Sections

ഇന്ത്യയുടെ ജിസിസി വിപണി 2030-ൽ 110 ബില്യൺ യുഎസ് ഡോളറാകുമെന്ന് നെസ്റ്റ് ഡിജിറ്റൽ വൈസ് പ്രസിഡൻറ്

Thursday, Nov 27, 2025
Reported By Admin
Nest Digital Says India’s GCC Sector to Grow to $110B by 2030

ടെക്നോപാർക്കിൻറെ വോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമായി ഇന്ത്യയെ ആഗോള കമ്പനികൾ തെരഞ്ഞെടുക്കുകയാണെന്ന് നെസ്റ്റ് ഡിജിറ്റൽ എസ്ടിസി വൈസ് പ്രസിഡൻറും ബിസിനസ് ഓപ്പറേഷൻസ് മേധാവിയുമായ സാബു ഷംസുദീൻ പറഞ്ഞു. 2030 ആകുമ്പോൾ നിലവിലുള്ള 64.6 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 110 ബില്യൺ യുഎസ് ഡോളറായി രാജ്യത്തെ ജിസിസി മേഖല വളരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ടെക്നോപാർക്കിൻറെ ഔദ്യോഗിക വോഡ്കാസ്റ്റ് പരമ്പരയായ 'ആസ്പയർ: സ്റ്റോറീസ് ഓഫ് ഇന്നൊവേഷനി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ടെക്നോപാർക്കിൻറെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ജിസിസി വഴി രാജ്യത്ത് ഏകദേശം 1.9 ദശലക്ഷം തൊഴിലവസരങ്ങൾ ഇതുവരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്തെ എല്ലാ വലിയ കമ്പനികളും ഇന്ത്യയിൽ ജിസിസികൾ സ്ഥാപിക്കുകയാണ്. ബംഗളൂരുവിന് പുറമേ കേരളത്തിലും ദക്ഷിണേന്ത്യയിലും നൂറോളം കമ്പനികൾ ജിസിസികൾ തുടങ്ങാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

1990-ൽ ടെക്നോപാർക്ക് സ്ഥാപിതമായപ്പോൾ മുതൽ പ്രവർത്തനം തുടങ്ങിയ നെസ്റ്റ് ഡിജിറ്റൽ എസ്ടിസി എഞ്ചിനീയറിംഗിലും മാനുഫാക്ചറിങ്ങിലും ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനമാണ്.

ഭാവിയിൽ 80 ശതമാനം ജിസിസികളും എഐ അധിഷ്ഠിതമായിരിക്കുമെന്നും അഞ്ചോ പത്തോ ജിസിസികൾ ടെക്നോപാർക്കിൽ വന്നാൽ പോലും കേരളം ഒരു ടെക്നോളജി ഹബ്ബായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെക്നോപാർക്കിലെ ആദ്യ കമ്പനികളിലൊന്നായി തങ്ങൾ പ്രവർത്തനം ആരംഭിച്ചതാണെന്നും ഇന്ന് നെസ്റ്റ് ഗ്രൂപ്പിന് കീഴിൽ എസ്എഫ്ഒ ടെക്നോളജീസ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമ്മാണ യൂണിറ്റായി വളർന്നതായും അദ്ദേഹം പറഞ്ഞു. മാനുഫാക്ചറിങ്ങിനായി സ്വന്തമായി പ്രത്യേക സാമ്പത്തിക സോൺ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ടോണിക്സ് മാനുഫാക്ചറിങ്ങ് സ്ഥാപനമായതിൻറെ നേട്ടം കമ്പനിയ്ക്കുണ്ട്. എഐയും നവീന സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിർമ്മാണത്തിലും സോഫ്റ്റ്വെയർ വികസനത്തിലും ധാരാളം മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്നതാണ് വിജയത്തിലേയ്ക്കുള്ള വഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) രംഗത്ത് ഉത്പാദനം, നിർമ്മാണം, ഹാർഡ് വെയർ, ഗവേഷണ വികസനം തുടങ്ങിയ മേഖലകളെല്ലാം എഐയും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് അതിവേഗം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എഐയുടെ സഹായത്തോടെ നെസ്റ്റ് ഡിജിറ്റൽ എസ്ടിസി ആഗോള ക്ലയൻറുകൾ, ഡിഫെൻസ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങൾക്കായി സെൻസിറ്റീവ് ഡിവൈസുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ സ്ഥാപനം പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 30, 35 ബിരുദ, ബിരുദാനന്തര ബിരുദധാരികളെ കമ്പനി റിക്രൂട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ അതിവേഗം മാറുന്ന ഇക്കാലത്ത് യുവാക്കൾ പഠനത്തിൽ സജീവ സമീപനം പുലർത്തണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.