Sections

എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ വീൽസ് ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തി 50,000 കോടി രൂപ കടന്നു

Saturday, Sep 19, 2026
Reported By Admin
AU Small Finance Bank Vehicle Loans Cross ₹50,000 Crore

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ വാഹന വായ്പാ വിഭാഗമായ 'വീൽസ് ബിസിനസ്' കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 50,000 കോടി രൂപ കടന്നു. യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യ സ്മോൾ ഫിനാൻസ് ബാങ്ക് കൂടിയാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്.

2026 ആഗസ്റ്റിലാണ് വായ്പാ വിഭാഗം ആസ്തി 50,000 കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നത്. ബാങ്കിന്റെ മൊത്തം വായ്പകളുടെ മൂന്നിലൊന്ന് ഭാഗവും ഈ വിഭാഗത്തിൽ നിന്നാണ്. കഴിഞ്ഞ 3 വർഷത്തിൽ 26 ശതമാനവും, 5 വർഷത്തിൽ 29 ശതമാനവും സ്ഥിരതയുള്ള വളർച്ച ഈ വിഭാഗം രേഖപ്പെടുത്തി.

ആകെയുള്ള 50,000ത്തിലധികം കോടി രൂപയിൽ 30,752 കോടി രൂപ പുതിയ വാഹനങ്ങൾക്കും, 17,966 കോടി രൂപ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും, 1,767 കോടി രൂപ ഇരുചക്ര വാഹനങ്ങൾക്കുമായി നൽകിയ വായ്പകളാണ്. രാജ്യത്തെ 2,000-ത്തോളം കേന്ദ്രങ്ങളിലെ 3,000-ത്തിലധികം സർവീസ് ടച്ച് പോയിന്റുകളിലൂടെ 13.7 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് ഈ വിഭാഗം സേവനം നൽകുന്നത്.

1996-ൽ രാജസ്ഥാനിലെ സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിച്ച സംരംഭകർക്കും ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്കും സാമ്പത്തിക സഹായം നൽകിക്കൊണ്ടാണ് എയു പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കർഷകർ, കോൺട്രാക്ടർമാർ, ടാക്സി ഉടമകൾ, ചെറുകിട സംരംഭകർ എന്നിവർക്ക് വാഹന വായ്പകൾ ലഭ്യമാക്കി അവരുടെ സാമ്പത്തിക പുരോഗതിക്ക് ബാങ്ക് മുൻഗണന നൽകി വരുന്നു.

30 വർഷം മുൻപ് കഠിനാധ്വാനികളായ സംരംഭകരെ സഹായിക്കാൻ തുടക്കമിട്ട ഈ പ്രസ്ഥാനം, ഇന്ന് 13 ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ വിശ്വാസമാർജ്ജിച്ചിരിക്കുകയാണ്. ഈ വലിയ നേട്ടം വെറുമൊരു സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവിത പുരോഗതിയുടെ സാക്ഷ്യപത്രം കൂടിയാണെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും എംഡിയും സിഇഒയുമായ സഞ്ജയ് അഗർവാൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.