Sections

വ്യാവസായിക സ്ഥാപനങ്ങളിൽ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Monday, Feb 06, 2023
Reported By Admin
Pinarayi Vijayan

തൊഴിലാളികളുടെ സുരക്ഷ-അന്താരാഷ്ട്ര കോൺക്ലേവിന് തുടക്കം


വ്യാവസായിക സ്ഥാപനങ്ങളിലെ അപകടങ്ങൾ ലഘൂകരിക്കുകയല്ല അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്തെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സർക്കാർ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്യുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് 2023 - സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലാം വ്യാവസായിക വിപ്ലവം മുൻനിർത്തി തൊഴിൽ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്ക് മുൻഗണന നൽകിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിൽ പങ്കെടുക്കുന്ന വിദേശത്തു നിന്നുളള വിദഗ്ധരിൽ നിന്ന് കേരളത്തിന് ഏറെ കാര്യങ്ങൾ മനസിലാക്കാനുണ്ട്.

സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ രൂപീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. വ്യവസായിക രംഗത്തുള്ളവരും വിദഗ്ധരും തമ്മിലുള്ള ആശയ കൈമാറ്റത്തിലൂടെ ഈ പുതിയ നിയമങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൃത്യമായ അവബോധത്തിലൂടെ മാത്രമേ ഏതൊരു നിയമവും വിജയകരമായി നടപ്പാക്കാനാകൂ. അവബോധത്തിന്റെ അഭാവത്തിൽ നിയമം നടപ്പാക്കുന്നതിരേ ചില സാഹചര്യങ്ങളിൽ പ്രതിരോധമുയരാറുണ്ട്. നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തെ ഹനിക്കുന്നതാകും അത്തരം പ്രതിരോധങ്ങൾ. സുരക്ഷിതം 2.0 യിലൂടെ സുരക്ഷയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.

നിക്ഷേപ, വ്യവസായ സൗഹൃദ സമീപനങ്ങളിൽ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ഇന്ത്യയിലെ മികച്ച പദ്ധതിയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനത്ത് തുടക്കമിട്ട 1,27000 സംരംഭങ്ങളിൽ 15.71% സംരംഭങ്ങൾ ഉത്പാദന മേഖലയിലാണ്. അടുത്തിടെ ഉത്പാദന മേഖലയിലെ സംരംഭങ്ങളുടെ ഓഹരി വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് 13 ശതമാനത്തിലെത്തിയിരുന്നു. കേരളത്തിൽ ഉത്പാദന മേഖല വളർച്ച കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ കാണാം.

നാലാം വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായി ഉത്പാദന മേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ച് വ്യാവസായിക രംഗത്തുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നിർമ്മിത ബുദ്ധിയിലൂടെ റിയൽ ടൈം ഡേറ്റ അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൈസേഷൻ പ്രക്രിയ യന്ത്രങ്ങളുമായുള്ള മനുഷ്യന്റെ ഇടപെടലുകൾക്ക് പുതിയ വെല്ലുവിളികൾ തീർക്കുകയാണ്. നൂതനമായ പരിഹാര മാർഗങ്ങൾ ആവശ്യപ്പെടുന്നതാണിത്. ഉത്പാദന മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്ന റോബോട്ടിക്സ് സാങ്കേതികവിദ്യയ്ക്ക്, പ്രത്യേകിച്ച് അപകടകരമായ ജോലികളിൽ, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൃത്യവും വിശ്വസിനീയവുമായ യന്ത്ര നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.

തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്നും തൊഴിൽജന്യരോഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന സ്മാർട്ട് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ കോൺക്ലേവിലെ ആശയവിനിമയത്തിലൂടെ ലഭ്യമാകുന്ന കൂട്ടായ അറിവുകൾ നിർണ്ണായകമാകും. സുരക്ഷിതവും ആരോഗ്യകരവുമായ ഉത്പാദന മേഖലയുടെ വികാസത്തിന് കോൺക്ലേവ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം നോർത്ത് കളമശ്ശേരിയിലെ ചാക്കോളാസ് പവലിയൻ ഇവന്റ് സെന്ററിൽ നടക്കുന്ന കോൺക്ലേവിൽ ജർമനി, നെതർലണ്ട്, അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ 12 ലധികം വിദഗ്ദർ വിഷയങ്ങൾ അവതരിപ്പിക്കും.

കേരളത്തിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള മാനേജ്മെന്റ് പ്രതിനിധികൾ, സേഫ്റ്റി ഓഫീസർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങി മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള 500 പേരാണ് അന്താരാഷ്ട്ര കോൺക്ലേവിൽ പങ്കെടുക്കുന്നത്. വിവിധ തൊഴിൽ സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇൻഡസ്ട്രി 4.0- തൊഴിൽ ആരോഗ്യ സുരക്ഷിതത്വത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ പ്രമേയം. നാലാം വ്യാവസായിക വിപ്ലവം മുൻ നിർത്തി ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിംഗ്, ഐഒടി, ഡാറ്റാ അനലിറ്റിക്സ് എന്നീ സംവിധാനങ്ങളെ തൊഴിൽ അപകടങ്ങളും തൊഴിൽജന്യ രോഗങ്ങളും തടയുന്നതിനായി പ്രയോജനപ്പെടുത്തുകയും അതുപോലെ വ്യവസായ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള തൊഴിൽ ആരോഗ്യസുരക്ഷിതത്വ വെല്ലുവിളികളെ വിലയിരുത്തുകയുമാണ് കോൺക്ലേവിന്റെ ലക്ഷ്യം. ജർമ്മൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ്, ജർമ്മനി, നാഷണൽ സേഫ്റ്റി കൗൺസിൽ - കേരള ചാപ്റ്റർ എന്നിവയുമായി സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. ഡയറക്ടർ ഓഫ് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് പി. പ്രമോദ്, ജോയിന്റ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഡയറക്ടർ ജനറൽ ഡോ. രാജേന്ദ്ര കുമാർ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ, ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കാൾ ഹെയ്ൻസ് നോയേട്ടൽ, ബിപിസിഎൽ ചീഫ് എക്സിക്യൂട്ടീവ് ചാക്കോ എം. ജോസ്, ഒകുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. സുയോഷി കവാകാമി തുടങ്ങിയവർ പങ്കെടുത്തു. ഇൻഡോ-ജർമൻ ഫോക്കൽ പോയിന്റ് ഡയറക്ടർ ബി.കെ. സാഹു, ഡയറക്ടറേറ്റ് ജനറൽ ഫാക്ടറി അഡൈ്വസ് സർവീസ് ആന്റ് ലേബർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഡയറക്ടർ ജനറൽ ഡോ. ആർ. ഇളങ്കോവൻ എന്നിവരും ഓൺലൈനായി പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.