- Trending Now:
ജീവിത തിരക്കുകളുടെ ഓട്ടങ്ങൾക്കിടയിൽ പലർക്കും ഞങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ പോകുന്നുണ്ട്. പ്രായമാകുന്നതിനനുസരിച്ചാണ് ഓരോ രോഗങ്ങൾ വന്നുകൊണ്ടിരുന്നത്, എന്നാൽ ഇന്നത്തെ പുതുതലമുറക്ക് അതൊക്കെ ജീവിതശൈലി രോഗങ്ങളായി മാറിയിരിക്കുന്നു.
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളാണ് നടുവേദനയും കഴുത്ത് വേദനയുമൊക്കെ. പണ്ടൊക്കെ ഇത്തരം വേദനകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴുത്ത് വേദന അല്ലെങ്കിൽ തോൾ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, കൈകൾക്ക് കൂടുതൽ ആയാസം നൽകിയുള്ള ജോലികളിൽ ഏർപ്പെടുന്നവർ, കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. ചുരുക്കത്തിൽ, ആധുനിക തൊഴിലുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ് കഴുത്ത് വേദന എന്ന വില്ലൻ.ഉറങ്ങി എഴുന്നേൽക്കുമ്പോഴാണ് പലരിലും കഴുത്ത് വേദന കൂടുതലായി അനുഭവപ്പെടുന്നത്. വലിയ തലയണ ഉപയോഗിക്കുന്നവരിലും ഇത്തരം വേദന സാധാരണമാണ്. എന്തുകൊണ്ടാണ് ഈ വേദന ഉണ്ടാകുന്നന്നതെന്നൊന്നും ആലോചിക്കാതെ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പെയിൻ ബാം (pain balm) പുരട്ടി തൽക്കാലത്തേക്ക് വേദനയ്ക്ക് ആശ്വാസം കണ്ടെത്തുക എന്നതാണ് നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്നത്. കഴുത്തിനുണ്ടാകുന്ന ചെറിയ ആയാസം പോലും കഠിനമായ കഴുത്ത് വേദനയ്ക്ക് കാരണമാകും. അതായത് മനുഷ്യ ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ ഏകദേശം 10-12 ശതമാനം തൂക്കം വരുന്ന തല ഉടലുമായി ചേർത്ത് വെക്കുന്ന കഴുത്തിന് അനുഭവപ്പെടുന്ന ചെറിയ ഉലച്ചിൽ പോലും തോൾ സന്ധി വേദനയിലേയ്ക്ക് നയിക്കും. അതുകൊണ്ടാണ് ദീർഘനേരമുള്ള യാത്രയ്ക്ക് ശേഷവും കംപ്യൂട്ടർ ഉപയോഗത്തിന് ശേഷവുമൊക്കെ പലരിലും കഴുത്ത് വേദന രൂക്ഷമാകുന്നത്.
വിവിധ തൊഴിൽ രീതികളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാൻ കാരണമാകുന്നു. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ചലനം നടക്കുന്നത് തോൾ സന്ധികൾക്കും പേശികൾക്കും ഇടയിലാണ്. നമ്മുടെ കഴുത്തിൽ ഏഴ് കശേരുക്കൾ ഉണ്ട് എന്ന് അറിയാമല്ലോ. ഓരോ കശേരുവിന്റെ ഇടയിലും ഡിസ്ക്കും ഉണ്ടാകും. ഇതിന്റെ പുറകിലാണ് സുഷുമ്നാ നാഡിയും മസിലുകളും. ഈ പറഞ്ഞവയിൽ ഏത് ഭാഗത്ത് തകരാറുണ്ടായായും അത് കഴുത്ത് വേദനയ്ക്ക് കാരണമാകും. പരുക്കുകൾ മൂലം കഴുത്തിലെ അസ്ഥികൾക്കോ പേശികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായമാകുമ്പോൾ എല്ലുകൾക്കുണ്ടാകുന്ന തേയ്മാനം എന്നീ കാരണങ്ങളെല്ലാം കഴുത്ത് വേദനയിലേയ്ക്ക് നയിക്കും. ഓരോ പ്രായത്തിനനുസരിച്ച് കഴുത്ത് വേദനയിലും വ്യത്യാസം ഉണ്ടാകാം.
വശങ്ങളിലേക്ക് തിരിക്കാൻ പ്രയാസം അനുഭവപ്പെടുക, നീർക്കെട്ട്, കൈകളിലേക്ക് വ്യാപിക്കുന്ന വേദന, കഴുത്തിന്റെ ചുറ്റുപാടുമുള്ള വേദന, കൈകളുടെ ബലക്കുറവ്, വേദനയില്ലാതെ തന്നെ കഴുത്തിനുണ്ടാകുന്ന പിടിത്തം, തലവേദന, മുഖത്തിനുണ്ടാകുന്ന വീക്കം, കൈകളിലെ തരിപ്പ് തുടങ്ങിയവയെല്ലാം കഴുത്ത് വേദനയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്.
ചിലപ്പോൾ വിട്ടുമാറാത്ത കഴുത്ത് വേദന ചിലപ്പോൾ മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ സ്വയ ചികിത്സയ്ക്ക് നിൽക്കാതെ എത്രയും വേഗം ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
മുഖത്തെ കരിവാളിപ്പ് മാറ്റുവാനുള്ള മാർഗ്ഗങ്ങൾ... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.