- Trending Now:
ഇന്ത്യയുടെ എംഎസ്എംഇ മേഖല പണം കൈകാര്യം ചെയ്യുന്നതിലും വായ്പകൾ പ്രയോജനപ്പെടുത്തുന്നതിലും ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാകുന്നതിലും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പരിവർത്തനത്തിന്റെ പ്രധാന ചാലകശക്തി ഡിജിറ്റൽ പേയ്മെന്റുകളുടെ, പ്രത്യേകിച്ച് യുപിഐയുടെ, ദ്രുതഗതിയിലുള്ള സ്വീകാര്യതയാണ്. ഇത് ചെറുകിട ബിസിനസുകൾ ഇടപാടുകൾ നടത്തുന്ന രീതിയെയും സാമ്പത്തിക രേഖകൾ സൂക്ഷിക്കുന്ന രീതിയെയും അടിസ്ഥാനപരമായി മാറ്റിമറിച്ചിരിക്കുന്നു.
സൗകര്യപ്രദമായ പേയ്മെന്റ് സംവിധാനമായി ആരംഭിച്ച യുപിഐ ഇന്ന് അതിനപ്പുറത്തേക്ക് വളർന്നിരിക്കുന്നു. ബിസിനസ് ശീലങ്ങളിൽ മാറ്റം വരുത്താനും സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കാനും ലക്ഷക്കണക്കിന് എം.എസ്.എം.ഇ.കൾക്ക് ഔദ്യോഗിക ധനകാര്യ സേവനങ്ങളിലേക്ക് പ്രവേശനം ഒരുക്കാനും ഇത് സഹായിക്കുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് വരെ പല സൂക്ഷ്മ, ചെറുകിട സംരംഭങ്ങളും പ്രധാനമായും പണമിടപാടുകളെ ആശ്രയിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. വിൽപ്പനയും ലാഭവും ഉണ്ടായിരുന്നെങ്കിലും ഇടപാടുകളുടെ വിശ്വസനീയമായ സാമ്പത്തിക രേഖകൾ പലപ്പോഴും പരിമിതമായിരുന്നു. ഇതുമൂലം വായ്പ ലഭ്യമാക്കുന്നത് വെല്ലുവിളിയായി തുടർന്നു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സംരംഭകർക്ക് പോലും തങ്ങളുടെ ബിസിനസിന്റെ കരുത്ത് വായ്പാദാതാക്കളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇന്ന് ഓരോ ക്യുആർ കോഡ് പേയ്മെന്റും ബാങ്ക് കൈമാറ്റവും ഡിജിറ്റൽ രസീതും ബിസിനസിന്റെ സാമ്പത്തിക ചരിത്രത്തിലേക്ക് പുതിയൊരു രേഖ കൂട്ടിച്ചേർക്കുന്നു. ഓരോ ഇടപാടും ബിസിനസ് പ്രവർത്തനത്തിന്റെ തെളിവായി മാറുകയും കാലക്രമേണ വിശ്വാസ്യതയും സാമ്പത്തിക പ്രതിച്ഛായയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
പല തരത്തിലും, ഡാറ്റ ബിസിനസിന്റെ പുതിയൊരു തിരിച്ചറിയൽ രേഖയായി മാറുകയാണ്.
രാജ്യത്തുടനീളം ക്രമാനുഗതവും എന്നാൽ നിർണായകവുമായ ഒരു മാറ്റമാണ് നടക്കുന്നത്. സംരംഭകർ ഇപ്പോൾ ഡിജിറ്റലൈസേഷനെ കേവലം സൗകര്യമായി മാത്രം കാണുന്നില്ല. ബാങ്കിംഗ് രേഖകൾ സൂക്ഷിക്കുന്നതും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതും ഔദ്യോഗികമായി ഇടപാടുകൾ നടത്തുന്നതും വായ്പാ ലഭ്യത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അവർ തിരിച്ചറിയുന്നു.
