Sections

രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ പുതിയ പദ്ധതി ആരംഭിക്കുന്നു 

Wednesday, Sep 21, 2022
Reported By admin
scheme

മുന്‍വര്‍ഷത്തെ 1.62 ലക്ഷം കോടി രൂപയേക്കാള്‍ 39% കൂടുതലാണ് ഇത്

 
രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പിഎം പ്രണാം (PM PRANAM - PM Promotion of Alternate Nutrients for Agriculture Management Yojana) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്. 2022-2023 ല്‍ 2.25 ലക്ഷം കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന രാസവളങ്ങളുടെ സബ്‌സിഡി കുറയ്ക്കാനാണ് നിര്‍ദ്ദിഷ്ട പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷത്തെ 1.62 ലക്ഷം കോടി രൂപയേക്കാള്‍ 39% കൂടുതലാണ് ഇത്.

എന്താണ് പ്രധാനമന്ത്രി പ്രണാം പദ്ധതി?

സ്‌കീമിന് പ്രത്യേക ബജറ്റ് ഉണ്ടായിരിക്കില്ല. കൂടാതെ രാസവള വകുപ്പ് നടത്തുന്ന സ്‌കീമുകള്‍ക്ക് കീഴില്‍ നിലവിലുള്ള വളം സബ്‌സിഡിയുടെ ലാഭത്തില്‍ നിന്ന് ധനസഹായം ലഭിക്കും. പണം ലാഭിക്കുന്ന സംസ്ഥാനത്തിന് 50% സബ്‌സിഡി സേവിംഗ്സ് ഗ്രാന്റായി കൈമാറും. സ്‌കീമിന് കീഴില്‍ നല്‍കുന്ന ഗ്രാന്റിന്റെ 70 ശതമാനം, ജൈവ വള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പോലെയുള്ള കര്‍ഷകരുടെ ക്ഷേമത്തിനായി ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.

ശേഷിക്കുന്ന 30% ഗ്രാന്റ് തുക കര്‍ഷകര്‍, പഞ്ചായത്തുകള്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, വളം ഉപയോഗം കുറയ്ക്കുന്നതിനും ബോധവല്‍ക്കരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും പ്രോത്സാഹനത്തിനായി ഉപയോഗിക്കാം.

രാസവളങ്ങള്‍ കുറച്ചാല്‍ പ്രോത്സാഹനം

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സംസ്ഥാനത്തിന്റെ യൂറിയയുടെ ഉപഭോഗത്തില്‍ വര്‍ധനവാണോ കുറവാണോ ഉണ്ടായതെന്ന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ യൂറിയയുടെ ശരാശരി ഉപഭോഗവുമായി സര്‍ക്കാര്‍ താരതമ്യം ചെയ്യും.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ച ശരാശരി അളവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ അളവില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതി പ്രോത്സാഹനം നല്‍കും.

യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) തുടങ്ങിയ രാസവളങ്ങള്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ച സംസ്ഥാനങ്ങള്‍ക്കാണ് 50% സബ്സിഡി സേവിംഗ്സ് ഗ്രാന്റ് നല്‍കുക. രാസവള മന്ത്രാലയത്തിന്റെ ഡാഷ്‌ബോര്‍ഡായ iFMS ല്‍ (ഇന്റഗ്രേറ്റഡ് ഫെര്‍ട്ടിലൈസര്‍ മാനേജ്‌മെന്റ് സിസ്റ്റം) ലഭ്യമായ വിവരങ്ങള്‍ ഇതിനായി ഉപയോഗിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.