- Trending Now:
കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാൻ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ കൊച്ചി ബിനാലെ ആറാം ലക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രത്യേകം സജ്ജമാക്കിയ കുരുത്തോല വിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇതേ സമയം തന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും ചേർന്ന് 20 വിളക്കുകളും തെളിയിച്ചു.
കലയെ ഉപയോഗിച്ച് സംസ്ഥാനത്തെ താറടിച്ച് കാണിക്കാനുള്ള സംഘടിതമായ ശ്രമങ്ങൾക്ക് ദേശീയ അംഗീകാരം നൽകുന്നതാണ് വർത്തമാനകാല കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ താറടിക്കുന്ന സിനിമകൾക്ക് അംഗീകാരം നൽകിയതിലൂടെ പുരസ്ക്കാരങ്ങളുടെ പ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം കാര്യങ്ങൾ ചെറുക്കപ്പെടാനുള്ള ശ്രമങ്ങൾക്ക് നിലമൊരുക്കാൻ ബിനാലെയ്ക്ക് കഴിയണം.
വൈവിധ്യങ്ങളെ തച്ചുടച്ച് കൊണ്ടുള്ള പ്രതിലോമകരമായ ആശയങ്ങൾ നടപ്പാക്കാൻ ഛിദ്രശക്തികൾ തുനിയുകയാണ്. ഇതിനെതിരെ കലാപരമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബിനാലെയ്ക്ക് കഴിയണം. അതാണ് ബിനാലെയുടെ രാഷ്ട്രീയ മാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബിനാലെയുടെ നടത്തിപ്പിലൂടെ അന്താരാഷ്ട്രതലത്തിലുള്ള പരിപാടികൾ നടത്താനുള്ള സംസ്ഥാനത്തിന്റെ കഴിവാണ് പ്രകടമാകുന്നത്. ബിനാലെയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ ഏഴരക്കോടി രൂപ അനുവദിച്ചത് ഈ കഴിവിനുള്ള അംഗീകാരമാണ്. ഇത്തരം സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക സാഹായം നൽകുന്നത് കേരള സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്ക്കാരിക കൈമാറ്റങ്ങളാണ് ബിനാലെ പോലുള്ള കലാമേളകളുടെ സവിശേഷത. വിവിധ ദേശങ്ങളുടെ കലാസൃഷ്ടികൾ, ചരിത്രാനുഭവങ്ങൾ, വൈയക്തിമായ അനുഭവങ്ങൾ, അനേകം ജീവിതങ്ങളുടെ അനുഭൂതി തുടങ്ങിയവ നമ്മുക്കുള്ളിൽ നിറയും. മണ്ണിനോടും മനുഷ്യനോടും ചേർന്ന് നിൽക്കുമ്പേളാണ് അത് കലയാകുന്നത്. സാംസ്ക്കാരിക പുരോഗതി സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനമാണ്.
എല്ലാ ജില്ലകളിലും സർക്കാർ സാംസ്ക്കാരിക സമുച്ചയം നിർമ്മിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ ഇത് പൂർത്തീകരിച്ചു. സാംസ്ക്കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ട് സാമൂഹ്യപുരോഗതിയ്ക്ക് ആക്കം കൂട്ടുകയാണ് സർക്കാർ ചെയ്യുന്നത്. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി ബിനാലെ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൊച്ചി ബിനാലെ ഒരു തുറന്ന കവാടമാണ്. ലോകത്തിലെ ഏത് സംസ്ക്കാരത്തിനും കലയ്ക്കും ഇതിലൂടെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാം. ഇതിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി സ്വാഗതവും സിഇഒ തോമസ് വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി റിപ്പോർട്ട് അവതരിപ്പിച്ചു. ആറാം ലക്കത്തിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര ഫോർ ദി ടൈം ബീയിംഗ് എന്ന ബിനാലെ പ്രമേയം സദസ്സിന് മുന്നിൽ വിവരിച്ചു. കലാകാരന്റെ സ്വാതന്ത്ര്യം പൊതു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, മേയർ എം അനിൽകുമാർ, മുൻ മന്ത്രിയും ബിനാലെയുടെ അഭ്യുദയകാംക്ഷിയുമായ സിപിഐ(എം) ജന. സെക്രട്ടറി എം എ ബേബി, മുൻ മന്ത്രി കെ വി തോമസ്, മ്യൂസിയം-പുരാരേഖ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ, കെഎംബി പേട്രൺ എം എ യൂസഫലി, ട്രസ്റ്റ് അംഗങ്ങളായ അദീബ് അഹമ്മദ്, മറിയം റാം, അമൃത ഝവേരി, ഷബാന ഫൈസൽ, ബോണി തോമസ്, ടോണി ജോസഫ്, എൻ എസ് മാധവൻ, ഉപദേശക സമിതിയംഗങ്ങളായ സംഗീത ജിൻഡാൽ, അലക്സ് കുരുവിള, അനുമെൻഡ, കിരൺ നാടാർ, വി സുനിൽ, കെ ജെ സോഹൻ, ഷെഫാലി വർമ്മ, അലക്സ് കുരുവിള, മാധ്യമപ്രവർത്തകൻ എൻ റാം, കെബിഎഫ് പ്രോഗ്രാംസ് ഡയറക്ടർ മാരിയോ ഡിസൂസ, മുൻ ക്യൂറേറ്റർ ജിതീഷ് കല്ലാട്ട് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയ്ക്ക് ശേഷം ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറി.
നിഖിൽ ചോപ്രയും എച്ച് എച്ച് ആർട്ട് സ്പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് ബിനാലെ പ്രദർശനങ്ങൾ സന്ദർശിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.