Sections

സമീപ ഭാവിയില്‍ ഉയരാനിടയില്ലാത്ത വിധം റബറിന്റെ വില ഇടിയുന്നു

Friday, Jul 09, 2021
Reported By GOPIKA G.S.
rubber

രാജ്യാന്തര റബ്ബര്‍ വിലയില്‍ വന്‍ ഇടിവ്

 

രാജ്യാന്തര വിപണിയില്‍ റബര്‍ വില തുടര്‍ച്ചയായി കുറയുകയാണ്. ഇടിവു ഗണ്യമായ തോതിലാണെന്നതും ശ്രദ്ധേയം. ബാങ്കോക്കില്‍ ഇക്കഴിഞ്ഞ ഒന്നിന് ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില 16,463 രൂപയായിരുന്നു; ആര്‍എസ്എസ് - 5 ന്റെ വില 16,359 രൂപയും. 10 ദിവസം പിന്നിട്ടപ്പോഴേക്കും രണ്ട് ഇനത്തിന്റെയും വില 16,000 രൂപയ്ക്കു താഴെയെത്തുകയുണ്ടായി. ഇടിവ് ആ നിരക്കില്‍ അവസാനിക്കുമെന്നു കരുതിയെങ്കിലും മറിച്ചാണു സംഭവിച്ചത്. ഇക്കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ ആര്‍എസ്എസ് നാലാം ഗ്രേഡിന്റെ വില 15,801 രൂപയിലേക്കും ആര്‍എസ്എസ് - 5 ന്റെ വില 15,696 രൂപയിലേക്കും താഴ്ന്നു. ഏറ്റവും ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ ആര്‍എസ്എസ് നാലാം ഗ്രേഡിന്റെ വില 15,376 രൂപ മാത്രം; ആര്‍എസ്എസ് - 5 ന്റെ വില 15,270 രൂപയും.

ബാങ്കോക്കിലെ വിലയുടെ അതേ തോതിലല്ലെങ്കിലും കൊച്ചിയിലും നിരക്കു കുറയുകയാണുണ്ടായത്. ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില 17,000 ല്‍നിന്നു 16,950 രൂപയിലേക്കു താഴ്ന്നു. ആര്‍എസ്എസ് - 5 ന്റെ വില 16,750 രൂപ നിലവാരത്തിലാണ് അവസാനിച്ചത്.

അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള രാജ്യങ്ങളിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നത് വൈകിപ്പിക്കുന്നതിനാല്‍ പ്രകൃതിദത്ത റബര്‍ വില സമീപഭാവിയില്‍ വന്‍തോതില്‍ കൂടാന്‍ ഇടയില്ലെന്ന് അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്റെ റിപ്പോര്‍ട്ട്.

ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ പതുക്കെ മാത്രം പുരോഗമിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സമ്പദ് വ്യവസ്ഥകളുടെ തിരിച്ചുവരവിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് എഎന്‍ആര്‍പിസിയുടെ സീനിയര്‍ ഇക്കണോമിസ്റ്റ് ജോം ജേക്കബ് പറയുന്നു. ലോകത്തിലെ റബര്‍ ഉപഭോഗത്തിന്റെ 40 ശതമാനവും ചൈനയിലാണ്. കോവിഡ് വൈറസിന്റെ മറ്റൊരു വകഭേദം ചൈനയില്‍ വ്യാപിക്കുന്നതിനാല്‍ അവിടെ ചില പോര്‍ട്ടുകളുടെ പ്രവര്‍ത്തനങ്ങളും ഷിപ്പിംഗ് -ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.

ജൂണ്‍ ആദ്യ പകുതിയില്‍ രാജ്യാന്തര വിപണിയില്‍ റബര്‍ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. കോവിഡ് രണ്ടാംതരംഗം ഇന്ത്യയിലെ ഓട്ടോമൊബീല്‍ മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേപോലെ കോവിഡ് വ്യാപനം മലേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്തൊനേഷ്യ എന്നിവിടങ്ങളിലെ മാനുഫാക്ചറിംഗ് മേഖലയെ തകര്‍ത്തിട്ടുണ്ട്. ലോകത്തെ പ്രമുഖ റബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഉല്‍പ്പാദനം പുനഃരാരംഭിക്കുന്നതോടെ വിപണിയില്‍ സപ്ലെ കൂടാനും സാധ്യതയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.