Sections

മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് അവതരിപ്പിച്ചു

Saturday, Jun 28, 2025
Reported By Admin
Mahindra Manulife Launches New Banking and Financial Services Mutual Fund

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻറെയും (മഹീന്ദ്ര ഫിനാൻസ്) മാനുലൈഫ് ഇൻവെസ്റ്റ്മെൻറ് മാനേജ്മെൻറ് (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡിൻറെയും സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വൽ ഫണ്ട്, മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് അവതരിപ്പിച്ചു. ബാങ്കിംഗ്, സാമ്പത്തിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളിലും ഓഹരികളുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീർഘകാല മൂലധന വളർച്ച നേടാനാണ് ഈ ഓപ്പൺ-എൻഡഡ് ഇക്വിറ്റി പദ്ധതി ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് & ഇൻഷുറൻസ് (ബിഎഫ്എസ്ഐ) മേഖല ശക്തമായ വളർച്ചയ്ക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന ധനകാര്യവൽക്കരണം, ഡിജിറ്റൽ സ്വീകാര്യത, പ്രതിശീർഷ വരുമാനത്തിലെ വർദ്ധനവ്, അനുകൂലമായ റെഗുലേറ്ററി അന്തരീക്ഷം എന്നിവ പോലുള്ള ദീർഘകാല ഘടനാപരമായ വളർച്ചാനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഈ ഫണ്ട് ലക്ഷ്യമിടുന്നു. ബാങ്കിംഗ്, ഇൻഷുറൻസ്, അസറ്റ് മാനേജ്മെൻറ് കമ്പനികൾ, ബ്രോക്കിംഗ്, ഫിൻടെക്, മറ്റ് ധനകാര്യ സേവനങ്ങൾ എന്നിവയിലുടനീളം ഈ മേഖലയുടെ വളർച്ചയിൽ പങ്കുചേരാൻ നിക്ഷേപകർക്ക് ഈ പദ്ധതിയിലൂടെ സാധിക്കും.

ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. സമ്പദ്വ്യവസ്ഥ കൂടുതൽ ഔപചാരികമാവുകയും സാമ്പത്തിക ഉൾക്കൊള്ളൽ വർദ്ധിക്കുകയും ചെയ്യുമ്പോൾ ഈ മേഖല ദീർഘകാല ഘടനാപരമായ വളർച്ചാ സാധ്യതകൾ നൽകുന്നു. തങ്ങളുടെ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് ചിട്ടയായതും ശാസ്ത്രീയവുമായ നിക്ഷേപ സമീപനത്തിലൂടെ ഈ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നുവെന്ന് മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെൻറ് മാനേജ്മെൻറിൻറെ എംഡിയും സിഇഒയുമായ ആന്തണി ഹെറേഡിയ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക പശ്ചാത്തലത്തിൽ ബാങ്കിംഗ് ഒരു ശക്തമായ പിൻബലമായാണ് നിലകൊള്ളുന്നത്. എന്നാൽ അവസരങ്ങൾ ഇതിലും വളരെ വലുതാണ്. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പോലുള്ള പരമ്പരാഗത സ്ഥാപനങ്ങൾ മുതൽ ഇന്ത്യയുടെ സമ്പാദ്യം, വായ്പ, നിക്ഷേപം, ഇടപാടുകൾ എന്നിവയിൽ നവീകരണം കൊണ്ടുവരുന്ന വളർന്നുവരുന്ന സ്ഥാപനങ്ങൾ വരെ ഉൾക്കൊള്ളുന്ന ബിഎഫ്എസ്ഐ മേഖലകളിലെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ഒരു വൈവിധ്യമാർന്ന പോർട്ട്ഫോളിയോ കെട്ടിപ്പടുക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. ഇത് അടിസ്ഥാനപരമായ കാര്യങ്ങളിലും മൂല്യനിർണ്ണയത്തിലും ചിട്ടയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെൻറ് മാനേജ്മെൻറിൻറെ ഇക്വിറ്റി വിഭാഗം സിഐഒ കൃഷ്ണ സാംഘവി പറഞ്ഞു.

ഇന്ത്യയുടെ മൊത്തം വിപണി മൂലധനത്തിൻറെ മൂന്നിലൊന്നിലധികം വരുന്നതും കോർപ്പറേറ്റ് ലാഭത്തിൽ വർദ്ധിച്ചുവരുന്ന പങ്കുള്ളതുമായ ധനകാര്യ സേവന മേഖല, ഇൻഷുറൻസ്, അസറ്റ് മാനേജ്മെൻറ് കമ്പനികൾ, ഫിൻടെക്, ഡിജിറ്റൽ ബ്രോക്കിംഗ് തുടങ്ങിയ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഈ ഫണ്ട് സഹായിക്കുന്നു.

ഈ പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ജൂൺ 27-ന് ആരംഭിച്ച് 2025 ജൂലൈ 11-ന് അവസാനിക്കും. 2025 ജൂലൈ 21 മുതൽ ഈ പദ്ധതി തുടർച്ചയായ വിൽപ്പനയ്ക്കും തിരികെ വാങ്ങുന്നതിനുമായി വീണ്ടും തുറക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.