കൃത്യമായി ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന ഒരു ചെറുകിട കടയുടമയോ ബാങ്കിംഗ് ചാനലുകളിലൂടെ ഇടപാടുകൾ നടത്തുന്ന ഒരു ചെറിയ നിർമ്മാതാവോ മുമ്പ് ഇല്ലാതിരുന്ന ഒരു സാമ്പത്തിക തിരിച്ചറിയൽ സൃഷ്ടിക്കുകയാണ്.
അനൗദ്യോഗിക രീതികളിൽ നിന്ന് ഔദ്യോഗിക സാമ്പത്തിക പെരുമാറ്റത്തിലേക്കുള്ള ഈ മാറ്റം ഇന്ത്യയുടെ എം.എസ്.എം.ഇ. മേഖലയിലെ പ്രധാന പരിവർത്തനങ്ങളിലൊന്നാണ്.
നിരവധി സംരംഭകർക്ക്, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിലുള്ളവർക്ക്, സ്മാർട്ട്ഫോൺ ഇപ്പോൾ അക്കൗണ്ടന്റും പേയ്മെന്റ് സംവിധാനവും ബാങ്കിംഗ് ബന്ധത്തിന്റെ പ്രധാന ഉപാധിയുമായി മാറിയിരിക്കുന്നു.
അക്കൗണ്ട് തുറക്കൽ, പേയ്മെന്റുകൾ നടത്തൽ, ബാലൻസ് പരിശോധിക്കൽ, വായ്പ തിരിച്ചടയ്ക്കൽ, പണമിടപാടുകൾ നിരീക്ഷിക്കൽ തുടങ്ങിയവയെല്ലാം ഇപ്പോൾ മിനിറ്റുകൾക്കകം സാധ്യമാകുന്നു.
ഈ സൗകര്യം തടസ്സങ്ങൾ കുറയ്ക്കുകയും ഔദ്യോഗിക സാമ്പത്തിക സംവിധാനവുമായി കൂടുതൽ സജീവമായി ഇടപഴകാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്കുകളുമായും നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുമായും ഇടപഴകാനുള്ള ആത്മവിശ്വാസവും വർധിക്കുന്നു.
എം.എസ്.എം.ഇ. വായ്പാ രംഗത്തെ എക്കാലത്തെയും വലിയ വെല്ലുവിളികളിലൊന്നാണ് വിവരങ്ങളുടെ അപര്യാപ്തത. മികച്ച പണമൊഴുക്കുള്ള പല ബിസിനസുകൾക്കും പരിമിതമായ സാമ്പത്തിക രേഖകളോ പരമ്പരാഗത ഈടുകളോ മാത്രമാണുള്ളത്.
ഈ അന്തരം നികത്തുന്നതിൽ സാങ്കേതികവിദ്യ നിർണായക പങ്കുവഹിക്കുന്നു.
ഡിജിറ്റൽ ഇടപാട് രീതികൾ, തിരിച്ചടവ് ശീലം, ബാങ്കിംഗ് പ്രവർത്തനങ്ങൾ എന്നിവ ഒരു ബിസിനസിന്റെ സാമ്പത്തിക നിലയും സാധ്യതകളും വിലയിരുത്താൻ സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങളാണ്. ഉത്തരവാദിത്തപൂർണ്ണമായ വായ്പാ വിലയിരുത്തൽ അനിവാര്യമായി തുടരുമ്പോഴും, കൂടുതൽ സമ്പന്നവും വിശ്വസനീയവുമായ ഡാറ്റ ലഭ്യമാകുന്നത് വായ്പാദാതാക്കൾക്ക് മികച്ച തീരുമാനങ്ങളെടുക്കാനും മുമ്പ് പരിഗണിക്കപ്പെടാതെ പോയ അർഹരായ സംരംഭകർക്ക് വായ്പ ലഭ്യമാക്കാനും സഹായിക്കുന്നു.
പാരമ്പര്യ സ്വത്തുക്കളേക്കാൾ ദൃഢനിശ്ചയവും കഠിനാധ്വാനവും മുൻനിർത്തി വളർന്ന ഒന്നാം തലമുറ സംരംഭകർക്ക് ഇത് പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു.
