Sections

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി

Tuesday, May 07, 2024
Reported By Admin
Midwives for Women Summit

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയിൽ ചേർന്ന മിഡ് വൈവ്സ് ഫോർ വുമൺ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ് മിഡ് വൈഫുമാർ.
ഇന്ത്യൻ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബർത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയിൽ തെലങ്കാനയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ദ്ധയും ഫെർണാണ്ടെസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ഡോ. എവിറ്റ ഫെർണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി.

അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നേടിയ മിഡ് വൈഫുകളുടെ സേവനം തെലങ്കാനയിൽ സൃഷ്ടിച്ച മാറ്റം അവർ ചൂണ്ടിക്കാട്ടി. ആഗോളതലത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയ കേസുകളിൽ മാതൃ മരണം കുറവാണെന്ന് മനസിലാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള സേവനം നാം കൂടുതൽ പ്രയോജനപ്പെടുത്തിയാൽ പ്രസവകാലത്തെ മാതൃ മരണ നിരക്ക് കുറയ്ക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

ഡോക്ടർമാരും മിഡ് വൈവ്സ് പ്രൊഫഷണലുകളും ഒരുപോലെ പ്രവർത്തിക്കണമെന്നും ഇത്തരത്തിൽ ഒന്നിച്ചുനിൽക്കുമ്പോൾ മാതൃ-ശിശു പരിചരണം കൂടുതൽ മികവുറ്റതാക്കുവാൻ സാധിക്കുമെന്നും അവർ പറഞ്ഞു. മിഡ് വൈഫറിക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിലൂടെ മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കാൻ സാധിക്കുമെന്നും ഇതിലൂടെ പരിശീലനം നേടിയ മിഡ് വൈഫുകളുടെ അഭാവം കുറയ്ക്കാൻ കഴിയുമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. മിഡ് വൈഫുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന കേസുകളിൽ നോർമ്മൽ ഡെലിവറി വർദ്ധിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ടെന്നും ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ദ്ധർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്വാഭാവിക പ്രസവത്തേക്കാൾ കൂടുതൽ സിസേറിയൻ ആണ് നടക്കുന്നതെന്നും കേരളത്തിലെ ചില ആശുപത്രികളിൽ നടത്തിയ സർവേയിൽ 30 നോർമൽ ഡെലിവെറി നടക്കുമ്പോൾ സിസേറിയൻ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് 150 ഓളമാണെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗദ്ധർ ചൂണ്ടിക്കാട്ടി. നഴ്സുമാരുടെ പ്രശ്ന പരിഹാര നൈപുണ്യം ആരോഗ്യമേഖല വേണ്ട വിധം പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന കാര്യത്തിൽ നാം ആത്മ പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ട പ്രൊഫ. ഡോ. ജോർജ്ജി ഇറലിൽ ജോയ് ഈ മേഖലയിലെ തൊഴിൽ സാധ്യതയെ കുറിച്ച് വിശദീകരിച്ചു.

രാജ്യത്തെ മിഡ് വൈഫുകളെ പിന്തുണയ്ക്കുന്നതിന്റെയും പരസ്പര സഹകരണത്തോടെയുള്ള പരിചരണത്തിന് ഊന്നൽ നൽകിയുള്ള നയ രൂപീകരണത്തിന്റെ ആവശ്യകതയും വിദഗ്ദ്ധർ ചർച്ച ചെയ്തെന്ന് ഉച്ചകോടിക്ക് നേതൃത്വം നൽകിയ ബർത്ത് വില്ലേജ് സ്ഥാപക പ്രിയങ്ക ഇടിക്കുള പറഞ്ഞു. എല്ലാ അമ്മമാർക്കും അർഹിക്കുന്ന മികച്ച പരിചരണം ഉറുപ്പുവരുത്തുന്ന രീതിയിൽ മാതൃ സംരക്ഷണം പുനർ രൂപകൽപ്പന ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും ചർച്ചാ വിഷയമായെന്ന് പ്രിയങ്ക വ്യക്തമാക്കി.
കൊച്ചി ഹോട്ടൽ റാഡിസൻ ബ്ലൂവിൽ നടന്ന ഉച്ചകോടിയിൽ ട്രൈബൽ ഹെൽത്ത് ഇനിഷ്യേറ്റീവ് സഹ സ്ഥാപക ഡോ. ലളിത റെജി, കോട്ടയം ഗവ. നഴ്സിങ് കോളജ് മുൻ അസി. പ്രൊഫസർ ഏലിയാമ്മ അബ്രഹാം, മുതിർന്ന അഭിഭാഷക ലിസ് മാത്യു, റേണു സൂസൻ തോമസ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പാനൽ ചർച്ചയിൽ ഡോ. ഉഷ, രതി ബാലചന്ദ്രൻ, മീന കെ, വനീസ മെയ്സ്റ്റർ, പയോഷ്നി ജെയിൻ, റീന, ഹരീഷ് ഉത്തമൻ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.