Sections

വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിങ് റോഡ് കല്ലിടൽ പുരോഗമിക്കുന്നു

Tuesday, Dec 27, 2022
Reported By MANU KILIMANOOR

ആകെ 77 കിലോമീറ്ററുള്ള നാലുവരിപ്പാതയ്ക്കായി 348 ഹെക്ടർ ഏറ്റെടുക്കും


നാടിന്റെ വികസനത്തിൽ നാഴിക കല്ല് ആകാവുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർറിങ് റോഡിനായി അതിർത്തി അടയാളപ്പെടുത്തുന്നതിന് കല്ലിടൽ പുരോഗമിക്കുന്നു. വിഴിഞ്ഞംമുതൽ പള്ളിച്ചൽവരെ ഒമ്പത് കിലോമീറ്റർ ഇതുവരെ കല്ലിട്ടു. 50 മീറ്ററിലാണ് ഓരോ കല്ലും. കല്ലിടാൻ പറ്റാത്ത പ്രദേശങ്ങൾ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിങ് കൺസൽട്ടന്റ് എന്ന സ്ഥാപനത്തിനാണ് ചുമതല. നെയ്യാറ്റിൻകര തഹസിൽദാർ മേൽനോട്ടം വഹിക്കുന്നുണ്ട്. നാവായിക്കുളം വരെയുള്ള 65 കിലോമീറ്റർ കല്ലിട്ടശേഷം തേക്കടമുതൽ മംഗലപുരംവരെയുള്ള ഭാഗത്ത് ആരംഭിക്കും. കാലാവസ്ഥ മോശമായില്ലെങ്കിൽ ഒരു മാസത്തിനകം കല്ലിടൽ ജോലികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. ആകെ 77 കിലോമീറ്ററുള്ള നാലുവരിപ്പാതയ്ക്കായി 348 ഹെക്ടർ ഏറ്റെടുക്കും. കല്ലിടലിനു പിന്നാലെ സർവേ ആരംഭിക്കും. ആദ്യഘട്ട വിജ്ഞാപനത്തിൽ പരാതിയുന്നയിച്ച 986 പേരുടെ വിവരങ്ങൾ റവന്യുവകുപ്പ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു. ഇതിന്റെ ഹിയറിങ് ചൊവ്വ മുതൽ റവന്യു വകുപ്പിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ ആരംഭിക്കും. ഹിയറിങ് കഴിഞ്ഞാൽ ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കും. ഇതുകൂടി പരിഗണിച്ചശേഷമാകും ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച 3ഡി വിജ്ഞാപനം (അന്തിമ വിജ്ഞാപനം) പ്രസിദ്ധീകരിക്കുക. അതിനുശേഷം ആസ്തിമൂല്യനിർണയം നടക്കും.

കൊല്ലം-- ചെങ്കോട്ട പാത:ജില്ലയിലെ സർവേ പുരോഗമിക്കുന്നു

കൊല്ലം--ചെങ്കോട്ട--ഗ്രീൻഫീൽഡ് ദേശീയപാതയുടെ സർവേ ജില്ലയിൽ നടക്കുകയാണ്. വർക്കല താലൂക്കിൽ ഉൾപ്പെടുന്ന നാവായിക്കുളം, പള്ളിക്കൽ, കുടവൂർ, മടവൂർ വില്ലേജുകളിൽ കടന്നുപോകുന്ന പാതയ്ക്കായി 56 ഹെക്ടർ ഏറ്റെടുക്കും. ജില്ലയിലൂടെ 9.8 കിലോമീറ്ററിലാണ് പാത കടന്നുപോകുന്നത്. ഇതിൽ ഏഴ് കിലോമീറ്റർ കല്ലിടൽ പൂർത്തിയായി. രണ്ടര കി.മീ സർവേ നടപടികളും പൂർത്തിയായി. കടമ്പാട്ടുകോണംമുതൽ ആര്യങ്കാവ് വരെ ആകെ 59.71 കിലോ മീറ്ററിലെ ഭൂമിയാണ് കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കുന്നത്. പാതയുടെ 80 ശതമാനവും കൊല്ലം ജില്ലയിലൂടെയാണ് കടന്നുപോകുന്നത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.