Sections

ആർജിസിബി എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, Mar 24, 2026
Reported By Admin
RGCB Invites MSc Biotechnology Applications 2026

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) 2026-28 അധ്യയന വർഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. GAT-B യോഗ്യതയുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

എംഎസ് സി ബയോടെക്നോളജിക്ക് ഡിസീസ് ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കും. നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്സ് കാലാവധി. ഒരു സ്പെഷ്യലൈസേഷനിൽ 10 വിദ്യാർത്ഥികൾ വീതം ആകെ 20 സീറ്റുകളാണുള്ളത്.

സാധുവായ ഒരു GAT-B സ്കോറിന് പുറമേ, അപേക്ഷകർക്ക് യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ലൈഫ് സയൻസ് അല്ലെങ്കിൽ മെഡിസിനിലെ ഏതെങ്കിലും ശാഖയിൽ ബാച്ചിലേഴ്സ് ബിരുദത്തിൽ 60 ശതമാനം മൊത്തം മാർക്ക് (അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡ് പോയിൻറ് ശരാശരി) ഉണ്ടായിരിക്കണം. എസ് സി, എസ്ടി, ഒബിസി (നോൺ-ക്രീമിലെയർ), വികലാംഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മൊത്തം മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും.

കോഴ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ആദ്യ വർഷം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. ആർജിസിബി കാമ്പസിൽ ഹോസ്റ്റൽ താമസ സൗകര്യം ലഭ്യമാണ്.

യോഗ്യതാ ബിരുദ കോഴ്സിൻറെ അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രവേശന സമയത്ത് അവരുടെ ബിരുദ പ്രോഗ്രാമിൽ ആവശ്യമായ മാർക്ക് നേടിയതിൻറെ തെളിവ് ഹാജരാക്കി അപേക്ഷിക്കാൻ അർഹതയുണ്ട്.

ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള GAT-B കട്ട്-ഓഫ് റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.

GAT-B ഫലം പുറത്തുവന്ന ഉടൻ തന്നെ എംഎസ് സി പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന തീയതിയും കൗൺസിലിംഗ് പ്രക്രിയയും ആർജിസിബി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ക്ലാസുകൾ 2026 ഓഗസ്റ്റ് 1 ന് ആരംഭിക്കും.

GAT-B പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 9 ആണ്.

GAT-B യെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്: https://rcb.res.in/DBTPG/, ആർജിസിബി എംഎസ് സി പ്രോഗ്രാം: https://rgcb.res.in/msc.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.