Sections

മാമ്പഴവും ഇഎംഐ വ്യവസ്ഥയിൽ; പുത്തൻ തന്ത്രവുമായി വ്യാപാരി രംഗത്ത്

Saturday, Apr 08, 2023
Reported By admin
emi

വലിയ വിലയോടെയാണ് ഈ സീസണിൽ മാമ്പഴം, വിപണിയിൽ എത്തിയിരിക്കുന്നത്


ഫ്രിഡ്ജും ടിവിയും റെഫ്രിജറേറ്ററുമൊക്കെ തവണ വ്യവസ്ഥയിൽ വാങ്ങുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാൽ ഇതാദ്യമായിരിക്കും മാമ്പഴം ഇതുപോലെ തവണ വ്യവസ്ഥയിൽ വാങ്ങിക്കാൻ ഒരു വ്യാപാരി അവസരം ഒരുക്കുന്നത്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ട് അല്ലേ? എന്നാൽ അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. പൂനയിലെ ഒരു പഴ കച്ചവടക്കാരനാണ് തൻറെ കടയിൽ ഇഎംഐ വ്യവസ്ഥയിൽ മാമ്പഴ കച്ചവടം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് തവണ വ്യവസ്ഥയിൽ ഇദ്ദേഹത്തിൻറെ കടയിൽ നിന്നും മാമ്പഴം വാങ്ങിക്കാം. പൂനയിലെ ഗുരുകൃപ ട്രേഡേഴ്സ് ആൻഡ് ഫ്രൂട്ട് പ്രോഡക്ട്സിൻറെ ഉടമയായ ഗൗരവ് സനസാണ് ഇത്തരത്തിൽ വേറിട്ട ഒരു കച്ചവട തന്ത്രവുമായി എത്തിയിരിക്കുന്നത്. തൻറെ ഈ ആശയം കേട്ട് നെറ്റി ചുളിച്ചവരോട് ഗൗരവ് സനസ് ചോദിക്കുന്നത് റഫ്രിജറേറ്ററുകളും എയർകണ്ടീഷണറുകളും ഒക്കെ തവണകളായി വാങ്ങിക്കാമെങ്കിൽ എന്തുകൊണ്ട് മാമ്പഴം വാങ്ങിച്ചു കൂടാ എന്നാണ്.

ദേവഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ നിന്നുള്ള അൽഫോൻസോ അല്ലെങ്കിൽ `ഹാപ്പസ്' മാമ്പഴമാണ് ഇത്തരത്തിൽ ഇഎംഐ വ്യവസ്ഥയിൽ ഇദ്ദേഹം വിൽക്കാൻ ഒരുങ്ങുന്നത്. നിലവിൽ ചില്ലറ വിപണിയിൽ ഇതിന് ഡസൻ ഒന്നിന് 800 മുതൽ 1,300 രൂപ വരെയാണ് വില. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഇഎംഐ വ്യവസ്ഥയിൽ ഒരാൾ മാമ്പഴം വിൽക്കുന്നത് എന്നാണ് തൻറെ പുതിയ ബിസിനസ് ഉദ്യമത്തെക്കുറിച്ച് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഗൗരവ് അവകാശപ്പെട്ടത്. സാധാരണക്കാരന് വാങ്ങിക്കാൻ കഴിയുന്നതിലും വലിയ വിലയോടെയാണ് ഈ സീസണിൽ മാമ്പഴം, വിപണിയിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആശയം താൻ മുന്നോട്ടുവച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.

മൊബൈൽ ഫോണുകൾ തവണകളായി വാങ്ങുന്നതിന് സമാനമാണ് ഇഎംഐ വ്യവസ്ഥയിൽ മാമ്പഴം ഗൗരവിൻറെ ഔട്ട്ലെറ്റ് വഴി വാങ്ങുന്നതിനുള്ള നടപടിക്രമം. ഉപഭോക്താവ് ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടതുണ്ട്, വാങ്ങുന്ന തുക മൂന്ന്, ആറ് അല്ലെങ്കിൽ 12 മാസത്തെ ഇഎംഐ ഗഡുക്കളായി മാറ്റും. പക്ഷേ ഒരു കാര്യമുണ്ട്, മിനിമം 5,000 രൂപയുടെ എങ്കിലും മാമ്പഴം വാങ്ങിക്കുന്നവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.