Sections

എസ് ടി സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ; മിനിസ്ട്രി ഓഫ് ട്രൈബൽ അഫേഴ്‌സുമായി കെഎസ് യുഎം ധാരണാപത്രം ഒപ്പിട്ടു

Friday, Sep 18, 2026
Reported By Admin
KSUM Signs MoU to Support ST Entrepreneurs in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ (എസ്.ടി) വിഭാഗ സംരംഭകർക്ക് പിന്തുണ നല്കുന്ന പദ്ധതിയ്ക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ധാരണാപത്രം ഒപ്പിട്ടു.

എസ്.ടി വിഭാഗക്കാർ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകളെയും സംരംഭങ്ങളെയും കണ്ടെത്തുന്നതിനും ധനസഹായം ലഭ്യമാക്കുന്നതിനും ഇൻകുബേറ്റ് ചെയ്യുന്നതിനും മെൻറർഷിപ്പ്, വിപണി ബന്ധങ്ങൾ, നിക്ഷേപ സന്നദ്ധത പിന്തുണ എന്നിവ നൽകുന്നതിനുമുള്ള ധാരണാപത്രമാണിത്.

രാജ്യത്തെ ഏകദേശം 1,000 പട്ടികവർഗ സംരംഭകരിലേക്ക് എത്തുന്ന പദ്ധതിയിലൂടെ നൂറോളം പേർക്ക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ഫോർ എസ് ടി (വിസിഎഫ്-എസ് ടി) പ്രകാരം ധനസഹായം ലഭ്യമാകും. വിസിഎഫ്-എസ് ടി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രജിസ്ട്രേഷന്: https://www.vcfst.in/

പട്ടികവർഗ (എസ്.ടി) വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ധാരണാപത്രം ഒപ്പിട്ടത്. രാജ്യത്തെ മൊത്തം സ്റ്റാർട്ടപ്പുകളുടെ എണ്ണവും പട്ടികവർഗ (എസ് ടി) വിഭാഗക്കാർ നയിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണവും തമ്മിലുള്ള വിടവ് നികത്തുക, കൂടുതൽ സംരംഭകരെ സഹായിക്കുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു.

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള കേരള സർക്കാരിൻറെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനടക്കം രാജ്യത്തെ പത്ത് സാങ്കേതിക ബിസിനസ് ഇൻകുബേറ്ററുകളുമായും ഗോത്രകാര്യ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം, സഹമന്ത്രി ദുർഗാദാസ് ഉയികി, ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി രഞ്ജന ചോപ്ര എന്നിവരുടെ സാന്നിധ്യത്തിൽ ഗോത്രകാര്യ മന്ത്രാലയ ജോയിൻറ് സെക്രട്ടറി അനന്ത് പ്രകാശ് പാണ്ഡെയും കെഎസ് യുഎം ബിസിനസ് ഡെവലപ്മെൻറ് ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ആറു മാസമായി പ്രവർത്തിക്കുന്നതും എസ് ടി സംരംഭകർക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള കമ്പനികൾക്ക് 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം പദ്ധതിപ്രകാരം ലഭിക്കും. ഒരു വർഷത്തെ പ്രവർത്തന കാലയളവും എസ് ടി സംരംഭകർക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള കമ്പനികൾക്ക് 50 ലക്ഷത്തിന് മുകളിലുള്ള ഫണ്ടിന് അപേക്ഷിക്കാം. കൂടാതെ മൂന്ന് വർഷത്തെ കാലയളവിൽ പ്രതിവർഷം 10 ലക്ഷം രൂപ വീതം ആകെ 30 ലക്ഷം രൂപ നല്കും.

തൊഴിൽ സ്രഷ്ടാക്കളെയും തൊഴിലന്വേഷകരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തെക്കുറിച്ച് കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം സംസാരിച്ചു. പട്ടികവർഗ യുവജനങ്ങൾക്ക് ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ നവീനാശയക്കാരിലേക്കും സംരംഭകരിലേക്കും എത്തിച്ചേരുന്നതിനും ഇതിലൂടെ കൈത്താങ്ങ് നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

'വിക്സിത് ഭാരത്' എന്ന ദർശനത്തിൻറെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, എഐ എന്നിവയിൽ ഗോത്ര സമൂഹങ്ങൾ വളർച്ചയുടെ പാതയിലാണെന്ന് ഗോത്രകാര്യ സഹമന്ത്രി ദുർഗദാസ് ഉയികി പറഞ്ഞു.

ആദിവാസി സമൂഹങ്ങളുടെ സാധ്യതകളെ തിരിച്ചറിയുന്നതിനെക്കുറിച്ച് ഗോത്രകാര്യ മന്ത്രാലയ സെക്രട്ടറി രഞ്ജന ചോപ്ര സംസാരിച്ചു. നവീകരണം പട്ടികവർഗ വിഭാഗക്കാരുടെ ജീവിതരീതിയിൽ അന്തർലീനമാണെന്ന് അവർ പറഞ്ഞു.

പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങളുടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിലും ഇതൊരു സുപ്രധാന ചുവടുവയ്പ്പാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആൻറ് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ സംരംഭകത്വം തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സഹായകമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷന് പുറമെ ഐ.ഐ.എം കൽക്കട്ട ഇന്നൊവേഷൻ പാർക്ക്, ടി-ഹബ് ഫൗണ്ടേഷൻ, സ്റ്റാർട്ടപ്പ് തമിഴ് നാട്, സ്റ്റാർട്ടപ്പ് ഒഡീഷ, ഐ.ഐ.എം ഉദയ്പൂർ ഇൻകുബേഷൻ സെൻറർ, പ്രൈം മേഘാലയ, കെ.ഐ.ഐ.ടി ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് (എഫ്.ഐ.ഇ.ഡി), ഐ.ഐ.എം കാശിപൂർ, നാഗാലാൻഡിലെ എൻറർപ്രണർ സ്കൂൾ ഓഫ് ബിസിനസ് എന്നിവയുമായും മന്ത്രാലയം ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. രാജ്യത്തുടനീളമുള്ള പട്ടികവർഗ സമൂഹത്തിനിടയിൽ സംരംഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഈ സ്ഥാപനങ്ങൾ ഗോത്രകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും.

രാജ്യത്തെ വളർന്നു കൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് ആത്മനിർഭർ ഭാരത്, വിക്സിത് ഭാരത് 2047 എന്നിവയുടെ ദർശനത്തിലൂന്നി ഗോത്ര സംരംഭകർക്കിടയിൽ സംരംഭ വികസനം സുഗമമാക്കാൻ ധാരണാപത്രം വഴിയൊരുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.