- Trending Now:
നവംബർ 26 ദേശീയ ക്ഷീരദിനമായി രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ധവള വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃകയിലുള്ള സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാലുൽപാദനത്തിൽ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്ത ആദരണീയനായ ഡോ. വർഗീസ് കുര്യൻറെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
ത്രിഭുവൻ ദാസ് പട്ടേലും വർഗീസ് കുര്യനും മുന്നോട്ടുവച്ച സഹകരണ ഫെഡറലിസത്തിൻറെ ആധാരശിലയിൽ ഊന്നിനിന്നുകൊണ്ടാണ് രാജ്യത്ത് ക്ഷീര സഹകരണമേഖല പ്രവർത്തിക്കുന്നത്. 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകർഷകരാണ് രാജ്യത്തെ ക്ഷീരമേഖലയുടെ കരുത്ത്. ക്ഷീരമേഖല കൈവരിച്ച നേട്ടത്തിലൂടെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക അവസ്ഥ വലിയ തോതിൽ മെച്ചപ്പെട്ടു. ഇത് ചെറുകിടകർഷകർക്ക് പാലിന് ന്യായമായ വില ലഭിക്കുന്നത് ഉറപ്പാക്കുകയും ചൂഷണം ഒഴിവാക്കുകയും സുസ്ഥിരവളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സാധാരണക്കാരന് ഏറ്റവും എളുപ്പത്തിലും ചെലവുകുറഞ്ഞും ലഭിക്കുന്ന പോഷകാഹാരമാണ് പാലും പാലുൽപന്നങ്ങളും. നദീതട സംസ്കാരകാലം തൊട്ട് പശുക്കളെ ഇണക്കിവളർത്തിത്തുടങ്ങിയ ഇന്ത്യയിൽ പശുവളർത്തൽ ഇപ്പോഴും ഏറ്റവും പ്രധാനപ്പെട്ട തൊഴിലുകളിലൊന്നാണ്. ലോകത്തെ ഏറ്റവും വലിയ ക്ഷീരോൽപാദക രാജ്യം ഇന്ത്യയാണെന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ്. ഈ നേട്ടത്തിലെത്തിയതിൽ ക്ഷീരമേഖലയിലെ സഹകരണ മാതൃക വലിയ സംഭാവന നൽകിയിട്ടുണ്ട്.
മറ്റു രാജ്യങ്ങളിൽ വൻകിട ഡെയറി ഫാമുകളെ കേന്ദ്രീകരിച്ചാണ് ക്ഷീരവ്യവസായം നിലനിൽക്കുന്നത്. അതേസമയം ഇന്ത്യയിലെ ക്ഷീരമേഖലയെ നിലനിർത്തുന്നത് ചെറുകിട ക്ഷീരകർഷകരാണ്. രാജ്യത്തെ ക്ഷീരമേഖല ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗത്തിൻറെ നിർണായക സ്രോതസ്സാണ്. ഇന്ത്യയുടെ ക്ഷീര സഹകരണ ശൃംഖല 2,30,000 ഗ്രാമങ്ങളിലായി 80 ദശലക്ഷം കർഷകരെ ഉൾക്കൊള്ളുകയും അവർക്ക് തുല്യമായ വരുമാന വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ക്ഷീരമേഖലയിൽ 35% സഹകരണ സംഘങ്ങളിൽ സ്തീകൾ സജീവമായി പ്രവർത്തിക്കുന്നു. ഗ്രാമീണതലത്തിൽ സ്ത്രീകൾ നയിക്കുന്ന 48,000 ക്ഷീര സഹകരണ സംഘങ്ങളുണ്ട്. ഇത് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. ഇന്ത്യൻ ക്ഷീരമേഖലയ്ക്ക് കൂടുതൽ വളർച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങളുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ രാജ്യത്തിൻറെ ക്ഷീരമേഖലയിൽ വലിയ കയറ്റുമതി സാധ്യതയാണുള്ളത്.
സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കാനാണ് ക്ഷീരമേഖല ലക്ഷ്യമിടുന്നത്. ഉൽപാദനക്ഷമത കൂട്ടുകയെന്നതാണ് ഈ ദിശയിലേക്കുള്ള പ്രധാന കാൽവയ്പ്. അതോടൊപ്പം വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും വേണം. ആഗോളതലത്തിലെ മികച്ച മാതൃകകൾ പകർത്തുകയും നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുകയും ചെയ്തുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ കൂടുതൽഉയരങ്ങളിലെത്താൻ നമ്മുടെ ക്ഷീരമേഖലയ്ക്ക് സാധിക്കും. കാലാവസ്ഥാവ്യതിയാനം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, പ്രകൃതിവിഭവങ്ങളുടെ ശോഷണം തുടങ്ങി ക്ഷീരമേഖല നേരിടുന്ന നിർണായക വെല്ലുവിളികളും ദേശീയ ക്ഷീര ദിനാചരണ വേളയിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ തൊഴിലാളി ക്ഷാമം വലിയ പ്രശ്നമല്ലെങ്കിലും ക്ഷീരമേഖലയുടെവളർച്ച നിലനിർത്താൻ യുവകർഷകരെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തെ ക്ഷീരമേഖലയുടെ 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകർഷകർ ജോലിഭാരം കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, പ്രകൃതിവിഭവങ്ങളുടെ ശോഷണം തുടങ്ങിയവ ക്ഷീരമേഖല നേരിടുന്ന നിർണായക വെല്ലുവിളികളാണ്. ക്ഷീരമേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിൽ സുസ്ഥിര സമ്പ്രദായങ്ങൾ നടപ്പാക്കുന്നത് നിർണായകമാണ്. വൈക്കോൽ ഉൾപ്പെടെയുള്ള കാർഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയിൽ പ്രധാനമായും കാലിത്തീറ്റയായി ഉപയോഗിക്കുന്നത്. പാഴ്വസ്തുക്കൾ പ്രയോജനപ്പെടുത്താനും മാലിന്യം കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.
കേരളത്തിലെ ക്ഷീരമേഖലയുടെ വളർച്ച ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാലുൽപാദന രംഗത്ത് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഇതിൽ മിൽമയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ക്ഷീരകർഷകർക്ക് തൊഴിലും ഉപജീവനവും നൽകി ക്ഷേമപ്രവർത്തനങ്ങളിലൂടെ അവരോടൊപ്പം നിലകൊള്ളുകയും സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് മിൽമ മുന്നോട്ടു പോകുന്നത്. ഉപഭോക്താക്കളുടെ തൃപ്തിയും കർഷകരുടെ ഉന്നമനവും മിൽമ ഒരു പോലെ ലക്ഷ്യം വയ്ക്കുന്നു.
കർഷക ക്ഷേമ പദ്ധതികളിലൂടെ ഓരോ വർഷവും പാലുൽപാദനത്തിലും വിപണനത്തിലും മുന്നേറ്റമുണ്ടാക്കാൻ മിൽമയ്ക്ക് സാധിക്കുന്നുണ്ട്. ക്ഷീരമേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നവയാണ് ക്ഷീരസഹകരണ സംഘങ്ങൾ. ഇവയിലൂടെയാണ് ഗ്രാമീണ മേഖലയിലെ കർഷകരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് മിൽമ പ്രതിജ്ഞാബദ്ധമാണ്.
1980 കളുടെ തുടക്കത്തിൽ ആനന്ദ് മാതൃകയിൽ രൂപീകരിക്കപ്പെട്ട മിൽമ ഇന്ന് 3406 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളും 1.06 ദശലക്ഷം ക്ഷീരകർഷകരുമുള്ള പ്രസ്ഥാനമായി വളർന്നു. പ്രതിദിനം 1.25 ദശലക്ഷം ലിറ്റർ പാൽ സംഭരണവും 1.65 ദശലക്ഷം ലിറ്റർ പാൽ വിപണനവും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങളുമായി വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ മിൽമയ്ക്കായിട്ടുണ്ട്. നിലവിൽ 4327 കോടി രൂപ വിറ്റുവരവുള്ള സഹകരണ പ്രസ്ഥാനമാണ് മിൽമ. 2030 ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ ലക്ഷ്യമിടുന്നത്.
