Sections

രാജ്യത്ത് ഓൺലൈൻ പേയ്‌മെന്റ് റെക്കോർഡിട്ടു; 782 കോടി കടന്ന് പണമിടപാടുകൾ

Tuesday, Jan 03, 2023
Reported By admin
upi

കഴിഞ്ഞ രണ്ട് വർഷമായി UPI ഇടപാടുകളുടെ എണ്ണവും മൂല്യവും ഉയരുന്നുണ്ട്


യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ് ( യു പി ഐ ) വഴിയുള്ള പണമിടപാടുകൾ 782 കോടി കടന്നു. ഡിസംബറിൽ മാത്രം യു പി ഐയിലൂടെ നടന്നത് 12.82 ലക്ഷം കോടി രൂപയുടെ ഇടപാട്. രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ കുടക്കീഴിലുള്ള സ്ഥാപനമായ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിലെ ഇടപാടുകളുടെ അളവ് നവംബറിനെ അപേക്ഷിച്ച് 7.12 ശതമാനം ഉയർന്നു, അതേസമയം ഇടപാടുകളുടെ മൂല്യം 7.73 ശതമാനം ഉയർന്നു.

ഈ വർഷം ഒക്ടോബറിൽ യുപിഐ വഴിയുള്ള പേയ്മെന്റുകൾ 12 ലക്ഷം കോടി രൂപ കടന്നിരുന്നു. നവംബറിൽ യുപിഐ വഴി 11.90 ലക്ഷം കോടി രൂപയുടെ 730.9 കോടി ഇടപാടുകൾ നടന്നു. കഴിഞ്ഞ രണ്ട് വർഷമായി UPI ഇടപാടുകളുടെ എണ്ണവും മൂല്യവും ഉയരുന്നുണ്ട്. പകർച്ചവ്യാധി പടർന്നുപിടിച്ച സമയങ്ങളിൽ 'കോണ്ടാക്ട് ലെസ്സ്' ഇടപാടുകൾ വർധിച്ചതോടു കൂടി യുപിഐ ഇടപാടുകളുടെ സാധ്യത ഉയർന്നു.

2022 ൽ 125.94 ട്രില്യൺ രൂപ മൂല്യമുള്ള 74 ബില്യണിലധികം ഇടപാടുകൾ യുപിഐ വഴി നടന്നതായി എൻപിസിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ യുപിഐ വഴി 71.54 ട്രില്യൺ മൂല്യമുള്ള 38 ബില്യൺ ഇടപാടുകൾ നടത്തി. ഒരു വർഷത്തിനുള്ളിൽ, ഇടപാടുകളുടെ അളവ് 90 ശതമാനത്തിലധികം കുതിച്ചുയരുകയും മൂല്യം 76 ശതമാനം കുതിക്കുകയും ചെയ്തു.

2016-ൽ ആരംഭിച്ച് ഏകദേശം മൂന്ന് വർഷത്തിന് ശേഷം, 2019 ഒക്ടോബറിൽ യുപിഐ ഇടപാടുകൾ ആദ്യത്തെ 100 കോടി കടന്നു. അതിനുശേഷം, അതിവേഗമാണ് ഇടപാടുകൾ വർധിച്ചത്. ഒരു വർഷത്തിനുള്ളിൽ, 2020 ഒക്ടോബറിൽ, ഇത് 200 കൊടിയിലധികമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.