Sections

ടിവിഎസ് ക്രെഡിറ്റിന് റെക്കോർഡ് ലാഭം; അറ്റാദായത്തിൽ 19 ശതമാനം വളർച്ച

Thursday, May 14, 2026
Reported By Admin
TVS Credit Reports ₹913 Crore Net Profit in FY26

കൊച്ചി: ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിൽ 913 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം കൈവരിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 19 ശതമാനത്തിൻറെ വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

മൊത്തം വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയോടെ 7,196 കോടി രൂപയായി ഉയർന്നു. നികുതിക്ക് മുൻപുള്ള ലാഭം 21 ശതമാനം വർദ്ധനവോടെ 1,238 കോടി രൂപയിലെത്തി. വായ്പാ വിതരണം മുൻ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വളർച്ച രേഖപ്പെടുത്തി. കൈകാര്യം ചെയ്യുന്ന ആസ്തി 2026 മാർച്ചിലെ കണക്കനുസരിച്ച് 15 ശതമാനം വളർച്ചയോടെ 30,639 കോടി രൂപയായി.

നാലാം പാദത്തിലെ മൊത്തം വരുമാനം 11 ശതമാനം വളർച്ചയോടെ 1,859 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം 15 ശതമാനം വളർച്ചയോടെ 348 കോടി രൂപയായി രേഖപ്പെടുത്തി. ഈ പാദത്തിലെ അറ്റാദായം 256 കോടി രൂപയാണ്, ഇത് മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.

നഗര, അർദ്ധ-നഗര മേഖലകളിലെ ഉണർവ് മൂലം ഇരുചക്ര വാഹന വായ്പകൾക്ക് ശക്തമായ ഡിമാൻഡ് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രചാരവും വായ്പാ വിതരണത്തെ സഹായിച്ചു. സീസണൽ വാങ്ങലുകളും വ്യക്തിഗത ചെലവിടലിലെ വർദ്ധനവും ഈ വിഭാഗത്തിൽ സ്ഥിരതയാർന്ന വളർച്ച നൽകി. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 53 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കൾക്ക് ടിവിഎസ് ക്രെഡിറ്റ് വായ്പകൾ നൽകി. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 2.4 കോടിയ്ക്ക് മുകളിലായി.

ആർബിഐയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിലൊന്നായ ടിവിഎസ് ക്രെഡിറ്റിന് രാജ്യത്തുടനീളം 60,500ലധികം ടച്ച് പോയിൻറുകളുണ്ട്. തുടർച്ചയായ മൂന്നാം വർഷവും 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' അംഗീകാരവും കമ്പനി നേടി. ആധുനിക സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സും പ്രയോജനപ്പെടുത്തി ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.