- Trending Now:
കൊച്ചി: ജാംനാലാൽ ബജാജ് ഫൗണ്ടേഷൻ (ജെബിഎഫ്) ട്രസ്റ്റിയും ജെബിഎഫിന്റെ ഓണററി ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകയുമായ മിനാൽ ബജാജ്, ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) പ്ലാറ്റിനം പേട്രണായി പിന്തുണ നൽകി.
കലാപരമായ ആശയവിനിമയം, വിദ്യാഭ്യാസം, സാംസ്കാരിക പൈതൃകങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിനുള്ള പൊതു ഇടമാണ് ബിനാലെ എന്ന വിശ്വാസം മിനാൽ ബജാജിന്റെ വരവോടെ വീണ്ടും ശക്തമാവുകയാണെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
'സാംസ്കാരിക പുനരുജ്ജീവനം, പൈതൃക സംരക്ഷണം, സാമൂഹിക ശാക്തീകരണം എന്നിവയിലാണ് ബിനാലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സർഗാത്മകതയെ പ്രചോദിപ്പിക്കാനും കലാവിദ്യാഭ്യാസത്തിനുമൊപ്പം ജനങ്ങളെ ഒന്നിപ്പിക്കാനും കലയ്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് കെഎംബിക്കുള്ള പിന്തുണയ്ക്ക് പിന്നിലെന്ന് അവർ ചൂണ്ടിക്കാട്ടി. കല, സമൂഹത്തെ സമ്പന്നമാക്കുന്നതിനോടൊപ്പം സാംസ്കാരിക മികവിന്റെ മൂല്യം വളർത്തുന്നു. സമകാലിക കല, സാംസ്കാരിക ഓർമ്മ, മാനവികതയുടെ പങ്ക് വയ്ക്കൽ എന്നിവയുടെ ഈ ആഘോഷം കൊച്ചിയുടെ പൈതൃക വഴികളിലൂടെ സഞ്ചരിക്കുന്ന എല്ലാവർക്കും പ്രചോദനമാകട്ടെ', മിനാൽ പറഞ്ഞു.
നിരക്ഷരരും വീടുകളിൽ തളച്ചിടപ്പെട്ട മുംബൈയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് 2012-ൽ മിനാൽ ആരംഭിച്ച എൻജിഒ ആണ് 'ഹമാരാ സപ്ന'. ഖാദി വസ്ത്രങ്ങൾ, ഇംഗ്ലീഷ് പഠനം, യോഗ, സ്വയം പ്രതിരോധം, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുകയും, അതുവഴി സ്വയംപര്യാപ്തതയും സ്വദേശി ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഹമാരാ സപ്ന സെന്ററുകളെ അവരുടെ 'മായിക്ക' (അമ്മയുടെ വീട്) ആയി കണക്കാക്കാനാണ് മിനാൽ പറയുന്നത്.
രാജ്യത്തെ രണ്ടാമത്തെ പഴക്കമേറിയ ഡോ. ഭാവുദാജി ലാഡ് മ്യൂസിയത്തിന്റെ പുനഃസ്ഥാപന പ്രക്രിയയിൽ മിനാലിനുള്ള പങ്ക് കലയോടും സംസ്കാരത്തോടുമുള്ള അവരുടെ സ്നേഹം പ്രതിഫലിപ്പിക്കുന്നു. കായിക പ്രേമി എന്ന നിലയിൽ, ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ അത്ലറ്റുകളെ പിന്തുണയ്ക്കുന്ന ഒളിമ്പിക് ഗോൾഡ് ക്വസ്റ്റിലും അവർക്ക് സജീവ പങ്കാളിത്തമുണ്ട്.
വിവിധ മേഖലകളിലെ മിനാലിന്റെ പ്രവർത്തനങ്ങളെ മാനിച്ച്, 2019-ൽ റോട്ടറി ക്ലബ് ഓഫ് ബോംബെ അവർക്ക് 'അനിത പരീഖ് അവാർഡ് ഫോർ എംപവർമെന്റ് ഓഫ് വിമൺ' പുരസ്കാരം നൽകി ആദരിച്ചു. കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ ട്രസ്റ്റി, സത്യാർത്ഥി മൂവ്മെന്റ് ഫോർ ഗ്ലോബൽ കംപാഷന്റെ ഉപദേശക സമിതി അംഗം, നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ (എൻ സി പി എ) ഡ്രാമ കമ്മിറ്റി അംഗം, വിമൻസ് ക്യാൻസർ ഇനിഷ്യേറ്റീവ്-ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ രക്ഷാധികാരി അംഗം തുടങ്ങിയ നിലകളിലും അവർ പ്രവർത്തിക്കുന്നു.
അടുത്തിടെ, പ്രൊഫഷണൽ ആർക്കൈവിസ്റ്റുകളുടെ പങ്കാളിത്തത്തോടെ, ബജാജ് കുടുംബത്തിന് വേണ്ടി, 'ബജാജ് ഫാമിലി ഹെറിറ്റേജ്' എന്ന പേരിൽ ഫാമിലി ആർക്കൈവ്സ് വികസിപ്പിക്കുന്നതിനുമുള്ള ചുമതലയും മിനാലിനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.