Sections

രചനയുടെ മനോഹാരിതയ്‌ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയിൽ

Saturday, Feb 07, 2026
Reported By Admin
Sujith S N’s Artwork at Kochi-Muziris Biennale Explores History

കൊച്ചി: സൂക്ഷ്മമായ രചനാ രീതികളും നിറങ്ങളുമാണ് ഒറ്റ നോട്ടത്തിൽ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ള സുജിത് എസ് എന്നിന്റെ കലാ സൃഷ്ടിയിൽ ശ്രദ്ധയിൽ പെടുന്നത്. എന്നാൽ രചനാ ഭംഗിയ്ക്കൊപ്പം തന്നെ ആഴത്തിലുള്ള ചിന്തയ്ക്കും അവസരമൊരുക്കുന്നതാണ് മട്ടാഞ്ചേരി ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിലെ സ്പേസ് ഗാലറിയിൽ ഒരുക്കിയിരിക്കുന്ന ഈ കലാസൃഷ്ടി.

ഗാലറിയിലേക്ക് നടന്നു കയറുമ്പോൾ തന്നെ ചുവപ്പും മഞ്ഞയും ഓറഞ്ചും കറുപ്പും കലർന്ന അസ്തമയ ശോഭയുള്ള നിറങ്ങൾ നമ്മെ ആകർഷിക്കും. തിരമാലകൾ പോലെ തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങളിലേക്ക് അടുക്കുമ്പോൾ പുതിയ ദൃശ്യങ്ങൾ തെളിഞ്ഞു വരുന്നത് കാണാം. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ ചിത്രങ്ങളിലൂടെ കാണികളെ മായാലോകത്തേക്ക് നയിക്കുന്നു.

പഴയകാല സ്മരണകളും ചരിത്രത്തിന്റെ ശേഷിപ്പുകളും ഓരോ അടരുകളിലായി ചിത്രത്തിൽ കാണാം. വലിയൊരു ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ തകർന്ന വീടുകൾ, കിണറുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കൊപ്പം പ്രത്യാശയുടെ അടയാളമായി തിളങ്ങുന്ന സൂര്യനും ഈ ചിത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

ഓരോ യുഗത്തിലെയും അസ്തമയങ്ങളും ഉദയങ്ങളും ചരിത്രം മാറ്റിയെഴുതപ്പെട്ട രീതികളും സൃഷ്ടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. യുദ്ധങ്ങളും വിനാശങ്ങളും ഖനനങ്ങളും എല്ലാം ചേർന്ന മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ കാഴ്ചപ്പാടുകളെ ചിത്രങ്ങൾ ചോദ്യം ചെയ്യുന്നു. ചിത്രത്തിന്റെ നടുവിലായി പാതാളത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന കറുത്ത കുഴി പട്ടണത്തെ ഖനനത്തെയോ, വയനാട്ടിലെ ദുരന്തത്തെയോ അല്ലെങ്കിൽ യുദ്ധഭൂമികളെയോ ഓർമ്മിപ്പിക്കുന്നു. അബോധമനസ്സും ബോധമനസ്സും തമ്മിലുള്ള ബന്ധമാണ് തന്റെ ചിത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതെന്ന് സുജിത്ത് വ്യക്തമാക്കി.

'ഗേറ്റ് ടു ദ ബൊട്ടാണിക്കൽ ഗാർഡൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങൾ പതിനേഴാം നൂറ്റാണ്ടിലെ പ്രസിദ്ധമായ 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥത്തെ അടയാളപ്പെടുത്തുന്നു. ഡച്ച് ഗവർണർ ഹെൻട്രിക് വാൻ റീഡ് ഇട്ടി അച്ചുതൻ വൈദ്യരുടെയും മറ്റു ഭിഷഗ്വരന്മാരുടെയും സഹായത്തോടെ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം നടത്തിയ കാലഘട്ടത്തിലേക്ക് സൃഷ്ടി നമ്മെ കൊണ്ടുപോകുന്നത്. കാടിന്റെ വന്യതയും പ്രകൃതിയിലെ ഔഷധസമ്പത്തും ഈ ചിത്രങ്ങളിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ആഴ്സനിക് ഗ്രീൻ എന്ന സവിശേഷമായ നിറമാണ് പ്രകൃതിയെ വരച്ചുകാട്ടാൻ സുജിത്ത് ഉപയോഗിച്ചിരിക്കുന്നത്.

മറ്റൊരു ഭാഗത്ത് തെങ്ങിൻ തോപ്പുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന വീട്, കതിരിട്ട നെൽവയലുകളിലെ വെള്ളത്തിലൂടെ നീങ്ങുന്ന തോണി എന്നിവ പോയകാലത്തെ കൃഷിരീതികളും പ്രകൃതിയുമായി മനുഷ്യനുണ്ടായിരുന്ന ആത്മബന്ധവം സുജിത്ത് വരച്ചു കാട്ടുന്നു. ഈ പച്ചപ്പിനിടയിലും വനനശീകരണത്തെയും പ്രകൃതി ചൂഷണത്തെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ ഒളിഞ്ഞുകിടപ്പുണ്ട്. വെറുമൊരു കാഴ്ച എന്നതിലുപരി കാണുന്നവർക്ക് സ്വന്തം നിലയിൽ വ്യാഖ്യാനിക്കാമെന്നുമാണ് സുജിത്തിന്റെ പക്ഷം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.