- Trending Now:
കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026 - 27) ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു.
മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്നും 177 ബേസിസ് പോയിന്റുകൾ കുറച്ച് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.68 ശതമാനത്തിൽ നിന്നും 42 പോയിന്റുകൾ കുറച്ച് 0.26 ശതമാനത്തിലെത്തി. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻ വർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 569 പോയിന്റുകൾ വർധിച്ച് 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ പലിശ വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽ നിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 13.66 ശതമാനം ഉയർച്ചയിൽ 14,938 കോടി രൂപയാണ് ഈ വർഷം വർധിച്ചിരിക്കുന്നത്. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻ.ആർ.ഐ നിക്ഷേപം. 4139 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിങ്ങ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായി.
മൊത്ത വായ്പാ വിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽ നിന്നും 1,04,368 കോടി രൂപയായി ഉയർന്നു. 15,170 കോടി രൂപയുടെ വർധനവുണ്ടായി. മികച്ച റേറ്റിംഗുള്ള വായ്പാ അക്കൗണ്ടുകൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് വിഭാഗത്തിൽ, വായ്പാ തുക 37,110 കോടി രൂപയിൽ നിന്ന് 41,704 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ചയാണിത് രേഖപ്പെടുത്തിയത്. സ്വർണ വായ്പകൾ 17,446 കോടി രൂപയിൽ നിന്ന് 24,930 കോടി രൂപയായി. 42.90 ശതമാനമാണ് വാർഷിക വളർച്ച. 7,484 കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്. ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽ നിന്ന് 1,731 കോടി രൂപയുടെ വർധനവുണ്ടായി 14,391 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13.67 ശതമാനം വർധനവാണ് കാണിക്കുന്നത്. മോർട്ട്ഗേജ് വായ്പ 3,278 കോടി രൂപയിൽ നിന്ന് 5,856 കോടി രൂപയായി വർധിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധനവുണ്ടായി. വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 12.63 ശതമാനം വർധനവാണ് ഉണ്ടായത്. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 98.81 ശതമാനവും 'എ' യോ അതിനുമുകളിലോ റേറ്റിങ് ഉള്ള വിഭാഗത്തിൽ പെടുന്നവയാണ്.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി.ഒ.എസ്.എൽന്റെ ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.