Sections

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്

Saturday, Feb 07, 2026
Reported By Admin
Writing Is an Act of Power: Sara Joseph at Kochi Biennale

കൊച്ചി: എഴുത്തെന്നത് ഒരു തരത്തിൽ അധികാരപ്രയോഗമാണെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന 'ഷോർട്ട് സ്റ്റോറീസ്, ലോങ്ങ് ഷാഡോസ്: കണ്ടംപററി മലയാളം വോയ്സസ്' എന്ന മൂന്ന് ദിവസത്തെ സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരി സംഗീത ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സാഹിത്യ രൂപങ്ങൾ, ഭാഷ, ആഖ്യാനത്തിലെ കൃത്യത എന്നിവയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് രണ്ടാം ദിനത്തിൽ നടന്നത്. മാറിവരുന്ന സാഹിത്യരീതികൾ സർഗാത്മക പ്രക്രിയ, സമകാലിക എഴുത്തിനെ രൂപപ്പെടുത്തുന്ന സാമൂഹിക ചുറ്റുപാടുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും സംസാരിച്ചത്.

തന്റെ കഥകൾ പലപ്പോഴും ഒരു ദൃശ്യത്തിൽ നിന്നോ മാനസികമായ ഒരു 'ഫ്രെയിമിൽ' നിന്നോ ആണ് ഉത്ഭവിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. 'തൂങ്ങിക്കിടക്കുന്ന ജാലകം' എന്ന കഥ ജനൽ തൂങ്ങിക്കിടക്കുന്ന ഒരു കാഴ്ചയിൽ നിന്നും 'അമരവള്ളി' എന്ന കഥ ചെറിയ വീടിന്റെ മുറ്റത്ത് പൂത്തുനിൽക്കുന്ന അമരവള്ളി ചെടിയുടെ കാഴ്ചയിൽ നിന്നുമാണ് ഉണ്ടായതെന്ന് അവർ വിശദീകരിച്ചു. എഴുത്ത് എന്നത് അടിസ്ഥാനപരമായി അധികാരപ്രയോഗമാണെന്നും, ആ അധികാരം പുരുഷന്മാരുടെ കൈകളിലാകുമ്പോൾ സ്ത്രീകൾക്ക് തങ്ങളുടേതായ ചെറിയ ഇടങ്ങൾക്കായി തുടക്കം മുതൽക്കേ പോരാടേണ്ടി വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ചെറുകഥകളെ കലാപ്രതിഷ്ഠയോടാണ് സംഗീത ശ്രീനിവാസൻ ഉപമിച്ചത്. നോവൽ ജീവിതത്തിന്റെ മുഴുവൻ ചരിത്രം നൽകുമ്പോൾ ചെറുകഥകൾ ജീവിതത്തിന്റെ ഒരു പ്രത്യേക നിമിഷത്തെയോ ഭാഗത്തെയോ മാത്രമാണ് പകർത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

തുടർന്ന് നടന്ന 'രൂപം, ഭാഷ, കൃത്യത' എന്ന പാനൽ ചർച്ചയിൽ എം. നന്ദകുമാർ, ആർ. ശ്യാംകൃഷ്ണൻ, ആഷ് അഷിത എന്നിവർ പങ്കെടുത്തു. ചർച്ചയിൽ പ്രിയ കെ. നായർ മോഡറേറ്ററായി. സമകാലിക വായനക്കാർക്ക് പഴയകാല സാഹിത്യവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന് ആഷ് അഷിത ചൂണ്ടിക്കാട്ടി. മുപ്പത് വർഷം മുമ്പുള്ള ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഇന്നത്തെ തലമുറയുടെ ജീവിതാനുഭവങ്ങളുമായി ഒത്തുപോകുന്നില്ല. അതിനാൽ എഴുത്തുകാർ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യണമെന്നും അവർ പറഞ്ഞു. ദൃശ്യങ്ങൾ പ്രധാനമാണെങ്കിലും ഒരു കഥ വായനക്കാരനെ വൈകാരികമായി സ്പർശിക്കണമെന്ന് ആർ. ശ്യാംകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ആശയത്തിന്റെ ചുറ്റുപാടുകളിൽ നിന്നാണ് കഥകൾ രൂപപ്പെടുന്നതെന്ന് എം. നന്ദകുമാർ പറഞ്ഞു. പ്രകടിപ്പിക്കാൻ കഴിയാത്തതിനെ തേടിയുള്ള എഴുത്തുകാരന്റെ ആവർത്തിച്ചുള്ള ശ്രമമാണ് എഴുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.