- Trending Now:
കൊച്ചി: വാണിജ്യരംഗത്തെ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ ക്രയശേഷി വർധിപ്പിക്കുന്നതിനുള്ള സോഫ്റ്റ് വെയർ സേവനങ്ങൾ നൽകുന്ന മെർപ് സിസ്റ്റംസ് ഇൻഫോപാർക്കിലെ കാർണിവൽ ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചു. പ്രധാനമായും യുഎസ്എ കേന്ദ്രീകരിച്ച് സേവനങ്ങൾ നൽകി വരുന്ന മെർപ് സിസ്റ്റംസ് ചേർത്തല ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
കമ്പനിയുടെ യുഎസ് പ്രവർത്തനങ്ങൾ കൂടുതലായുംം ചേർത്തല കാമ്പസിൽ നിന്നാണ് നടത്തുന്നതെന്ന് മെർപ് ഡയറക്ടർ രോഹിത് കുമാർ പറഞ്ഞു. യുഎസിന് പുറത്തേക്കും ഗൾഫ് മേഖലയിലേക്കും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലേക്ക് ഓഫീസ് സംവിധാനം വ്യാപിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് അടിസ്ഥാനമാക്കിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനാണ് മെർപ് നൽകുന്ന സേവനങ്ങൾ. മൈക്രോസോഫ്റ്റ് പവർ, ഡൈനാമിക് 365, മൈക്രോസോഫ്റ്റ് എഐ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഫ്റ്റ് വെയർ സേവനങ്ങൾക്ക് മാത്രമായി കൊച്ചിയിൽ മികവിന്റെ കേന്ദ്രം(സെന്റർ ഓഫ് എക്സലൻസ്) സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കമ്പനിയുടെ നിർമ്മിത ബുദ്ധി വിഭാഗം മേധാവി ഡോ. ഗോപകുമാർ പറഞ്ഞു. മികച്ച നൈപുണ്യ ശേഷിയുള്ള ജീവനക്കാരെ ഇതിനായി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. താമസിയാതെ കേരളത്തിന് വെളിയിലും ഓഫീസ് തുറക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേർത്തല ഇൻഫോപാർക്കിൽ 4000 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് ഇടമാണ് മെർപ് സിസ്റ്റത്തിനുള്ളതെന്ന് ഫിനാൻസ് കൺട്രോളർ രാജലക്ഷ്മി പറഞ്ഞു. 85 ജീവനക്കാരാണ് മെർപിൽ പ്രവർത്തിക്കുന്നത്. എട്ടുമാസം മുമ്പ് ഇൻഫോപാർക്ക് കാർണിവൽ ക്യാമ്പസിൽ തന്നെ ചെറിയതോതിൽ പ്രവർത്തനമാരംഭിച്ചിരുന്നു. നവംബർ മുതൽ 50 സീറ്റുകൾ കൂടി ഉൾപ്പെടുന്ന ഓഫീസ് സ്പേസിലാണ് പ്രവർത്തനം തുടങ്ങിയിത്.
2010 ൽ പ്രവർത്തനമാരംഭിച്ച മെർപ് സിസ്റ്റംസ് യുഎസിലെ പ്രശസ്തമായ നിരവധി സ്ഥാപനങ്ങൾക്ക് സോഫ്റ്റ് വെയർ സേവനങ്ങൾ നൽകി വരുന്നുണ്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ(സിഡിഎസ്), കാലിഫോർണിയ ഡിപാർട്ട്മന്റ് ഓഫ് പെസ്റ്റിസൈഡ് റെഗുലേഷൻ(ഡിപിആർ), കാലിഫോർണിയ ഡിപാർട്ട്മന്റ് ഓഫ് ഇൻഷുറൻസ്(സിഡിഐ), സ്മാൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ(എസ് ബിഎ), നാഷണൽ പാർക്ക് സർവീസ്(എൻപിഎസ്) കെന്റൺ കൗണ്ടി എയർപോർട്ട് ബോർഡ്, വാഷിംഗ്ടൺ സ്റ്റേറ്റ് ഗാംബ്ലിംഗ് അസോസിയേഷൻ തുടങ്ങിയവ മെർപിന്റെ പ്രധാന ഉപഭോക്താക്കളാണ്.
ഒമാൻ സർക്കാരിന്റെ ടെലികോം കമ്പനിയായ ഒമാൻടെൽ ഡിജിറ്റൽ-എഐ ട്രാൻഫോർമേഷൻ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി കഴിഞ്ഞ വർഷം മെർപ് സിസ്റ്റംസുമായി കരാറൊപ്പിട്ടിരുന്നു.
നിവേദ ഗണേശൻ, പ്രേംനായർ എന്നിവർ ചേർന്നാണ് മെർപ് സിസ്റ്റംസ് ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.