Sections

അടച്ചുപൂട്ടല്‍ ഭീഷണിയില്‍ കര്‍ണാടകയിലെ വന്‍,ചെറുകിട-ഇടത്തരം സംരംഭങ്ങള്‍

Saturday, Jul 31, 2021
Reported By
karnataka msme

വന്‍,ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കോവിഡ്-19 ലോക്ക്ഡൗണിന്റെ ആഘാതത്തില്‍

 

 കോവിഡ്-19 ലോക്ക്ഡൗണിന്റെ ആഘാതം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ വല്ലാതെ പിടിച്ചുലയ്ക്കുകയാണ്. കര്‍ണാടകയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയായ മൈസൂര്‍, ബംഗളൂരു പീനിയ വ്യവസായ മേഖല എന്നിവയാണ് ഭീഷണി നേരിടുന്ന പ്രധാന മേഖല. കോവിഡ് കേസുകളുടെ വര്‍ദ്ധനവ് തടയുന്നതിനുള്ള നടപടിയായി മൈസൂരു, ബംഗളൂരൂ മേഖലയിലെ മീഡിയം ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (എംഎസ്എംഇ) മേഖലകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതാണ് ഭൂരിഭാഗം സംരംഭങ്ങള്‍ക്കും വിനയായത്.

ഓട്ടോമൊബൈല്‍ മേഖലയുടെ അനുബന്ധ കേന്ദ്രമായ മൈസൂരുവില്‍ ലോക്ക്ഡൗണ്‍ ജീവനക്കാരെ മാത്രമല്ല ഉത്പാദന അസംസ്‌കൃത വസ്തുക്കളെയും സാരമായി ബാധിച്ചു.  .

പ്രതിരോധ, ആരോഗ്യ മേഖലകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഘടകങ്ങളുടെയും ഉല്‍പാദന യൂണിറ്റുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായോ തൊഴിലാളികളുമായോ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ജീവനക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്ന് മൈസൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എംസിസിഐ) പ്രസിഡന്റ് എ.എസ്. സതീഷ് പറഞ്ഞു. 

ചില വ്യാവസായിക യൂണിറ്റുകളുടെ കാര്യത്തില്‍ 50 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡിന്റെ വര്‍ദ്ധനവും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമായി തുടരേണ്ടതിന്റെ ആവശ്യകതകളും കണക്കിലെടുത്ത് തൊഴിലാളികള്‍ ഫാക്ടറി സൈറ്റില്‍ നിന്ന് മാറിനില്‍ക്കുകയാണ് '', മൈസൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (MIA) സെക്രട്ടറി സുരേഷ് കുമാര്‍ ജെയിന്‍ പറഞ്ഞു.

മൈസൂരു, പരിസര പ്രദേശങ്ങളില്‍ നിന്നുള്ള പ്രാദേശിക തൊഴിലാളികള്‍ സുരക്ഷയെ കരുതി മാറിനില്‍ക്കുമ്പോള്‍, ആദ്യത്തെ ലോക്ക്ഡൗണിനുശേഷം കുടിയേറ്റ തൊഴിലാളികള്‍ പൂര്‍ണ്ണമായി മടങ്ങിയെത്തിയിട്ടില്ല. വന്നവരാക്കട്ടെ നിലവിലെ അവസ്ഥയില്‍ അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയാണ്. റെയില്‍വേ നടത്തുന്ന പ്രത്യേക വണ്‍വേ ട്രെയിനുകളുടെ എണ്ണത്തില്‍ ഇത് വ്യക്തമാണ്. മെയ് ഒന്നിനും പത്തിനും ഇടയില്‍ മൈസുരു മുതല്‍ ബീഹാറിലെ ദാനാപൂരിലേക്ക് ഇതുവരെ 6 ട്രെയിനുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

രണ്ടാം ലോക്ക്ഡൗണും കര്‍ണാടകയില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതും കാരണം ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള നിരവധി തൊഴിലാളികള്‍ അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതായും ഇത് ഉല്‍പാദന മേഖലയെ സാരമായി ബാധിച്ചുവെന്നും ജെയ്ന്‍ പറഞ്ഞു.

'' ആദ്യത്തെ ലോക്ക്ഡൗണിനുശേഷം വ്യാവസായിക യൂണിറ്റുകളുടെ പ്രവര്‍ത്തനം വളരെ വേഗതയേറിയതും     മാര്‍ച്ചോടെ കോവിഡ് മഹാമാരിക്ക് മുന്‍പുള്ള ദിവസങ്ങളുടെ ഉല്‍പാദനത്തിന്റെ 60 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ 30 ശതമാനത്തില്‍ തിരിച്ചെത്തി കഷ്ടപ്പെടുകയാണ് '', സതീഷ് പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. വിപണിയിലെ അനിശ്ചിതത്വം കാരണം ലഭ്യമായതെന്തും വാങ്ങാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു. പക്ഷെ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്. 

ബെംഗളൂരുവിലെ പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നത് കൊണ്ടാണ് മൈസൂരിലേക്ക് ചരക്ക് നീക്കം താമസിക്കുന്നത്. മൈസുരു ജില്ലയില്‍ 25,000 ത്തോളം എംഎസ്എംഇകളുണ്ട്, അതില്‍ 40 ശതമാനമേ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

2019ല്‍ പീനിയ വ്യവസായിക മേഖലയില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്താല്‍ പതിനായിരത്തോളം വ്യാവസായിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടിരുന്നു. ടെക്സ്റ്റൈല്‍, ആട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ്, ഫാബ്രിക്കേഷന്‍, പാക്കേജിംഗ്, പൗഡര്‍ കോട്ടിംഗ്, ഇലക്ടോപ്ലേറ്റിംഗ് വ്യവസായങ്ങളാണ് ഇവിടെ കൂടുതല്‍. ഈ സ്ഥാപനങ്ങളാണ് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. പലതും ഇതിനകം തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 

80കളിലും 90കളിലും രാജ്യത്തെ വിവിധ ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്കാണ് തൊഴില്‍ അന്വേഷിച്ച് വന്നിരുന്നത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ ലഭിച്ചത് പീനിയയിലെ ചെറുതും ഇടത്തരവും വലുതുമായ വ്യവസായ സ്ഥാപനങ്ങളിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.