Sections

ഗുണമേന്മയുള്ള പശുക്കളെ വാങ്ങാം

Monday, Dec 18, 2023
Reported By Admin
Kidari Park

ക്ഷീരകർഷകർക്ക് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കാമധേനു കിടാരിപാർക്കിൽ നിന്ന് മികച്ച പശുക്കളെ വാങ്ങാൻ അവസരം. പശുക്കളെ ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയാണ് അണപ്പാട് സ്വദേശിനി നസീലയുടെ കാമധേനു ഡയറിഫാമിനോട് അനുബന്ധിച്ചുള്ള കിടാരി പാർക്കിലൂടെ. ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമാണിത്.

കിടാരികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി വളർത്തി കറവപശുക്കളാക്കി നൽകുകയാണ് ഇവിടെ. ചടയമംഗലം ക്ഷീരവികസന യൂണിറ്റ് മുഖാന്തരം അനുവദിച്ചപാർക്കിൽ നിന്നും പ്രതിവർഷം 50 പശുക്കളെ വീതം കർഷകർക്ക് വില്ക്കാൻ കഴിയുന്നുണ്ട്.

ചാണകവും ഗോമൂത്രവും ജൈവവാതകപ്ലാന്റിൽ ശേഖരിച്ച് ഗാർഹികാവശ്യത്തിനുള്ള പാചക ഇന്ധനം ഉണ്ടാക്കുന്നുമുണ്ട്. ഉപയോഗശേഷമുള്ള ചാണകം കമ്പോസ്റ്റ് കമ്പനിക്ക് വില്ക്കുന്നു. ഗോമൂത്രവും തൊഴുത്ത് വൃത്തിയാക്കുന്ന വെള്ളവും തീറ്റപ്പുല്ല് കൃഷിക്കും ഉപയോഗപ്പെടുത്തുന്നു.

കിടാരി പാർക്കിന് പുറമേ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ എഗ്ഗ് നഴ്സറിയും നടത്തുന്നുണ്ട്. 46 ദിവസം കൂടുമ്പോൾ 6000 കോഴിക്കുഞ്ഞുങ്ങളെ വില്ക്കുന്നു. കൃത്രിമ ബീജാധാനത്തിനും ഫാമിൽ സംവിധാനമുണ്ട്.

പദ്ധതിക്ക് രണ്ട് വർഷത്തെ ആകെ ചെലവ് 38,86,875 രൂപയാണ്. 50 കിടാരികൾ, അത്യാധുനിക കാലിത്തൊഴുത്ത് (സ്റ്റോറും ഉൾപ്പെടെ), ഇൻഷുറൻസ് ചാർജ്, ട്രാൻസ്പോർട്ടേഷൻ, തീറ്റപുൽകൃഷി, കാലിത്തീറ്റ, മരുന്ന്, ലൈസൻസ് ചാർജ്, സൂപ്പർവൈസർ, ലേബർ ചാർജ് തുടങ്ങിയവയെല്ലാം ചേർത്ത് ഒന്നാം വർഷം 26,07,728 രൂപ ചെലവായി. ആദ്യഘട്ടത്തിൽ തന്നെ 9 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 6 ലക്ഷം രൂപയും ഉൾപ്പെടെ 15 ലക്ഷം രൂപ വകുപ്പ് ധനസഹായമായി അനുവദിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.