ബിസിനസ് രംഗത്ത് അവസരങ്ങൾ കാത്തിരിക്കില്ല. ഒരു ചില്ലറ വ്യാപാരിക്ക് ഉത്സവത്തിന് മുമ്പ് അധിക സ്റ്റോക്ക് ഒരുക്കേണ്ടിവരാം. ഒരു വിതരണക്കാരന് അപ്രതീക്ഷിതമായി വലിയ ഓർഡർ ലഭിക്കാം. ഉൽപ്പാദന തടസ്സങ്ങൾ ഒഴിവാക്കാൻ ഒരു നിർമ്മാതാവിന് അടിയന്തരമായി അസംസ്കൃത വസ്തുക്കൾ വാങ്ങേണ്ടിവരാം.
ഇത്തരം സാഹചര്യങ്ങളിൽ ധനസഹായത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നത് ബിസിനസ് അവസരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും.
അതിനാൽ എംഎസ്എംഇ വായ്പകളുടെ ഭാവി വേഗതയേറിയതും ലളിതവുമായ വായ്പാ നടപടിക്രമങ്ങളിലാണ്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ, ഇടപാടുകളോടൊപ്പം ലഭ്യമാകുന്ന ധനസഹായത്തിലൂടെയോ, മുൻകൂട്ടി അനുവദിച്ച പ്രവർത്തനമൂലധന പരിധികളിലൂടെയോ, ബിസിനസിന്റെ വേഗതയ്ക്കനുസരിച്ച് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.
വായ്പ നൽകൽ ഒരു പ്രത്യേക നടപടിയെന്നതിലുപരി ഇടപാടിന്റെ തന്നെ ഭാഗമായി മാറുകയാണ്.
ഒരു വിതരണക്കാരൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സാധനങ്ങൾ വാങ്ങുന്നതിനൊപ്പം ഹ്രസ്വകാല വായ്പാ പരിധിയും ലഭ്യമാകുന്ന സാഹചര്യം സങ്കൽപ്പിക്കാം. അല്ലെങ്കിൽ നീണ്ട മാനുവൽ നടപടിക്രമങ്ങളില്ലാതെ ഒരു വിതരണക്കാരന് ഇൻവോയ്സുകൾ ഡിസ്കൗണ്ട് ചെയ്യാൻ കഴിയുന്നതും.
വാണിജ്യവും ധനകാര്യവും തമ്മിലുള്ള ഈ സംയോജനം പണമൊഴുക്ക് മെച്ചപ്പെടുത്താനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും അനൗദ്യോഗിക വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
എംഎസ്എംഇകളെ സംബന്ധിച്ചിടത്തോളം, ലാഭിക്കുന്ന സമയം പലപ്പോഴും അധിക വരുമാനത്തിന് തുല്യമാണ്.
സാങ്കേതികവിദ്യ അതിവേഗം മുന്നേറുന്നുണ്ടെങ്കിലും വായ്പാ തീരുമാനങ്ങൾ പൂർണമായും അൽഗോരിതങ്ങളെ മാത്രം ആശ്രയിച്ചാകാൻ കഴിയില്ല.
ചെറുകിട ബിസിനസുകൾ വൈവിധ്യമാർന്നവയാണ്. സമാനമായ വിറ്റുവരവുള്ള രണ്ട് സംരംഭങ്ങൾക്ക് പ്രൊമോട്ടറുടെ അനുഭവം, പ്രാദേശിക വിപണി സാഹചര്യം, വ്യവസായത്തിന്റെ അവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യസ്തമായ അപകടസാധ്യതാ പ്രൊഫൈലുകൾ ഉണ്ടായേക്കാം.
അതിനാൽ സാങ്കേതികവിദ്യ മനുഷ്യരുടെ വിലയിരുത്തലിനെ മാറ്റിസ്ഥാപിക്കുകയല്ല, മറിച്ച് കൂടുതൽ കാര്യക്ഷമമാക്കുകയാണ് വേണ്ടത്.
