Sections

മഴകാരണം 300 കോടിയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

Monday, Sep 19, 2022
Reported By MANU KILIMANOOR

മഴയുടെ അളവ് ഉള്‍ക്കൊള്ളാന്‍ കഴിയാതെ റോഡും ഇരുവശത്തുള്ള ഓവുചാലുകള്‍ക്കും തകരുന്നു

സംസ്ഥാനത്തുണ്ടായ ശക്തമായ മഴകാരണം 300 കോടിയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിനുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകള്‍ നന്നാക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകള്‍ തകരുന്നില്‍ മഴ ഒരു മുഖ്യകാരണമാണ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ മോശക്കാരാണെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോള്‍ ഒന്നു രണ്ട് ദിവസത്തില്‍ കിട്ടുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണില്‍ മാറ്റം വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലായ് ഒന്നു മുതല്‍ 11 വരെ 373 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണഗതിയില്‍ ലഭിക്കേണ്ട മഴയുടെ അളവിനേക്കാള്‍ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് ഒന്നുമുതല്‍ അഞ്ചുവരെ ലഭിച്ച മഴ 126 ശതമാനം അധികമാണ്.

ഓഗസ്റ്റ് 22 മുതല്‍ 24 വരെ 190 ശതമാനം അധികം മഴയും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ 167 ശതമാനം അധികം മഴയുമാണ് സംസ്ഥാനത്ത് ലഭിച്ചത്.പ്രതിദിന മഴയുടെ പാറ്റേണില്‍ വലിയ മാറ്റം സംഭവിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. അതിതീവ്ര മഴയുടെ അളവ് ഉള്‍ക്കൊള്ളാന്‍ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ക്കും കഴിയാതെ വന്ന് റോഡുകള്‍ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്നും ഭാവിയില്‍ പുതിയ സാങ്കേതികവിദ്യ റോഡ് നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.