- Trending Now:
ആഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് (ആഗസ്റ്റ് 24) മുതൽ കിറ്റ് വിതരണം ആരംഭിക്കും.
കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും.
ഓണ കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. നിലവിൽ ഈ രീതിയിലാണ് വിതരണത്തിനുള്ള ക്രമീകരണം. ഇതിന് കഴിയാത്തവർക്ക് സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. 62 ലക്ഷം കുടുംബങ്ങൾ ഓണത്തിനുള്ള സ്പെഷ്യൽ അരി റേഷൻ കടകളിൽ നിന്നും ഇതിനകം വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.
വിലക്കയറ്റം നിയന്ത്രിക്കാൻ സഹകരണ വിപണിക്ക് കഴിയും : മന്ത്രി വി.അബ്ദുറഹിമാൻ... Read More
ഭക്ഷ്യവിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കും. ഇതിന് പകരമായി ഓണത്തിന് ശേഷം അവധി അനുവദിക്കും. വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് ഐ ടി വകുപ്പുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിന് ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. 50% വിലക്കുറവിൽ 13 ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുകയാണ്. മൂന്ന് ദിവസം കൊണ്ട് 2 കോടി 29 ലക്ഷം രൂപയെന്നത് റെക്കോഡ് വിൽപ്പനയാണ്. ഉൽപ്പാദക സംസ്ഥാനമല്ലാതിരുന്നിട്ടും കേരളം പൊതുവിതരണ രംഗത്ത് മാതൃക തീർക്കുകയാണ്. വിൽപ്പനക്കനുസൃതമായി സ്റ്റോക്കിൽ കുറവ് വരുന്ന സാഹചര്യം അതിവേഗം പരിഹരിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. മറിച്ചുള്ള പ്രചരണങ്ങളിൽ വസ്തുതയല്ലെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു, കൗൺസിലർമാരായ ഹരികുമാർ വി, രാഖി രവികുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ. അജിത് കുമാർ എന്നിവർ സംബന്ധിച്ചു.
എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് ഇന്ന് (വ്യാഴം) മുതൽ റേഷൻ കടകൾ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാൽ കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ എത്തിച്ചേർന്നിട്ടില്ല. അതിനാൽ ആഗസ്റ്റ് 25 മുതൽ മാത്രമേ പൂർണ്ണതോതിൽ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 28 വരെ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും ഒരു എ.എ.വൈ കാർഡ് ഉടമയ്ക്കും കിറ്റ് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.