Sections

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ വളപ്രയോഗ യന്ത്രങ്ങളുമായി നെറ്റാഫിം

Wednesday, Apr 01, 2026
Reported By Admin
Netafim Launches AI-Based Irrigation Systems in India

മുംബൈ: പ്രമുഖ പ്രിസിഷൻ ഇറിഗേഷൻ കമ്പനിയായ നെറ്റാഫിം, നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഞ്ചാം തലമുറ ഓട്ടോമേറ്റഡ് ഡോസിംഗ് യന്ത്രങ്ങൾ വിപണിയിലിറക്കി. കൃത്യമായ അളവിൽ വെള്ളവും വളവും കൃഷിയിടങ്ങളിൽ എത്തിക്കാൻ സഹായിക്കുന്ന സ്മാർട്ട് ഫെർട്ടിഗേഷൻ സംവിധാനമാണിത്.

തുറസ്സായ കൃഷിയിടങ്ങൾക്കും ഗ്രീൻഹൗസ് കൃഷികൾക്കും ഒരുപോലെ അനുയോജ്യമായ ഈ സംവിധാനത്തിൽ ചെടികളുടെ ആവശ്യത്തിനനുസരിച്ച് വളം നൽകുന്നത് സ്വയം പഠിച്ചെടുക്കുന്ന നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് അമിത വളപ്രയോഗം തടയുകയും വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

നെറ്റാഫിമിന്റെ സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഗ്രോസ്ഫിയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കർഷകർക്ക് മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ എവിടെയിരുന്നും വളപ്രയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും.

ഈ പരമ്പരയിൽ വിവിധ ആവശ്യങ്ങൾക്കായി നാല് വ്യത്യസ്ത മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. തുറസ്സായ കൃഷിയിടങ്ങൾക്കും തോട്ടങ്ങൾക്കും അനുയോജ്യമായ ഫെർട്ടികിറ്റ് 5ജി, വലിയ അളവിൽ ഒന്നിച്ച് എളുപ്പത്തിൽ വളപ്രയോഗം നടത്താൻ സഹായിക്കുന്ന ഫെർട്ടി വൺ 5ജി, പെട്ടെന്നുള്ള ജലസേചനത്തിനും ശ്രദ്ധയോടെ പരിപാലിക്കേണ്ട വിളകൾക്കുമുള്ള നെറ്റാജെറ്റ് 5ജി, അതീവ കൃത്യതയോടെ വളം നൽകാൻ ഓപ്പൺ ടാങ്ക് മിക്സിംഗ് സംവിധാനമുള്ള നെറ്റാഫ്ലെക്സ് 5ജി എന്നിവയാണ് അവ.

ഇന്ത്യൻ കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവ്, ജലക്ഷാമം, വളപ്രയോഗത്തിലെ അശാസ്ത്രീയത എന്നിവയ്ക്ക് ഈ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വലിയൊരു പരിഹാരമാകുമെന്ന് നെറ്റാഫിം ഇറിഗേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വികാസ് സോനാവാനെ വ്യക്തമാക്കി. വെള്ളത്തിന്റെയും വളത്തിന്റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിലൂടെ കൃഷിച്ചെലവ് കുറയ്ക്കാനും, മണ്ണിലെയും ഭൂഗർഭജലത്തിലെയും രാസവള മലിനീകരണം തടയാനും ഈ പുത്തൻ സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.