Sections

മുത്തൂറ്റ് സ്നേഹസമ്മാനം 2026ലേക്ക് അപേക്ഷ ക്ഷണിച്ചു

Saturday, May 09, 2026
Reported By Admin
Muthoot Snehasammanam 2026: Applications Invited for Monthly Financial Aid to Artists and Writers

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാർ, അവരുടെ വിധവകൾ, എഴുത്തുകാർ എന്നിവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന മുത്തൂറ്റ് സ്നേഹസമ്മാനം 2026 പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായി 2014 ലാണ് മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിക്ക് തുടക്കമിട്ടത്. സ്നേഹസമ്മാനം 2026ലൂടെ കേരളത്തിലുടനീളമുള്ള 20 കലാകാരന്മാർക്കാണ് സഹായം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്കും പ്രതിമാസം 5000 രൂപ വീതം സാമ്പത്തിക സഹായം നൽകും.

കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തംബുരു, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചെങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴൽ തുടങ്ങി കേരളത്തിലെ പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ലഭിച്ച പുരസ്കാരങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും വിവരങ്ങളും പകർപ്പുകളും, ബന്ധപ്പെട്ട കലാരംഗത്തെ വിദഗ്ദ്ധൻറെ സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാനേജിംഗ് ഡയറക്ടർ, ദി മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസ്, എൻഎച്ച്. ബൈപ്പാസ്, പാലാരിവട്ടം, കൊച്ചി - 682028 എന്ന വിലാസത്തിൽ മേയ് 30ന് വൈകിട്ട് 5.30നകം നൽകണം.

സമ്പന്നമായ സംസ്കാരവും പൈതൃകവും നിറഞ്ഞ വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിൻറെ ചരിത്രം, വൈവിധ്യം, സംസ്കാരം, പൈതൃകം എന്നിവയെ ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്ക് മനസ്സിലാക്കാനും തനതായ പാരമ്പര്യത്തെ തിരിച്ചറിയാനും ഇന്ത്യൻ കലാകാരന്മാർ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.

പലപ്പോഴും കലാകാരന്മാരുടെ സംഭാവനകൾ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോകുന്നത് അവരുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്നു. കലയും കലാകാരന്മാരും സമൂഹത്തിനായി നൽകുന്ന മൂല്യം തങ്ങൾ തിരിച്ചറിയുന്നു. അതിനാലാണ് രാജ്യത്തെ കലാകാര സമൂഹത്തെ പിന്തുണയ്ക്കാനും ഉയർത്തിക്കൊണ്ടുവരാനും തങ്ങൾ പരമാവധി ശ്രമിക്കുന്നത്. സിഎസ്ആർ പദ്ധതികളിലൂടെ ഇത്തരത്തിലുള്ള സമൂഹങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് തങ്ങളുടെ ഉത്തരവാദിത്വത്തിൻറെ ഭാഗമാണ്. ഇതോടൊപ്പം നമ്മുടെ സംസ്കാരത്തിൻറെ ദീപശിഖ കൈമാറുന്ന കൂടുതൽ കലാകാരന്മാർ മുന്നോട്ടുവരണമെന്ന് തങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപേക്ഷകൾ അയക്കുന്ന കവറിന് പുറത്ത് മുത്തൂറ്റ് സ്നേഹസമ്മാനം 2026-നുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. വിശദവിവരത്തിന് ഫോൺ: 0484-4804079.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.