Sections

പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യ വകുപ്പ് 

Thursday, Jun 01, 2023
Reported By admin
kerala

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം


മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെ തന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എൻ. 1 എന്നിവയ്‌ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ബോധവത്ക്കരണം ശക്തമാക്കണം.

പ്രളയാനുബന്ധ പ്രശ്‌നങ്ങൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിർദേശം നൽകി. എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മണ്ണിൽ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടിൽ അകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. നിപ വൈറസ് പ്രതിരോധം ജില്ലകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.