- Trending Now:
കൊച്ചി: കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായി പിന്തുണ അറിയിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷറഫ് മട്ടാഞ്ചാരിയിലെ കൊച്ചി മുസീരിസ് ബിനാലെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. ബിനാലെ ചെയർപേഴ്സണും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ വി വേണു ഫഹാസ് അഷറഫിൽ നിന്ന് ചെക്ക് സ്വീകരിച്ചു. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സി.ഇ.ഒ തോമസ് വർഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, മാനേജർ വി. പീതാംബരൻ എന്നിവർ സന്നിഹിതരായിരുന്നു.
മുൻകാലങ്ങളിലും എം.എ യൂസഫലി മുസീരിസ് ബിനാലെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇത്തവണയും ബിനാലെയ്ക്കുള്ള സംഭാവന നൽകിയത്. സ്റ്റുഡൻസ് ബിനാലെ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കും. കൊച്ചിയുടെ സാസ്കാരിക പൈതൃകത്തെ ഊട്ടിയുറപ്പിക്കുന്ന പദ്ധതികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന പിന്തുണയാണിതെന്ന് ലുലു ഗ്രൂപ്പ് സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ് പ്രതികരിച്ചു. ബിനാലെ പിന്തുണയ്ക്കാൻ കഴിയുന്നത് സന്തോഷവും അഭിമാനവുമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ബിനാലെ വേദികൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിനാലേക്കുള്ള ലുലു ഗ്രൂപ്പിന്റെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ വി.വേണു ചെയർമാൻ എം. എ. യൂസഫ് അലിയുടെ പ്രോത്സാഹനത്തിനേയും പ്രശംസിച്ചു. വാണിജ്യ സ്പോൺസർഷിപ്പുകളിലോ പരസ്യങ്ങളിലോ ഞങ്ങൾ ആശ്രയിക്കുന്നില്ലെന്നും. അർത്ഥവത്തായ സ്ഥാപന പിന്തുണയാണു ബിനാലെയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 21 ന് ആരംഭിക്കുന്ന മുസിരീസ് ബിനാലെ ആറാം പതിപ്പ് 110 നീണ്ടുനിൽക്കും. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ടൺ ദ്വീപ്, എറണാകുളം നഗരമധ്യം ഉൾപ്പടെ 29 വേദികളാണ് ഒരുങ്ങുന്നത്. ഈ വർഷം നിരവധി പുതിയ വേദികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമാന്തരമായി നടക്കുന്ന സ്റ്റുഡന്റ്സ് ബിനാലെ യുവ കലാകാരന്മാരുടെ കഴിവുകൾ പ്രദർശിപ്പിക്കുമെന്നും ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.