ഭാവിയിലെ ശക്തമായ വായ്പാ മാതൃകകൾ ഡിജിറ്റൽ സംവിധാനങ്ങളുടെ കഴിവുകളെ പരിചയസമ്പന്നമായ വായ്പാ വിലയിരുത്തൽ, പ്രാദേശിക വിപണി ധാരണ, ഉത്തരവാദിത്തപൂർണ്ണമായ അപകടസാധ്യതാ നിയന്ത്രണം എന്നിവയുമായി സംയോജിപ്പിക്കുന്നതായിരിക്കും.
ഇന്ത്യയുടെ എംഎസ്എംഇ വളർച്ചയുടെ കഥ ഇനി സംരംഭകത്വത്തെക്കുറിച്ച് മാത്രമല്ല; ഡിജിറ്റൽ സംവിധാനങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ചും കൂടിയാണ്.
ഒരിക്കൽ പണം നിക്ഷേപിക്കാനും ബാങ്കിംഗ് സേവനങ്ങൾക്കുമായി ബാങ്ക് ക്യൂവിൽ നിന്നിരുന്ന സംരംഭകൻ ഇന്ന് തൽക്ഷണം പേയ്മെന്റുകൾ സ്വീകരിക്കുന്നു. അനൗദ്യോഗിക വായ്പകളെ ആശ്രയിച്ചിരുന്ന വ്യാപാരി ഘടനാപരമായ വായ്പാ സാധ്യതകൾ പരിശോധിക്കുന്നു. പരിമിതമായ സാമ്പത്തിക ചരിത്രമുള്ള ബിസിനസ് ഉടമ ഓരോ ഇടപാടിലൂടെയും തന്റെ സാമ്പത്തിക ചരിത്രം കെട്ടിപ്പടുക്കുന്നു.
ബിസിനസുകൾ മാറാൻ നിർബന്ധിതരായതുകൊണ്ടല്ല ഈ പരിവർത്തനം സംഭവിക്കുന്നത്. സുതാര്യത പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ തിരിച്ചറിയുന്നതിനാലാണ്.
ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം ഈ ഉത്തരവാദിത്തം ഏറെ പ്രധാനപ്പെട്ടതാണ്. മികച്ച വായ്പാ അച്ചടക്കം ഉറപ്പാക്കുന്നതിനൊപ്പം ചെറുകിട ബിസിനസുകളുടെ യഥാർത്ഥ ആവശ്യങ്ങൾക്കനുസരിച്ചുള്ള ലളിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ധനകാര്യ ഉൽപ്പന്നങ്ങൾ തുടർന്നും വികസിപ്പിക്കേണ്ടതുണ്ട്.
എംഎസ്എ.ഇ വളർച്ചയുടെ അടുത്ത ഘട്ടം വലിയ ഫാക്ടറികളെയോ ശക്തമായ ബാലൻസ് ഷീറ്റുകളെയോ മാത്രം ആശ്രയിച്ചായിരിക്കില്ല. കൂടുതൽ കരുത്തുറ്റതും സുസ്ഥിരവുമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങളും ഔദ്യോഗിക ധനകാര്യ സേവനങ്ങളും ഉത്തരവാദിത്തപൂർണ്ണമായ വായ്പകളും സ്വീകരിക്കുന്ന ദശലക്ഷക്കണക്കിന് സംരംഭകരായിരിക്കും അതിന് കരുത്തേകുക.
ചിലപ്പോൾ വിപ്ലവങ്ങൾ വലിയ പ്രഖ്യാപനങ്ങളോടെയല്ല ആരംഭിക്കുന്നത്.
ചിലപ്പോൾ അത് ഒരു ചെറിയ കടയുടമ തന്റെ കൗണ്ടറിൽ ഒരു ക്യുആർ കോഡ് സ്ഥാപിക്കുന്നതിലൂടെയാകാം ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.