Sections

പൊതുമേഖല സ്വകാര്യവത്കരണത്തിനുള്ള ലേലത്തില്‍ സംസ്ഥാനങ്ങള്‍ പങ്കെടുക്കരുതെന്ന് കേന്ദ്രം

Friday, Apr 22, 2022
Reported By Admin

തന്ത്രപരമായ ഓഹരി വിറ്റഴിക്കലിലോ സ്വകാര്യവല്‍ക്കരണത്തിലോ പങ്കെടുക്കരുത് എന്നാണ് നിര്‍ദ്ദേശം

 

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന ലേലങ്ങളില്‍ സംസ്ഥാനങ്ങള്‍ പങ്കെടുക്കരുതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം). കേന്ദ്ര-സംസ്ഥാന, സംയുക്ത സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ തുടങ്ങിയവ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിലോ സ്വകാര്യവല്‍ക്കരണത്തിലോ പങ്കെടുക്കരുത് എന്നാണ് നിര്‍ദ്ദേശം.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ ഇവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണം ഒരു മനേജ്‌മെന്റിന് കീഴില്‍ നിന്ന് സര്‍ക്കാരുകള്‍ക്ക് കീഴില്‍ തന്നെയുള്ള മറ്റൊന്നിലേക്ക് മാറുന്നത് കേന്ദ്ര നയങ്ങള്‍ക്ക് എതിരാണെന്നാണ് വിലയിരുത്തല്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സാന്നിധ്യം കുറച്ചുകൊണ്ടുവരുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സംസ്ഥാനത്തിനോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനോ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. കെഎസ്‌ഐഡിസി വഴി എച്ച്എല്‍എല്ലിന്റെ സംസ്ഥാനത്തിനുള്ളിലെ യൂണീറ്റുകള്‍ ഏറ്റെടുക്കാനുള്ള അപേക്ഷ കേരളം നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

സമാനമായി വിശാഖപട്ടണത്തെ ആര്‍ഐഎന്‍എല്‍ ഏറ്റെടുക്കാന്‍ ആന്ധ്രാപ്രദേശും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയോ നേരിയ ലഭാം മാത്രം ഉണ്ടാക്കുന്നവയോ ആണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലേലങ്ങളില്‍ സംസ്ഥാനങ്ങളെ പങ്കെടുപ്പിക്കേണ്ട എന്ന നിലപാട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.