- Trending Now:
കൊച്ചി: മുൻനിര ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് 2025-ൽ ശക്തമായ വിൽപ്പന പ്രകടനം കാഴ്ച്ച വെച്ചതായി പ്രഖ്യാപിച്ചു. എഎംജി, ബിഇവി പോർട്ട്ഫോളിയോയും ഉൾപ്പെടെയുള്ള ടോപ്പ്-എൻഡ് വാഹനങ്ങൾക്കുള്ള വർധിച്ച ഡിമാൻഡും ഇതിന്റെ പ്രധാന കാരണമാണ്. പോർട്ട്ഫോളിയോയിലുടനീളമുള്ള മെഴ്സിഡീസ്-ബെൻസ് ഉൽപ്പന്നങ്ങൾ ഉപഭോക്തൃ മുൻഗണനയും വിശ്വസ്തതയും നിലനിർത്താൻ കഴിഞ്ഞു.
കൂടാതെ മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്ക് ജിഎൽഎസിൻറെ നിർമാണം ഇന്ത്യയിലും ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു. ഇതോടെ അമേരിക്കയ്ക്ക് പുറത്ത് ഈ അത്യാഡംബര എസ് യുവി തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. മെയ്ബാക്കിൻറെ ആഗോള വിപണികളിൽ ആദ്യ ആഞ്ചിലും ഇന്ത്യ ആദ്യമായി ഇടം നേടി. 2025ൽ 19,007 വാഹനങ്ങളാണ് മെഴ്സിഡീസ് ഇന്ത്യ വിറ്റത്.
ടിഇവി- ടോപ് എൻഡ് സെഗ്മെൻറിൽ 11 ശതമാനവും ബിഇവി- ബാറ്ററി വാഹനങ്ങളുടെ വിഭാഗത്തിൽ 12 ശതമാനവും വളർച്ച കൈവരിച്ചു. വരുമാനത്തിൻറെ കാര്യത്തിൽ 2025 എക്കാലത്തെയും മികച്ച വർഷമായിരുന്നു എഎംജി ജി63, എഎംജി സിഎൽഇ53, എഎംജി ജിഎൽസി43 എന്നീ മോഡലുകളോടെ ഉയർന്ന ഡിമാൻറ് എഎംജി വിഭാഗത്തിൽ 34 ശതമാനം വളർച്ച നേടാൻ സഹായകരമായി.
ഇന്ത്യയിൽ വിൽക്കുന്ന ടോപ്-എൻഡ് മെഴ്സിഡീസ് ബെൻസ് വാഹനങ്ങളിൽ 20 ശതമാനവും ഇപ്പോൾ ഇവികളാണ്. 2025ൽ വിറ്റ ഇലക്ട്രിക് കാറുകളിൽ 70 ശതമാനവും 1.25 കോടി മുതൽ 3.10 കോടി വരെ വിലയുള്ള ടോപ്-എൻഡ് മോഡലുകളായിരുന്നു. ഇക്യൂഎസ് മെയ്ബാക്ക് എസ് യുവി, ഇക്യൂഎസ് എസ് യുവി, ഇക്യൂഎസ് സെഡാൻ, മെഴ്സിഡീസ്-ബെൻസ് ജി580 എന്നിവയ്ക്കാണ് ആവശ്യക്കാരേറെയും.
2026ൻറെ തുടക്കത്തിൽ മെഴ്സിഡീസ് ബെൻസ് മെയ്ബാക്ക് ജിഎൽഎസ് സെലിബ്രേഷൻ എഡിഷൻ കമ്പനി പുറത്തിറക്കി. 4.10 കോടി രൂപയാണ് വില. കൂടാതെ 5 സീറ്റിൻറെ ഇക്യൂഎസ് എസ്യുവി സെലിബ്രേഷൻ എഡിഷൻ 1.34 കോടി രൂപയ്ക്കും ഏഴ് സീറ്റിൻറേത് 1.48 കോടി രൂപയ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. ഈ മോഡലുകൾക്ക് ഇന്ത്യയിൽ ലഭിച്ച വലിയ വിജയത്തിൻറെ ആഘോഷമായാണ് പ്രത്യേക എഡിഷനുകൾ പുറത്തിറക്കിയത്.
ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി എംബി.ചാർജ് പബ്ലിക് എന്ന ഏകീകൃത പബ്ലിക് ചാർജിംഗ് നെറ്റ്വർക്കും കമ്പനി അവതരിപ്പിച്ചു. 37 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ നെറ്റ്വർക്ക് ഇന്ത്യയിൽ 9,000ലധികം ഡിസി ചാർജിംഗ് പോയിൻറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചാർജിംഗ് പോയിൻറ് കണ്ടെത്തുന്നതു മുതൽ പണമടയ്ക്കൽ വരെ ഒരൊറ്റ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലൂടെ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം.
മൂല്യത്തെ അധിഷ്ടിതമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഉപഭോക്താക്കൾക്ക് അത്യാഡംബര ഉൽപ്പന്നങ്ങൾ ഉറപ്പാക്കാനും തങ്ങൾക്ക് സാധിച്ചതായി മെഴ്സിഡീസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. 2025ൽ ടോപ് എൻഡ് വാഹനങ്ങളുടേയും ബിഇവികളുടേയും വിപണിയിൽ വലിയ വളർച്ചയാണ് ഉണ്ടായത്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മെഴ്സിഡീസ് ബെൻസ് മെയ്ബാക്ക് ജിഎൽഎസ് ഇന്ത്യയിയിൽ നിർമിക്കുന്നത്. 2026ൽ ഇന്ത്യയിൽ 12 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026ൽ മൂന്ന് പുതിയ വിപണികളിലായി 15 പുതിയ ടച്ച്പോയിൻറുകൾ ആരംഭിക്കും. നിലവിലുള്ള 15 ടച്ച്പോയിൻറുകളുടെ നവീകരണവും കമ്പനി ലക്ഷ്യമിടുന്നു. ഇതോടൊപ്പം മെഴ്സിഡീസ് ബെൻസ് ഫ്രാഞ്ചൈസി പങ്കാളികളിലൂടെ 450 കോടിയിലധികം രൂപയുടെ നിക്ഷേപം തുടരുമെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.