Sections

സംരംഭകരുടെ പരിശീലന കളരിയായി കുടുംബശ്രീ മാറി: മന്ത്രി എം. ബി രാജേഷ്

Friday, Mar 03, 2023
Reported By Admin
Kudumbashree

അടുത്ത സാമ്പത്തിക വർഷത്തോടെ 700 കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കുമെന്ന് മന്ത്രി


സംരംഭകരുടെ പരിശീലന കളരിയായി കുടുംബശ്രീ മാറിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ ഉത്പന്നങ്ങൾ ഒഎൻഡിസി ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 140 ഉത്പന്നങ്ങളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക. അടുത്ത സാമ്പത്തിക വർഷത്തോടെ 700 ഓളം ഉത്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ നേതൃഗുണവും സംരംഭക ശേഷിയും ഉള്ള നിരവധി വനിതകളെ കുടുംബശ്രീ സൃഷ്ടിച്ചു. കുടുംബശ്രീ 25 വയസ്സ് പൂർത്തിയാക്കിയ കുടുംബശ്രീ സംരംഭക രംഗത്ത് വലിയ മാറ്റമുണ്ടാക്കി. ദാരിദ്ര്യ നിർമാർജനം എന്നതിൽ നിന്ന് വരുമാന വർധനവായിരിക്കണം കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം. വിദ്യാസമ്പന്നരായ യുവതികളെയും കുടുംബശ്രീയുടെ ഭാഗമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈനായി കുടുംബശ്രീ ഉത്പന്നം ഓർഡർ ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

രാജ്യത്തെ ഇ-കൊമേഴ്സ് വിപണന ശൃംഖലയെ കൂടുതൽ ഉപഭോക്താക്കൾക്കും, ഉല്പാദകർക്കും പ്രയോജനപ്രദമാകും വിധം ഇ-കൊമേഴ്സ് വിപണനത്തിന് ഉപഭോക്താക്കൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തി തുല്യമായ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) പ്ലാറ്റ്ഫോം കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ളത്. ഡിജിറ്റൽ വ്യാപാര മേഖലയുടെ നിലവിലുള്ള കേന്ദ്രീകൃത മാതൃകയിൽ നിന്നും പൊതുവ്യാപാര ശൃംഖലയിലേയ്ക്കുള്ള മാറ്റമാണ് ഒ.എൻ.ഡി.സി. പോർട്ടൽ കൊണ്ട് ലക്ഷ്യമിടുന്നത്. കുടുംബീ ഉല്പന്നങ്ങൾ ഒ.എൻ.ഡി.സി. പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുമ്പോൾ ഒ.എൻ.ഡി.സി. പ്ലാറ്റ്ഫോമിലുള്ള എല്ലാ ബെയർ ആപ്ലിക്കേഷനുകളിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങാം. ഉപഭോക്താവിന്റെ താൽപര്യമനുസരിച്ച് ഡെലിവറി സേവനദാതാവിന് തീരുമാനിച്ച് ഉല്പന്നങ്ങൾ വീട്ടുപടിക്കൽ ലഭ്യമാകും. കുടുംബശ്രീ ഒ.എൻ.ഡി.സി.യുടെ ഭാഗമാക്കുന്നതിന് പ്രൊഡക്ട് ഓൺബോർഡിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നത് ഒ.എൻ.ഡി.സി. നെറ്റ്വർക്ക് പങ്കാളി ആയുള്ള സെൽ മെട്രിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. ആദ്യഘട്ടത്തിൽ 140 ഉല്പന്നങ്ങളാണ് ഒ.എൻ.ഡി.സിയിൽ ലഭ്യമാക്കിയിട്ടുള്ളത്.

സംസ്ഥാന സർക്കാരിന്റെ 100 ദിനപദ്ധതിയുടെ ഭാഗമായി മസ്‌കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ചീഫ് സെക്രട്ടറി വി.പി ജോയി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഒ എൻ ഡി സി പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.