Sections

നോർക്കയുടെ പുരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി.ശ്രീരാമകൃഷ്ണൻ

Monday, Jan 08, 2024
Reported By Admin
Norka Loan Mela

നോർക്കകേരള ബാങ്ക് പ്രവാസി ലോൺ മേളയിൽ 6.39 കോടിയുടെ വായ്പാനുമതി


തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃകയെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി പൊന്നാനി ആർ.വി പാലസിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റും, വായ്പാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭങ്ങൾ തുടങ്ങാൻ വായ്പ ആവശ്യമുള്ളവരെയും വായ്പ നൽകാൻ തയ്യാറുള്ള ധനകാര്യ സ്ഥാപനത്തേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകർക്ക് പിന്തുണ നൽകുക എന്നതാണ് ലോൺ മേളകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാവസായിക അന്തരീക്ഷവും വിപണിയുടെ സാധ്യതകളും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ പ്രവാസികൾക്ക് ഇതിലൂടെ കഴിയും. കേരളത്തിലെ പ്രവാസികൾ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

കേരളാ ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. നോർക്കാ റൂട്ട്സ് ജനറൽ മാനേജർ അജിത് കൊളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നോർക്കാ റൂട്ട്സ് സെൻട്രൽ മാനേജർ സി.രവീന്ദ്രൻ നോർക്കാ റൂട്ട്സിന്റെ പദ്ധതികളുടേയും കേരളാ ബാങ്ക് കൃഷി ഓഫീസർ ടി. രാജ്കുമാർ കേരളാ ബാങ്ക് പദ്ധതികളുടേയും വിശദീകരണം നടത്തി. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി.ശ്രീധരൻ സ്വാഗതവും പൊന്നാനി ഏരിയാ മാനേജർ ടി.എം. സൽമാ ബീവി നന്ദിയും പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം പൊന്നാനി ഉപജില്ല വ്യവസായ ഓഫീസർ റഷീദ്,കേരള സോപ്സ് മാർക്കറ്റിംഗ് മാനേജർ ശ്രീകുമാർ , കേരള സോപ്സ് ഫിനാൻസ് മാനേജർ രാജേഷ് കുമാർ, കേരള ഫീഡ്സ് ഏരിയ മാനേജർ ബിജേഷ്, മലബാർ സിമൻറ്സ് മാർക്കറ്റിംഗ് മാനേജർ വേണുഗോപാൽ എന്നിവർ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച ക്ലാസ്സുകളെടുത്തു.

മേളയിൽ ആകെ 135 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. 55 പേർക്ക് 6.39 കോടിയുടെ വായ്പക്കായുള്ള പ്രാഥമികാനുമതി ലഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവർക്ക് ലോൺ തുകകൾ അനുവദിക്കും.

നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം) പ്രകാരമാണ് വായ്പാമേള സംഘടിപ്പിച്ചത്. രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും ആദ്യത്തെ നാലു വർഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.