Sections

സെമികണ്ടക്ടർ, ഇലക്ട്രോണിക്‌സ് ഘടകഭാഗ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സാമ്പത്തിക മേഖലയുമായി (SEZ) ബന്ധപ്പെട്ട പരിഷ്‌ക്കാരങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തു

Tuesday, Jun 10, 2025
Reported By Admin
India Amends SEZ Laws to Boost Semiconductor and Electronics Manufacturing

  • സെമികണ്ടക്ടർ, ഇലക്ട്രോണിക്‌സ് SEZ കൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി ആവശ്യകത 10 ഹെക്ടറായി കുറച്ചു; ബാധ്യതാ മാനദണ്ഡങ്ങൾ ലഘൂകരിച്ചു

സെമികണ്ടക്ടർ, ഇലക്ട്രോണിക്‌സ് ഘടകഭാഗ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ തനത് ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സാമ്പത്തിക മേഖലയുമായി (SEZ) ബന്ധപ്പെട്ട നിയമങ്ങൾ സർക്കാർ പരിഷ്‌ക്കരിച്ചു. സെമികണ്ടക്ടർ, ഇലക്ട്രോണിക്‌സ് ഉത്പാദനം മൂലധനാധിഷ്ഠിതവും, ഇറക്കുമതി ആശ്രിതവും, ലാഭകരമാകാൻ കൂടുതൽ കാലയളവ് ആവശ്യമുള്ളതുമാകയാൽ, വൻകിട നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നത സാങ്കേതിക മേഖലകളിലെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായാണ് നിയമ ഭേദഗതികൾ ലക്ഷ്യമിടുന്നത്.

2006 ലെ SEZ നിയമങ്ങളിലെ ചട്ടം 5 ഭേദഗതി ചെയ്തതോടെ, സെമികണ്ടക്ടർ, ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ നിർമ്മാണത്തിനു മാത്രമായി സ്ഥാപിക്കപ്പെട്ട SEZ കൾക്ക് കുറഞ്ഞത് 10 ഹെക്ടർ ഭൂമി മതിയാകും. മുമ്പത്തെ ആവശ്യകതയായ 50 ഹെക്ടറിൽ നിന്നാണ് 10 ഹെക്ടർ ആയി കുറച്ചത്. കൂടാതെ, 2006 ലെ SEZ നിയമങ്ങളിലെ ചട്ടം 7 ഭേദഗതി ചെയ്തതിലൂടെ, SEZ ഭൂമി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ അവയുടെ അംഗീകൃത ഏജൻസികൾക്കോ പണയം വയ്ക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബാധ്യതാ രഹിതമായി നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകാൻ SEZ- അംഗീകാര ബോർഡിന് സാധിക്കും.

സൗജന്യമായി സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സാധനങ്ങളുടെ മൂല്യം നെറ്റ് ഫോറിൻ എക്‌സ്‌ചേഞ്ച് (NFE) കണക്കുകളിൽ ഉൾപ്പെടുത്താനും ബാധകമായ കസ്റ്റംസ് മൂല്യനിർണ്ണയ നിയമങ്ങൾ ബാധകമാക്കി വിലയിരുത്താനും ഭേദഗതി ചെയ്ത ചട്ടം 53 അനുവദിക്കുന്നു. മാത്രമല്ല, സെമികണ്ടക്ടർ, ഇലക്ട്രോണിക്‌സ് ഘടക ഭാഗ നിർമ്മാണ മേഖലയിലെ SEZ യൂണിറ്റുകൾക്ക് ബാധകമായ തീരുവകൾ അടച്ചതിനുശേഷം ആഭ്യന്തര താരിഫ് മേഖലയിലേക്ക് ആഭ്യന്തരമായി വിതരണം ചെയ്യാൻ അനുവദിക്കുന്നതിനായി സെസ് നിയമങ്ങളിലെ ചട്ടം 8 ൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

ഭേദഗതികൾ രാജ്യത്തെ നൂതനസാങ്കേതിക നിർമ്മാണത്തെ ഉത്തേജിപ്പിക്കുകയും സെമികണ്ടക്ടർ നിർമ്മാണ ആവാസവ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ഉന്നത വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഈ ഭേദഗതികൾ 2025 ജൂൺ 3-ന് വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തു. തുടർന്ന്, സെമികണ്ടക്ടറുകളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും നിർമ്മാണത്തിനായി SEZ-കൾ സ്ഥാപിക്കുന്നതിനായി മൈക്രോൺ സെമികണ്ടക്ടർ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (MSTI), ഹുബ്ബള്ളി ഡ്യൂറബിൾ ഗുഡ്‌സ് ക്ലസ്റ്റർ പ്രൈവറ്റ് ലിമിറ്റഡ് (Aequs ഗ്രൂപ്പ്) എന്നിവയിൽ നിന്ന് യഥാക്രമം ലഭിച്ച നിർദ്ദേശങ്ങൾക്ക് SEZ- അംഗീകാര ബോർഡ് അനുമതി നൽകി.

ഗുജറാത്തിലെ സാനന്ദിൽ 37.64 ഹെക്ടർ സ്ഥലത്ത് 13,000 കോടി രൂപയുടെ നിക്ഷേപത്തോടെ മൈക്രോൺ അവരുടെ SEZ സ്ഥാപിക്കും. അതേസമയം 100 കോടി രൂപയുടെ നിക്ഷേപത്തോടെ ഇലക്ട്രോണിക്‌സ് ഘടകഭാഗങ്ങൾ നിർമ്മിക്കുന്നതിനായി Aequs കർണാടകയിലെ ധാർവാഡിൽ 11.55 ഹെക്ടർ സ്ഥലത്ത് SEZ സ്ഥാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.