കോവിഡിന് ശേഷം പാൽ സംഭരണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും ഈ സാമ്പത്തിക വർഷത്തിൻറെ ആദ്യപകുതി 14 ശതമാനത്തിൻറെ വർധനവുണ്ടായി. കയറ്റുമതി സാധ്യത പരമാവധി പ്രയോജനപ്പെടുത്തി മിൽമ ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങൾ, മാലിദ്വീപ്, ലക്ഷദ്വീപ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കയറ്റുമതി ചെയ്തുവരുന്നു. യുഎസ്എ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വർഷം മലപ്പുറം മൂർക്കനാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മിൽമ പാൽപ്പൊടി ഫാക്ടറി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലോകോത്തര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമ്മിച്ച ഈ ഫാക്ടറിയിൽ നിന്ന് ഡയറി വൈറ്റ്നറും ഉൽപ്പന്നങ്ങളും മറ്റ് സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും വിൽപ്പന നടത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.
ക്ഷീരകർഷകരോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവും മിൽമയുടെ വളർച്ചയിൽ പ്രധാനപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനം എന്ന നിലയിൽ മിൽമയുടെ വളർച്ചയുടെയും വിപണി വിപുലീകരണത്തിൻറെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ ക്ഷീരകർഷകരാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തെ മിൽമയുടെ ലാഭവിഹിതത്തിൽ 254.79 കോടി രൂപ (92.5 ശതമാനം) അധിക പാൽവിലയായും കാലിത്തീറ്റ സബ്സിഡിയായും മറ്റ് ക്ഷേമപ്രവർത്തനങ്ങളായും ക്ഷീരകർഷകർക്ക് നൽകി.
ക്ഷീരമേഖലയിലെ മികച്ച സംഭാവനകൾക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മിൽമയുടെ മലബാർ മേഖലാ യൂണിയൻറെ അംഗസംഘങ്ങൾക്ക് ഈ വർഷം ലഭിക്കുകയുണ്ടായി. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്. വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാംസ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുൻവർഷങ്ങളിലും മലബാർ മിൽമയുടെ അംഗസംഘങ്ങൾക്ക് ദേശീയ ഗോപാൽ രത്ന പുരസ്കാരം ലഭിച്ചിരുന്നു. മലബാർ മേഖലാ യൂണിയൻറെ അംഗസംഘങ്ങളായ വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീരസംഘത്തിന് 2021-ൽ രണ്ടാം സ്ഥാനവും, മാനന്തവാടി, പുൽപ്പള്ളി ക്ഷീരസംഘങ്ങൾക്ക് യഥാക്രമം 2022, 2023 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലും പുതിയ കാലത്തെ ഭക്ഷ്യസുരക്ഷാ ഭീഷണികളിലും ക്ഷീരകർഷകർക്ക് ആവശ്യമായ അവബോധം നൽകേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് ഏറ്റവും സുരക്ഷിതവും ഗുണമേൻമയുമുള്ള പാലും പാലുൽപന്നങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഊന്നൽ നൽകണം. ഉൽപാദിപ്പിക്കുന്ന പാലിൻറെയും മൂല്യവർധിത ഉൽപന്നങ്ങളുടേയും ഗുണമേൻമയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വിപണി വിപുലീകരിച്ച് രാജ്യാന്തര ബ്രാൻഡായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചാണ് മിൽമ മുന്നോട്ട് പോകുന്നത്. അതോടൊപ്പം നിരവധി സബ്സിഡികളും ഇൻസെൻറിവുകളും ക്ഷേമപ്രവർത്തനങ്ങളും ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്നു.
ലളിതമായ വ്യവസ്ഥയിൽ ക്ഷീരകർഷകർക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കേരള ബാങ്കുമായി മിൽമ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം വലിയ തോതിൽ വായ്പകൾ അനുവദിച്ച് കേരള ബാങ്ക് ക്ഷീരകർഷകരെ സഹായിക്കുന്നുണ്ട്. പാലുൽപാദന വർധനവിനെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്.
ഉൽപാദന ചെലവ് കൂടുതലാണെങ്കിലും ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ പാൽവില നൽകുന്നത് നമ്മുടെ സംസ്ഥാനമാണെന്നത് ശ്രദ്ധേയമാണ്. ഉൽപാദനചെലവ് കുറച്ചും പാലുൽപാദനം വർധിപ്പിച്ചും കർഷകന് കൂടുതൽ ലാഭം സാധ്യമാക്കാനും സ്വയംപര്യാപതത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.