Sections

ദേശീയ മെറ്റാജെനോമിക്സ് പദ്ധതിയ്ക്കുള്ള എൻജിഎസ് ഹബ്ബായി ആർജിസിബിയെ തിരഞ്ഞെടുത്തു

Friday, Nov 28, 2025
Reported By Admin
RGCB Selected as One of India’s 4 National NGS Hubs for One Health Mission

  • നാഷണൽ വൺ ഹെൽത്ത് മിഷൻറെ ബൃഹത് പദ്ധതികളിലൊന്ന്

തിരുവനന്തപുരം: നാഷണൽ വൺ ഹെൽത്ത് മിഷൻറെ ബൃഹത് പദ്ധതികളിലൊന്നായ മെറ്റാജെനോമിക് സിൻഡ്രോമിക് സർവൈലൻസ് പ്രോഗ്രാമിനുള്ള നാല് ദേശീയ നെക്സ്റ്റ്-ജനറേഷൻ സീക്വൻസിങ് (എൻജിഎസ്) ഹബ്ബുകളിലൊന്നായി രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തുടനീളമുള്ള ഉറവിടം കണ്ടെത്താനാകാത്ത മാരകമായ പനികൾ, എൻസെഫലൈറ്റിസ്, വിവിധതരം ഡൈയേറിയൽ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ ഉയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സിൻഡ്രോമിക് സ്ക്രീനിംഗ് മെറ്റാജെനോമിക് സീക്വൻസിങ്ങുമായി സംയോജിപ്പിച്ചുകൊണ്ട് പുതിയതോ അപൂർവമായതോ ആയ രോഗകാരികളെ ഒരേസമയം കണ്ടെത്താൻ ഈ പ്രോഗ്രാമിലൂടെ സാധിക്കും.

സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ് ആൻഡ് സൊസൈറ്റി (ടിഐജിഎസ്), ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെൻറർ (ജിബിആർസി), ഐസിഎംആർ-എൻഐഇ ചെന്നൈ, ഐസിഎംആർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

അക്യൂട്ട് ഫെബ്രൈൽ ഇൽനെസ് (എഎഫ്ഐ) ഗവേഷണത്തിനുള്ള എൻജിഎസ് ഹബ്ബായ ആർജിസിബി യിലെ ബയോ സേഫ്റ്റി ലെവൽ-3(ബിഎസ്എൽ-3) ലാബ് മെറ്റാജെനോമിക്സ് പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തുമെന്ന് ആർജിസിബി ഡയറക്ടർ (അഡീഷണൽ ചാർജ്) ഡോ. ടി ആർ സന്തോഷ് കുമാർ പറഞ്ഞു. വൈറൽ ജീനോമിക്സ്, ഹോസ്റ്റ് പാത്തജൻ ഇൻററാക്ഷൻ പോലുള്ള മേഖലകളിലെ പ്രാവീണ്യം ഉപയോഗപ്പെടുത്തി രാജ്യമൊട്ടാകെയുള്ള സർവൈലൻസ് സൈറ്റുകളിലെ ആയിരക്കണക്കിന് സാമ്പിളുകൾ വിശകലനം ചെയ്താണ് രോഗകാരികളെ കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻറെ (പിഎം-അഭിം) ദേശീയ പാൻഡെമിക് സർെൈവലൻസ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ഗവേഷണങ്ങൾക്ക് 2023 മുതൽ ആർജിസിബിയിലെ ബയോ സേഫ്റ്റി ലെവൽ-3 ലാബ് ചുക്കാൻ പിടിക്കുന്നു.

ആർജിസിബി പത്തോജൻ ബയോളജി വിഭാഗത്തിലെ സീനിയർ ശാസ്ത്രജ്ഞനും ബിഎസ്എൽ -3 ലാബിൻറെ ഫാക്കൽറ്റി ഇൻ ചാർജുമായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പദ്ധതിക്ക് നേതൃത്വം നൽകും. ജീനോമിക് സർവൈലൻസിലൂടെ വിവിധ സാംക്രമിക രോഗാണുക്കളേയും ആൻറിമൈക്രോബിയൽ റെസിസ്റ്റൻസ് പാറ്റേണുകളേയും മുൻകൂട്ടി തിരിച്ചറിയാനും ക്രിയാത്മക പരിപാരങ്ങൾ കാണാനും ഇതിലൂടെ സാധിക്കും.

രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി നടത്തുന്ന പദ്ധതിയിലൂടെ പകർച്ചവ്യാധികളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകും. മനുഷ്യനേയും മറ്റ് ജീവജാലങ്ങളേയും പരിസ്ഥിതിയേയും ബന്ധിപ്പിക്കുന്നതും പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ സഹായകമാകുന്നതുമായ ഒരു ഏകീകൃത വൺ ഹെൽത്ത് സർവൈലൻസ് ചട്ടക്കൂട് നിർമ്മിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് മെറ്റാജെനോമിക്സ് പദ്ധതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.