Sections

ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യല്‍: പണം നഷ്ടപ്പെടേണ്ടെങ്കില്‍ ഇങ്ങനെ ചെയ്യൂ...

Wednesday, Feb 16, 2022
Reported By Admin
bank

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസിന്റെ മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോഴോ പ്രസ്തുത നമ്പര്‍ ഉപയോഗിക്കാതിരിക്കുമ്പോഴോ കൃത്യമായി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ തട്ടിപ്പിനിരയാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും പോലീസ് അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. കൊല്ലം സ്വദേശിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപ

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോഴോ, പ്രസ്തുത നമ്പര്‍ ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും. 

അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്. കൊല്ലം സ്വദേശിയായ വീട്ടമ്മ മൂന്നു വര്‍ഷം മുന്‍പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതിരുന്നതോടെ മൊബൈല്‍ കമ്പനി ഇത് റദ്ദ് ചെയ്യുകയും നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്കാണ് ആ നമ്പര്‍ കമ്പനി നല്‍കിയത്. മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പര്‍ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരന്‍ നുഴഞ്ഞുകയറിയത്. ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിന്റെ സന്ദേശങ്ങള്‍ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകള്‍ നടത്തിയ ഇയാള്‍ക്ക് ഒ.ടി.പി നമ്പരും പണം പിന്‍വലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരില്‍തന്നെ വന്നിരുന്നത് തട്ടിപ്പിന്റെ വഴികള്‍ എളുപ്പമാക്കി. വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്തു

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ, നമ്പര്‍ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.