Sections

രാജ്യത്തുടനീളം സ്‌കില്‍ ഹബുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Monday, Mar 28, 2022
Reported By admin
hub

നൈപുണ്യ വികസനത്തിനായി വിവിധ സ്‌കീമുകളും പദ്ധതികളുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്


സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള മാറ്റങ്ങള്‍ക്കൊപ്പം തന്നെ തൊഴില്‍ രംഗത്തും സമൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. ക്ലാസ്മുറികളില്‍ ഒതുങ്ങുന്ന പഠനം കൊണ്ട് മാത്രം ദിനംപ്രതി സാങ്കേതികമായി വികസിക്കുന്ന ആധുനികലോകത്ത് നിലനില്‍ക്കുക എളുപ്പവുമല്ല. അതുകൊണ്ടുതന്നെ പഠനത്തിനൊപ്പം തന്നെ ഏതെങ്കിലുമൊക്കെ സ്‌കിലുകള്‍ വളര്‍ത്തിയെടുക്കുകയെന്നതും ഇന്ന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നൈപുണ്യ വികസനത്തിനായി വിവിധ സ്‌കീമുകളും പദ്ധതികളുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ഇതിനായി സ്‌കില്‍ ഇന്ത്യ (skill india) എന്ന ഒരാശയം തന്നെ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇന്ത്യയെ ലോകത്തിന്റെ തന്നെ സ്‌ക്കില്‍ ക്യാപ്പിറ്റലായി(skill capital) മാറ്റുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

സ്‌കില്‍ ഹബുകള്‍ (Skill Hub)

തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കില്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നത്. രാജ്യത്തങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡ്രോപ്പൗട്ടുകള്‍ക്കും, തൊഴില്‍ തേടുന്നവര്‍ക്കും സമഗ്രമായ നൈപുണ്യവും തൊഴിലധിഷ്ഠിത പരിശീലനവും നല്‍കുന്നതിനായി ഇന്ത്യയിലുടനീളം നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ആദ്യ ഘട്ടത്തില്‍ അത്തരം 5,000 സ്‌കില്‍ ഹബ്ബുകളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും സ്‌കില്‍ ഇന്ത്യ സംരംഭത്തിന്റെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് നൈപുണ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്ന്‌നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്ത്രീപങ്കാളിത്തം 

കോവിഡ് പൊതുവായി തൊഴില്‍രംഗത്തെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്. ഇത് ഒരുപരിധിവരെ ലേബര്‍ഫോഴ്‌സിലെ സ്ത്രീ പങ്കാളിത്തത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ രംഗത്ത് നിന്നും സ്ത്രീകളുടെ പിന്നോട്ടുപോക്കിന്റെ കാരണം അത് മാത്രമല്ല.എന്നാല്‍ അതേസമയം തന്നെ, പല മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഉദാഹരണത്തിന്, ഐടി,ടെക്‌നോളജി സെക്ടറുകളില്‍ സ്ത്രീ പങ്കാളിത്തം 44-45 ശതമാനം കവിഞ്ഞു.നൈപുണ്യം അടിസ്ഥാനമാക്കിയുള്ള മേഖലകളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ക്രിയാത്മകമായ മാറ്റങ്ങളിലൊന്നായി തന്നെ വിലയിരുത്തേണ്ടതുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.