ നികുതി വരുമാനത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക് നയിച്ചു, ഇതിനകം തന്നെ കനത്ത കടബാധ്യതയിലായ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. രാജ്യത്തിന്റെ മൊത്തം സാമ്പത്തികവരുമാനത്തിന്റെ(Financial income) 12% നല്‍കുന്ന ടൂറിസം മേഖലയ്ക്ക് വലിയ പ്രഹരമേല്പിച്ച് പിന്നീട് കോവിഡ് വന്നു. കോവിഡിന് മുമ്പ് തന്നെ സുസ്ഥിരമല്ലാത്ത പാതയിലായിരുന്ന ശ്രീലങ്കയുടെ പൊതു കടം. 2019 ലെ 94% ല്‍ നിന്ന് 2021 ല്‍ ജിഡിപിയുടെ 119% ആയി ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു.

content summary: What is the reason behind Sri Lanka's economic crisis?


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.