Sections

പൊതുമേഖലാ സ്ഥാപനങ്ങൾക്കായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കും

Tuesday, Dec 27, 2022
Reported By admin
kerala

എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും ശ്രമിക്കുന്നുണ്ട്


പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വിദഗ്ധർ, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കൊച്ചിയിൽ റിയാബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബിസിനസ് അലയൻസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.രാജീവ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല വ്യവസായ സ്ഥാപനങ്ങളിൽ നിർമിക്കുന്ന ഉപകരണങ്ങൾ, യന്ത്ര ഭാഗങ്ങൾ എന്നിവയുടെ വിപണി വിപുലീകരണത്തിൻറെ ഭാഗമായാണ് ബിസിനസ് അലയൻസ് മീറ്റ് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ രംഗത്ത് വൻ കുതിപ്പാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങൾ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിലും ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം പതിനായിരത്തിൽ അധികം സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ എംഎസ്എം ഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. മെയിഡ് ഇൻ കേരള എന്ന പുതിയ ബ്രാന്റ് ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ഇന്നലെ വ്യവസായ വകുപ്പ് മന്ത്രി നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംഎസ്എംഇ ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുന്നതിനോട് സംസ്ഥാന സർക്കാരിനും അനുകൂല നിലപാടാണ്. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ ഈ പരിശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.