Sections

ബിനാലെ ആറാം പതിപ്പ്- പ്രകടനകലയുടെ ദൃശ്യവിരുന്നായി ഉദ്ഘാടനദിനം

Sunday, Dec 14, 2025
Reported By Admin
Performance Art Takes Center Stage at Kochi Biennale 2025

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിൽ പ്രകടനകലാവതരണത്തിനുള്ള പ്രാധാന്യം ഉദ്ഘാടന ദിനത്തിൽ ദൃശ്യമായി. മാർഗി രഹിത കൃഷ്ണദാസിന്റെ തായമ്പക മുതൽ പ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങൾ വരെയുള്ളവ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യൂറേറ്റർ നിഖിൽ ചോപ്ര എന്നിവർ ചേർന്ന് ബിനാലെ പതാക ഉയർത്തി. കൊച്ചി മുസിരിസ് ബിനാലെയുടെ തുടക്കം മുതലുള്ള അഭ്യുദയകാംക്ഷി മുൻ മന്ത്രിയും സിപിഐ(എം) ജനറൽ സെക്രട്ടറിയുമായ എം എ ബേബി, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, സിഇഒ തോമസ് വർഗീസ്, ട്രസ്റ്റ് ബോർഡംഗങ്ങളായ ബോണി തോമസ്, എൻ എസ് മാധവൻ ഷബാന ഫൈസൽ, ടോണി ജോസഫ്, മറിയം റാം, ബിനാലെ ഫൗണ്ടേഷൻ രക്ഷാധികാരികളായ കിരൺ നാടാർ, ഷഫാലി വർമ്മ, സംഗീത ജിൻഡാൽ , അനു മെൻഡ, മുൻ ക്യൂറേറ്റർ ജിതേഷ് കല്ലാട്ട്, കൊച്ചി മുൻ മേയറും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഉപദേശക സമിതി അംഗവുമായ കെ ജെ സോഹൻ തുടങ്ങിയവർ സംബന്ധിച്ചു.

പതാകയുയർത്തലിന് തൊട്ട് മുമ്പ് മാർഗി രഹിത കൃഷ്ണദാസ് അവതരിപ്പിച്ച തായമ്പക അരങ്ങ് തകർത്തു. ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർമാരായ എച് എച് ആർട്ട് സ്പേസും നിഖിൽ ചോപ്രയും ചേർന്ന് ബിനാലെ വേദികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി.

കലാകാരി മോണിക്കാ ഡി മിറാൻഡയുടെ എ ന്യൂ ആൽഫബെറ്റ് എന്ന പ്രകടനകല കാണികൾക്ക് പുത്തൻ അനുഭവമായി. വര, പ്രതിമാനിർമ്മാണം, പ്രതിഷ്ഠാപനം, ഫോട്ടോഗ്രഫി, ഫിലിം എന്നിവയിലൂടെ പ്രകൃതിസംരംക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം അവർ നൽകി. ഭാവന, ശബ്ദം, ശരീരം എന്നിവ കൊണ്ട് അക്ഷരങ്ങൾക്കപ്പുറത്തേക്കുള്ള ഭാഷ നെയ്തെടുക്കുകയായിരുന്നു.

മൃഗങ്ങളുടെ മുഖംമൂടിയാണ് സറീന മുഹമ്മദിന്റെ പ്രൊസഷൻ ഫോർ എ ഷിഫ്റ്റിംഗ് സ്റ്റോം എന്ന പ്രകടനാവതരണത്തിൽ ശ്രദ്ധേയമായത്. തുറമുഖ നഗരത്തിന്റെ നശ്വരയും പൈതൃകമായ ദിശാ വിജ്ഞാനവുമെല്ലാം ഇതിൽ അവതരിപ്പിച്ചു. എസ്എംഎസ് ഹാളിൽ മൻദീപ് റൈഖിയുടെ ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ടിഫാക്ട് എന്ന പ്രകടനാവതരണവും അരങ്ങേറി. ലിംഗപരമായ വേർതിരിവ്, ദേശീയത, ലൈംഗികത എന്നിവയ്ക്കെതിരായ നിലപാടുകളെ എതിർക്കുന്നതിനുള്ള രാഷ്ട്രീയമായ പ്രതിരോധമാണ് തന്റെ പ്രകടനകലാരൂപത്തിലൂടെ മൻദീപ് മുന്നോട്ടു വയ്ച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.